SignIn
Kerala Kaumudi Online
Thursday, 25 April 2024 6.56 PM IST

ക‌ർമ്മവും വിധിയും, ചരിത്രം കഥാപാത്രങ്ങളാകുന്ന 'തീർപ്പ്',റിവ്യൂ

theerppu

ചരിത്രത്തിന്റെ ആവർത്തനമെന്ന് രണ്ട് വാക്കുകളിൽ ഇന്ന് പുറത്തിറങ്ങിയ 'തീർപ്പ്' എന്ന ചിത്രത്തെ അടയാളപ്പെടുത്താം. ലോകചരിത്രത്തിൽ പേര് കൊത്തിവയ്ക്കപ്പെട്ട വ്യക്തികൾ ഇന്നിന്റെ മനുഷ്യരിലൂടെ സിനിമയിൽ കഥാപാത്രങ്ങളായി എത്തുന്ന 'തീർപ്പ്' മികച്ചൊരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. ഡാർക്ക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ മികച്ചൊരു അനുഭവം തന്നെയാകും പ്രേക്ഷകരിലേക്ക് എത്തിക്കുകയെങ്കിലും എല്ലാവർക്കും സിനിമ എളുപ്പത്തിൽ ദഹിക്കണമെന്നില്ല. മുരളി ഗോപിയുടെ എഴുത്തറിയാവുന്നവർ അതുതന്നെ പ്രതീക്ഷിച്ച് തിയേറ്ററുകളിൽ എത്തണം. കാരണം മുരളി ഗോപി- രതീഷ് അമ്പാട്ട് ഫ്ളേവർ തീർപ്പിലും പ്രത്യക്ഷമായി തന്നെ കാണാൻ സാധിക്കും.

അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം പ്രത്യേക സാഹചര്യത്തിൽ ഒന്നിക്കുന്ന നാല് സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് തീർപ്പിന്റെ ഇതിവൃത്തം. കഴിഞ്ഞകാലം വളരെയധികം വേദനിപ്പിച്ച, ദ്രോഹിപ്പിച്ച, തകർന്ന ഒരു മനുഷ്യനായുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം വളരെ മികവുറ്റതാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒന്നിൽക്കൂടുതൽ പാളികളുള്ളവരാണ്. ഒരു മനുഷ്യനിൽ തന്നെ മറ്റനേകം മനുഷ്യരെ പേറി ജീവിക്കുന്നവർ.

ചതിയും വഞ്ചനയും പ്രതികാരവും ക‌ർമഫലവുമെല്ലാം മനുഷ്യരെപ്പോലെ തന്നെ തീ‌ർപ്പിലെ കഥാപാത്രങ്ങളാണ്. വളരെയധികം ആഴമുള്ള സിനിമയാണ് തീർപ്പ്. ഉദ്വേഗജനകമായ രംഗങ്ങളോ ട്വിസ്റ്റുകളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ ശ്വാസമടക്കിപ്പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയും.

prithviraj

തന്റെ കർമ്മത്തിന്റെ ഫലം തനിക്ക് തന്നെ ലഭിക്കുമെന്ന സന്ദേശം ചിത്രത്തിലൂടനീളമുണ്ട്. പൃഥ്വിരാജിന് പുറമെ, വിജയ് ബാബുവും ചിത്രത്തിൽ സ്കോർ ചെയ്യുന്നുണ്ട്. വളരെ മികച്ച പ്രകടനമാണ് താരവും കാഴ്ചവച്ചിരിക്കുന്നത്. ചരിത്രപുസ്തകത്തിലേക്ക് ഒരെത്തിനോട്ടം തന്നെയാണ് സിനിമ. ഹിറ്റ്ലറെയും മുസോളിനിയെയും ജോസഫ് സ്റ്റാലിനെയും ഗാന്ധിയെയും ഡയാന രാജകുമാരിയെയും ഝാൻസി റാണിയെയുമെല്ലാം ചിത്രത്തിൽ കാണാം. പൃഥ്വിരാജിനും വിജയ് ബാബുവിനും പുറമെ സൈജു കുറുപ്പ്, ഇന്ദ്രജിത്ത് സുകുമാരൻ, ഇഷ തൽവാൽ, ഹന്ന റെജി കോശി എന്നിവരുടെ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് സിനിമ വലംവയ്ക്കുന്നത്. സിദ്ധിഖ്, ശ്രീകാന്ത് മുരളി, മാമുക്കോയ, ശ്രീലക്ഷ്മി, ഷാജു ശ്രീധർ എന്നിവരാണ് തീർപ്പിലെ മറ്റ് പ്രധാന താരങ്ങൾ.

