SignIn
Kerala Kaumudi Online
Thursday, 25 April 2024 5.28 AM IST

ശിഷ്യരുടെ ചാട്ടമാണ് , കോച്ച് ജോർജിന്റെ നേട്ടം

m-a-george

തിരുവനന്തപുരം : അന്താരാഷ്ട്ര മീറ്റുകളിൽ തന്റെ ശിഷ്യർ മെഡലുകൾ നേടുമ്പോൾ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലെ മുൻ ജമ്പിംഗ് കോച്ച് എം.എ ജോർജിന്റെ മനസുനിറയും. തന്റെയൊപ്പം പരിശീലനം നടത്തിയിരുന്നവർ കരിയറിൽ പുരോഗതിയിലേക്ക് എത്തുമ്പോൾ അതിൽ ചെറുതായെങ്കിലുമൊരു പങ്കുവഹിക്കാനായതിന്റെ സംതൃപ്തി ആ കോച്ചിന്റെ കണ്ണുകളിലുണ്ടാവും. ജോർജ് കോച്ചിന്റെ കൈകളിലൂടെ ചാടിപ്പോയി മെഡലണിഞ്ഞവരിലെ അവസാന കണ്ണിയാണ് ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾജമ്പിൽ വെള്ളിനേടിയ അബ്ദുള്ള അബൂബക്കർ.

1991 മുതൽ 2021വരെ മൂന്ന് പതിറ്റാണ്ട് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കോച്ചായിരുന്നു ജോർജ്.കേരളത്തിലെ വിവിധ സായ് സെന്ററുകളിലും ദേശീയ ക്യാമ്പിലുമൊക്കെയായി ചട്ടം പഠിപ്പിച്ചത് നിരവധി ചാട്ടക്കാരെ. അവരിൽ പലരും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ മെഡൽ നേടി. ജോർജിന്റെ അടുക്കലുണ്ടായിരുന്ന കാലയളവിൽ തങ്ങളുടെ പ്രകടനത്തിൽ നിർണായകമായ മാറ്റം വരുത്താൻ ജോർജിന്റെ പരിശീലനരീതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് താരങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നു.അതിനാൽതന്നെ ഇപ്പോഴും വലിയ ടൂർണമെന്റുകൾക്ക് മുമ്പും ശേഷവും അവർ ജോർജിന്റെ ഉപദേശങ്ങളും അനുഗ്രഹവും തേടാറുണ്ട്.

ഏഷ്യൻ ഗെയിംസിൽ സ്വർണമുൾപ്പടെ നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിയ ജോസഫ് .ജി എബ്രഹാമിൽ തുടങ്ങുന്നു ജോർജിന്റെ കൈകളിലൂടെ കടന്നുപോയ ശിഷ്യരുടെ നീണ്ടനിര.ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകളായ ശ്രീജിത്ത് ,നീന,അബൂബക്കർ, കോമൺവെൽത്ത് ഗെയിംസ് മെഡലിസ്റ്റുകളായ പ്രജുഷ എം.എ, അബ്ദുള്ള അബൂബക്കർ,ദേശീയ മെഡൽ ജേതാക്കളായ എൻ.വി ഷീന,ജിതിൻപോൾ,ഷിജി ജോൺ,ബിനീഷ് ജേക്കബ്,മുഹമ്മദ് അനീസ്,നിർമൽ സാബു,ബേസിൽ ജോർജ്,വി.സുരേഖ,ശിവ അൻപരശി,ജോയ്‌ലിൻമ്യൂറൽ ലോബോ,ഗീത എസ് തുടങ്ങിയവരുടെയൊക്കെ വളർച്ചയുടെ പടവുകളിൽ ജോർജിന്റെ സഹായഹസ്തമുണ്ടായിരുന്നു.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ എം.എ പ്രജുഷ ലോംഗ്ജമ്പിൽ വെള്ളിയും ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കാഡും നേടിയതാണ് ജോർജിന്റെ കരിയറിൽ ഇന്നും തിളങ്ങിനിൽക്കുന്ന നിമിഷം. ആ സമയത്ത് പ്രജുഷ മെഡൽ നേടുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ശിഷ്യയുടെ കഴിവിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെയടക്കം മുന്നിൽ വാചാലനാവാനും ജോർജ് ശ്രമിച്ചില്ല. മറ്റൊരു വനിതാതാരം പ്രതീക്ഷകളുടെ സമ്മർദ്ദത്തിലായപ്പോൾ അത്രയും അറിയപ്പെടാതിരുന്ന പ്രജുഷ തന്റെ മികച്ച പ്രകടനത്തിലേക്ക് ഉയർന്നത് ജോർജ് എന്ന കോച്ചിന്റെ മനശാസ്ത്രപരമായ സമീപനത്തിന്റെകൂടി വിജയമായിരുന്നു.

