SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.01 PM IST

ഇന്റർനെറ്റിലെ മാതൃഭാഷ

photo

മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മഹത്തരമെന്ന് വിശേഷിക്കപ്പെടുന്ന ചക്രം, പണം, അച്ചടിയന്ത്രം, ആവിയന്ത്രം എന്നിവയുടെ നിരയിലേക്ക് ആധുനിക കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഇന്റർനെറ്റ്, ലോകത്തിന് ഒരുക്കിക്കൊടുത്തത് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും ആശയവിനിമയവും എളുപ്പമേറിയതും വൈവിദ്ധ്യമാർന്നതുമായി; അറിവിന്റെ അക്ഷയഖനി തുറന്നു നൽകി; വിനോദത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന തട്ടകങ്ങൾ ഒരുക്കി; ആർക്കും എഴുത്തുകാരനും കവിയും ഗായകനും ആകാനുള്ള വേദിയൊരുക്കി ഇങ്ങനെ പോകുന്നു അത്ഭുതങ്ങളുടെ ആ നീണ്ട നിര. പക്ഷേ, ഇന്റർനെറ്റിന്റെ ഭാഷ മുഖ്യമായും, ഇംഗ്ലീഷായത് ഈ സങ്കേതത്തിന്റെ സിദ്ധികൾ, പ്രത്യേകിച്ച് വിജ്ഞാനപരമായ ഉള്ളടക്കം പൂർണമായും നല്ലൊരു വിഭാഗം ജനങ്ങൾക്ക് അപ്രാപ്യമാക്കി. ഇന്റർനെറ്റിന്റെ ഭാഷാപരമായ പരിമിതി മറികടക്കാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി കഴിഞ്ഞ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'ഭാഷിണി'യെന്ന വലിയ പദ്ധതിക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് ഏറെ പ്രതീക്ഷ ഉണർത്തുന്നു.

ഇന്റർനെറ്റിൽ മാതൃഭാഷയെന്ന ഉദ്യമത്തിന്റെ നടത്തിപ്പ് സ്ഥാപനമായി അവതരിച്ചിട്ടുള്ള നാഷണൽ ലാംഗ്വേജ് ട്രാൻസിലേഷൻ മിഷൻ അതിന്റെ പ്രവൃത്തിപഥം വിശദമാക്കുന്ന ഒരു ധവളപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ അംഗീകരിക്കപ്പെട്ട 22 പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കം ഏറെ സമ്പന്നമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. കുറഞ്ഞ കാലയളവിൽ ലക്ഷ്യം സാക്ഷാത്കരിക്കാനായി മിഷൻ പ്രധാനമായും ആശ്രയിക്കുന്നത് നാലാം വ്യവസായ വിപ്ലവത്തിന്റെ സാങ്കേതികവിദ്യകളെയാണ്. അടിസ്ഥാനപരമായ ഒരു സങ്കേതം മെഷീൻ ട്രാൻസിലേഷനാണ്. കമ്പ്യൂട്ടേഷൻ ഭാഷാ ശാസ്ത്രത്തിന്റെ ഉപശാഖയായ ഈ വിദ്യയിലൂടെ ഒരു ഭാഷയിലുള്ള ടെക്സ്റ്റ്, സംഭാഷണം എന്നിവ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്യാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും അതിലൂടെ വിവർത്തനം നിർവഹിക്കുകയും ചെയ്യുന്നു.1950 കളിൽ രൂപംകൊണ്ട ഈ സാങ്കേതികവിദ്യക്ക് പരിഭാഷയുടെ കാര്യത്തിൽ ഏറെ സംഭാവന നൽകാൻ കഴിയുന്നുണ്ടെങ്കിലും വിവർത്തനത്തിലെ കൃത്യത, ഗുണമേന്മ എന്നിവയിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ പരിമിതി മറികടക്കുന്നതിനായാണ് 'ഭാഷിണി'യിൽ മെഷീൻ ട്രാൻസിലേഷനോടൊപ്പം നിർമ്മിത ബുദ്ധിയുടെ ഉപശാഖയായ, ഡീപ്പ് ലേണിംഗ് എന്ന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ വഴിയുള്ള തർജ്ജമയിൽ സംഭവിക്കാവുന്ന തെറ്റുകൾ കണ്ടെത്താനും കൃത്യതയാർന്ന പരിഭാഷ ഉറപ്പാക്കാനുമുള്ള ശ്രമമാണിത്.

'ഭാഷിണി'ക്ക് തുടക്കം കുറിച്ചിരിക്കുന്ന സന്ദർഭത്തിൽ മലയാളികളുടെ മാതൃഭാഷ, ഇന്റർനെറ്റിന്റെ ഉള്ളടക്കത്തിൽ വലിയ സാന്നിദ്ധ്യമായിത്തീരാനുള്ള കേരളത്തിന്റെ ആലോചനകൾക്കും പ്രസക്തിയുണ്ട്. ഈ പദ്ധതിയുടെ ധവളപത്രം അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ മാതൃഭാഷയുമായി ബന്ധപ്പെട്ട ഭാഷാ മിഷനുകൾ രൂപീകരിക്കണമെന്നും, അവർ സ്വന്തം ഭാഷയിൽ ലഭ്യമായ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് നൽകണമെന്നും, ഈ മിഷനുകൾ സ്വന്തം നിലയിൽ ഉള്ളടക്കം സജ്ജമാക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വളരെ മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിനുള്ളത്. 13 വർഷം മുൻപ് തന്നെ,'എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം'എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മലയാളം മിഷൻ രൂപീകരിക്കാനും ഭാഷയുടെ പരിപോഷണത്തിനായി ഒട്ടേറെദൗത്യങ്ങൾ നിർവഹിക്കാനും കഴിഞ്ഞ സംസ്ഥാനമാണ് നമ്മുടേത്.' ഭാഷിണി' വന്നുചേർന്ന സാഹചര്യത്തിൽ ഇന്റർനെറ്റിലെ ലഭ്യമായ മലയാളം ഉള്ളടക്കങ്ങളുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിലും, അവ മെച്ചപ്പെടുത്തുന്നതിലും, പുത്തൻ ഉള്ളടക്കങ്ങൾ വികസിപ്പിച്ചെടുക്കുന്നതടക്കമുള്ള യജ്ഞങ്ങൾക്ക് മലയാളം മിഷന് കാര്യമായ സംഭാവനകൾ ചെയ്യാനാകും

സ്വന്തമായി ഇന്റർനെറ്റ് ഉള്ള നാടാണ് നമ്മുടേത്. കെ - ഫോൺ എന്ന സംവിധാനം വഴി സംസ്ഥാനത്തെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ദൗത്യത്തിലാണ് കേരളം. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിലെ, മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളുടെ, സാന്നിദ്ധ്യം കൂടുതൽ സമ്പന്നമാക്കാൻ വന്നുചേർന്നിട്ടുള്ള 'ഭാഷിണി'യുമായി യോജിച്ചു പ്രവർത്തിക്കാനുള്ള സാദ്ധ്യതകൾ കെ - ഫോൺ സംരംഭത്തിന് ആരായാവുന്നതാണ്. ഇപ്രകാരം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താൻ ഉതകാവുന്ന ഒരു മാർഗമായി കൂടി 'ഭാഷിണി'യെ വീക്ഷിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHASHINI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.