SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 PM IST

കേരള നവോത്ഥാനത്തിലെ സമരതേജസ്സ്

ayyankali

അയ്യങ്കാളി ജയന്തി ഇന്ന്

...................................................

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മഹാത്മാ അയ്യങ്കാളിക്ക് സവിശേഷസ്ഥാനമുണ്ട്. അദ്ദേഹം ജനിച്ച് 159 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും കേരളത്തിന്റെ സാമൂഹികപരിസരത്ത് ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്. അയിത്തം, ഊഴിയംവേല പോലുള്ള നിർബന്ധിത അടിമപ്പണി, പൊതുവഴിയിലൂടെ നടക്കാനും വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് മാറുമറയ്ക്കാനും ഉള്ള അവകാശനിഷേധം എന്നിങ്ങനെ ജാതിമേൽക്കോയ്മയുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്ന ജനതയെ സാമൂഹികമായും സാംസ്‌കാരികമായും ഉണർത്തിയെടുത്ത് മനുഷ്യ പദവിയിലേക്ക് ഉയർത്താനുള്ള പ്രയോഗപദ്ധതികളാണ് അയ്യങ്കാളി നടത്തിയത്.
ജാതീയമായ നിരവധി വിവേചനങ്ങൾ നേരിട്ടുവളർന്ന അയ്യങ്കാളി 1893ൽ നടത്തിയ വില്ലുവണ്ടിസമരം കേരള നവോത്ഥാന ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടാണ്. പൊതുവഴി ഉപയോഗിക്കാനോ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ അവകാശമില്ലാതിരുന്ന ജനതയുടെ പ്രതിഷേധത്തിന്റെ ധീരോദാത്തമായ ഇടപെടലായി ആ സമരം. വെങ്ങാനൂരിലെ പൊതുവഴിയിലൂടെ പാഞ്ഞുപോയ ആ വില്ലുവണ്ടിയുടെ കുടമണി കിലുക്കത്തിൽ ജാതിക്കോട്ടകൾ നടുങ്ങിവിറച്ചു.
ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരം വിജയിപ്പിച്ച നേതാവുമായിരുന്നു അയ്യങ്കാളി. തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കിളിർപ്പിക്കുമെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. അതൊരു സമരാഹ്വാനമായിരുന്നു. ആരും പാടത്തോ പറമ്പിലോ പണിക്കിറങ്ങിയില്ല. ഒരു വർഷം നീണ്ടുനിന്ന ഈ സമരം അടിസ്ഥാനജനവിഭാഗങ്ങളുടെ വർഗ ഐക്യത്തിന്റെ സൂചകമാണ്.
1905ൽ വെങ്ങാനൂരിൽ അദ്ദേഹം ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചെങ്കിലും പ്രമാണിമാർ അത് അഗ്നിക്കിരയാക്കിയപ്പോൾ അതേസ്ഥലത്ത് വീണ്ടുമൊരു പള്ളിക്കൂടം സ്ഥാപിച്ച് നിലത്തെഴുത്ത് തുടങ്ങി. സർക്കാർ സ്‌കൂളുകളിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ കുട്ടികൾക്ക് പ്രവേശനം നൽകി 1907ൽ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രയോഗത്തിൽ വരുത്താൻ മാടമ്പിമാർ തയ്യാറായില്ല. 1910ൽ സർക്കാർ വീണ്ടും ഒരുത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിൽ ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമി എന്ന ദളിത് ബാലികയുടെ കൈപിടിച്ച് സ്‌കൂൾ പ്രവേശനത്തിനായി അയ്യങ്കാളി കയറിച്ചെന്നത് ചരിത്രമാണ്. ഈ സ്‌കൂളിന് 'മഹാത്മ അയ്യങ്കാളി പഞ്ചമി സ്മാരക യു.പി. സ്‌കൂൾ ' എന്ന് അടുത്തിടെ എൽ.ഡി.എഫ് സർക്കാർ പേരുമാറ്റിയിരുന്നു.
പെരിനാട് കലാപത്തെതുടർന്നുണ്ടായ കല്ലുമാല ബഹിഷ്‌കരണസമരം, 'സാധുജനപരിപാലിനി' എന്ന പ്രസിദ്ധീകരണം, ചാലിയത്തെരുവ് കലാപം എന്നിങ്ങനെ നവോത്ഥാന ചരിത്രത്തിൽ തന്റേതായ അദ്ധ്യായം രേഖപ്പെടുത്തി അദ്ദേഹം. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നീ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് 1912 മുതൽ അയ്യങ്കാളിയുടെ ശബ്ദം 28 വർഷം തിരുവിതാംകൂർ പ്രജാസഭയിൽ മുഴങ്ങി. അക്കാലത്ത് പ്രജാസഭ പ്രവർത്തിച്ച വി.ജെ.ടി. ഹാൾ, 'അയ്യങ്കാളി ഹാൾ' എന്ന് സർക്കാർ നാമകരണം ചെയ്തതും കാലത്തിന്റെ കാവ്യനീതിയാണ്. 1937ൽ ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചു. തന്റെ ജനങ്ങളുടെ ഇടയിൽ നിന്ന് പത്ത് ബി.എ.ക്കാരെയെങ്കിലും കണ്ടിട്ട് മരിക്കണമെന്നാണ് ആഗ്രഹമെന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞു.
ആ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കം കുറിച്ചത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരും പിന്നീടുവന്ന എൽ.ഡി.എഫ് സർക്കാരുകളുമാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കി പട്ടികവിഭാഗ പിന്നാക്ക ജനതയെ എൽ.ഡി.എഫ്. സർക്കാർ ചേർത്ത് പിടിക്കുകയാണ്. ഇതിനു പുറമേ ഓരോ കുടുംബങ്ങളിലേയും പ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയും നടപ്പാക്കുകയാണ്. ഇതുവഴി കേരളത്തിലെ എല്ലാ പട്ടികവിഭാഗം ജനങ്ങളുടേയും സമഗ്ര പുരോഗതിയാണ് സർക്കാർ സാധ്യമാക്കുന്നത്.
അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു എന്നിവരെപ്പോലെ ദീർഘവീക്ഷണമുള്ള മഹാരഥന്മാർ നടന്ന വഴികൾ ഇന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നു. ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ഊർജ്ജം മുന്നോട്ടുള്ള യാത്രയിലും കൂടുതൽ പ്രകാശം വിതറും. ഈ അയ്യങ്കാളി ദിനത്തിന്റെ പ്രസക്തിയും അതുതന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYAN KALI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.