എം.എ ജോർജിന്റെ പ്രമുഖ ശിഷ്യരും അവരുടെ പ്രധാന കായിക നേട്ടങ്ങളും

1.ജോസഫ് ജി.എബ്രഹാം - 2010 ഏഷ്യൻ ഗെയിംസ് സ്വർണം

2.ശ്രീജിത്ത് പി.എസ് -2006 ഏഷ്യൻ ഗെയിംസ് വെള്ളി

3.ടി.അബൂബക്കർ -2006 ഏഷ്യൻ ഗെയിംസ് വെള്ളി

4.പ്രജുഷ എം.എ-2010 കോമൺവെൽത്ത് ഗെയിംസ് വെള്ളി

5.ജിതിൻ പോൾ -2016 സൗത്ത് ഏഷ്യൻ ഗെയിംസ് വെള്ളി

6.ഷീന എൻ.വി -2017 ഏഷ്യൻ അത്‌ലറ്റിക്സ് വെങ്കലം

7.നീന.വി - 2018 ഏഷ്യൻ ഗെയിംസ് വെള്ളി

8.അബ്ദുള്ള അബൂബക്കർ -2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി

പുരസ്കാരങ്ങളിൽ അവഗണന മാത്രം

ശിഷ്യരുടെ നേട്ടങ്ങളിൽ തന്റെ പകുതിപോലുമെത്താത്തവർക്ക് ദ്രോണാചാര്യ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ ലഭിച്ചപ്പോൾ എം.എ ജോർജിന് സംസ്ഥാന സർക്കാരിന്റെ ജി.വി രാജ പുരസ്കാരം പോലും ലഭിച്ചിട്ടില്ല. പലപ്പോഴും പുരസ്കാരനിർണയവേളകളിൽ സജീവമായി പരിഗണിക്കപ്പെട്ടിട്ടും ശുപാർശകളില്ലാത്തതിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു ഇദ്ദേഹത്തെ. താൻ തന്റെ ജോലിയോട് നീതി പുലർത്തിയിട്ടുണ്ട്. പല അവാർഡ് കമ്മറ്റിക്കാർക്കും അത്തരത്തിൽ പ്രവർത്തിക്കാനാവാത്തതിന് എന്തുചെയ്യാൻ പറ്റും എന്ന നിസംഗമായ മറുപടിയിൽ പുരസ്കാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ജോർജിന്റെ പതിവ്.

ഇപ്പോഴും സജീവം

സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചെങ്കിലും പരിശീലനരംഗത്ത് സജീവമാണ് ജോർജ്. കോതമംഗലത്തെ മാർ അത്തനേഷ്യസ് അത്‌ലറ്റിക്സ് അക്കാഡമിയിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ഇക്കഴിഞ്ഞ സ്റ്റേറ്റ് ഇന്റർ ക്ളബ് അത്‌ലറ്റിക്സിൽ ഓവറാൾ കിരീടം നേടിയത് മാർ അത്തനേഷ്യസ് അക്കാഡമി ആയിരുന്നു.

എന്റെ കരിയറിലെ നിർണായകഘട്ടത്തിലാണ് നാലുവർഷത്തോളം ജോർജ് സാറിന്റെ കീഴിൽ പരിശീലിച്ചത്. എന്റെ പ്രകടനം ഒരു മീറ്ററിലേറെ ദൂരം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇത്രയേറെ മെഡലിസ്റ്റുകൾക്ക് വഴിവിളക്കായിട്ടും അദ്ദേഹത്തിന് അർഹിക്കുന്ന ഒരു പുരസ്കാരവും ലഭിച്ചില്ല എന്നതിൽ സങ്കടമുണ്ട്.

- അബ്ദുള്ള അബൂബക്കർ, കോമൺവെത്ത് ഗെയിംസ്

ട്രിപ്പിൾ ജമ്പ് വെള്ളിമെഡൽ ജേതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, M A GEORGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.