'തീർപ്പ്' ഒരു റഫറൽ മൂവിയാണ്. മുസോളിനി, ഹിറ്റ്ലർ തുടങ്ങിയവരുടെ റെഫറൻസ് ചിത്രത്തിലുണ്ട്. കഥാപാത്രങ്ങൾ ഇവരായി മാറുകയാണോ എന്ന് തോന്നാം. നരസിംഹ റാവു, നരേന്ദ്ര മോദി, ചെഗുവേര, സാഫ്ദർ ഹാഷ്മി, എൻ ടി ആർ, കപിൽ ദേവ്, ധ്യാൻചന്ദ്, മുയമ്മർ ഗദ്ദാഫി, സദ്ദാം ഹുസൈൻ എന്നിവരെ ചിത്രം ഓർമ്മിപ്പിക്കുന്നു. ശിവസേനയും സിറിയൻ യുദ്ധവും, മനുഷ്യക്കടത്തും, ഇസ്ലാം വിരുദ്ധതയും, ബാബറി മസ്ജിദ് തകർക്കലും അയോദ്ധ്യയുമെല്ലാം ചിത്രം പറഞ്ഞുവയ്ക്കുന്നു. കഥാപാത്രത്തിന്റെ പേരുകൾ പോലും ഓരോ സൂചനകളും ചരിത്രത്തിലേക്കുള്ള റഫറൻസുമാണ്.

vijay-babu

ഒരൊറ്റ ലോക്കേഷനിലാണ് 'തീ‌ർപ്പ്' മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് എടുത്തുപറയേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച എത്രത്തോളമാണ് എന്നത് സിനിമ കാണിച്ചുതരുന്നു. സിനിമയുടെ സംഗീതവും കളർ ഗ്രേഡിംഗുമെല്ലാം തീർപ്പിന് മികച്ചൊരു ത്രില്ലർ മൂഡ് നൽകുന്നുണ്ട്. ബാക്ക് ഗ്രൗണ്ട് സ്കോറും ടൈറ്റിൽ ട്രാക്കും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുമെന്ന് തീ‌ർച്ച. സിനിമയിലെ ചില ഡയലോഗുകൾ കൈയടി നേടുന്നുണ്ട്. ഇന്നിന്റെ രാഷ്ട്രീയത്തെയും മനുഷ്യരുടെ കാഴ്ചപ്പാടുകളെയും സിനിമ ചോദ്യം ചെയ്യുന്നു. പൊളിറ്റിക്കൽ കറക്‌ട്നെസ്, പൊളിറ്റിക്കലി റോംഗ് എന്ന പദങ്ങൾ തീർപ്പിന്റെ ആശയം വ്യക്തമാക്കുന്നതിൽ പങ്കുവഹിക്കുന്നു.

കമ്മാരസംഭവം, ഏഴു സുന്ദര രാത്രികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ഒന്നിക്കുന്ന സിനിമയാണ് 'തീർപ്പ്'. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുനിൽ കെ എസിന്റേതാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും പാട്ടിന് വരികളെഴുതിയതും സംഗീതവും മുരളി ഗോപിയുമാണ് നിർവഹിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിച്ചു. പൊളിറ്റിക്കൽ ത്രില്ലർ അല്ലെങ്കിലും രാഷ്ട്രീയവും ചരിത്രവും കോർത്തിണക്കിയ ചിത്രമാണ് 'തീർപ്പ്'. വിധികൽപ്പന അഥവാ തീർപ്പ് എന്ന വാക്കിന് സിനിമയിൽ ഏറെ അർത്ഥങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEERPPU, MOVIEW, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.