തിരുവനന്തപുരം: രാവിലെ 9.45. ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ. അപ്പോഴേക്കും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, എ.വിജയരാഘവൻ തുടങ്ങിയവർ സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന ഹാളിലെത്തി.
10ന് യോഗം ആരംഭിച്ചു. അല്പനേരം നിറുത്തിവച്ച് 11.10ന് പാർട്ടി ഓഫീസിലെ കാറിൽ എം.കെ.ജി സെന്ററിന് എതിർവശത്തെ ഫ്ലാറ്റിൽ കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രിയും സീതാറം യെച്ചൂരിയും എം.എ ബേബിയും പോയി. 11.25ന് തിരിച്ചെത്തി യോഗം തുടർന്നു.
1.05ന് എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചുള്ള ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തെത്തി. ശനിയാഴ്ച രാത്രി നടന്ന അവൈലബിൾ പി.ബി യോഗത്തിൽ എം.വി.ഗോവിന്ദന്റെ കാര്യത്തിൽ ധാരണയുണ്ടാക്കിയിരുന്നു. ഇന്നലെ മൂന്നുമണിക്കൂർ നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം ഉറപ്പിച്ചു.
'ഒന്നും ഒളിച്ചുവയ്ക്കില്ല'
സെക്രട്ടേറിയറ്റ് യോഗശേഷം ആദ്യം പുറത്തിറങ്ങിയത് ഇ.പി. ജയരാജൻ. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി: ''ഞങ്ങൾ തീരുമാനിച്ചാൽ അതൊന്നും ഒളിച്ചുവയ്ക്കില്ല, അപ്പോൾ നിങ്ങളോടു പറയും. സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ മാസ്റ്ററെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. തുടർചോദ്യങ്ങൾക്കുള്ള മറുപടി:
മന്ത്രിസഭയിൽ മാറ്റം ഉണ്ടാകുമോ?
-അത് തീരുമാനിക്കുമ്പോൾ പറയാം
മൊത്തത്തിൽ അഴിച്ചു പണി?
-പി.ബിയും സി.സിയുമൊക്കെ തീരുമാനിക്കേണ്ട കാര്യം
ഉടൻ ഉണ്ടാകുമോ?
-കാത്തിരിക്കൂ. എല്ലാം ഒറ്റയടിക്ക് വരണ്ട, പതുക്കെ പതുക്കെ..
ചർച്ച തുടങ്ങിയോ?
-നമ്മൾ എന്തെല്ലാം കാര്യം ചർച്ച ചെയ്തുവെന്നത് ആരോടും പറയാറില്ല. തീരുമാനമെടുത്താൽ അപ്പോൾ പറയും. ഒരു ബുദ്ധിമുട്ടുമില്ലാതെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും.
കോടിയേരിയെ കണ്ടശേഷം
എം.വി.ഗോവിന്ദന്റെ മറുപടി
പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച്?
-ആദ്യഘട്ടം മുതൽ പാർട്ടി ഏല്പിക്കുന്നചുമതലകൾക്കനുസരിച്ച് പ്രവർത്തിച്ചുവരികയാണ്. അതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയാകണമെന്ന തീരുമാനം വരുന്നത്. പരമാവധി എല്ലാവരേയും ചേർത്തുനിറുത്തി മുന്നോട്ടു പോകാനുള്ള സംഘടനാപരമായ നിലപാട് സ്വീകരിക്കും.
മന്ത്രിസ്ഥാനം ഒഴിയേണ്ടി വരില്ലേ?
-അതൊക്കെ പിന്നീട് ആലോചിച്ച് തീരുമാനിക്കും
മന്ത്രിസഭാ പുനഃസംഘടന?
- അതൊക്കെ പാർട്ടി പിന്നീട് തീരുമാനിക്കും