# വ്യാജരേഖകൾ നൽകിയ ട്രാവൽ ഏജന്റിനെ തിരയുന്നു
നെടുമ്പാശരി: വ്യാജ രേഖ നൽകി ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ച ശേഷം ഷാർജയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരിയിൽ പിടിയിലായ നാല് പേരും ബംഗ്ളാദേശികളാണെന്ന് സ്ഥിരീകരിച്ചു. നെടുമ്പാശേരി പൊലീസ് തുടർന്ന് പ്രതികളെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
ബംഗ്ളാദേശ് സ്വദേശികളായ സമീർ റോയി, റോയി അരു, റോയി അനികത്, നിമൈ ദാസ് എന്നിവരാണ് പിടിയിലായത്. ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ലുംബിനി, പശ്ചിമ ബംഗാളിലെ ഹുബ്ളി എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങളും വ്യാജരേഖകളും സംഘടിപ്പിച്ച് ഏജന്റ് മുഖേനയാണ് നാല് പേരും ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് ടിക്കറ്റ് എടുത്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
വ്യാജരേഖകൾ നൽകിയ ട്രാവൽ ഏജന്റിനെ പൊലീസ് തിരയുന്നുണ്ട്. വൻതുക നൽകിയാണ് പാസ്പോർട്ടും വിസയും സമ്പാദിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. സമീർ റോയി വ്യാജരേഖകൾ നൽകി പാസ്പോർട്ട് സമ്പാദിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് എമിഗ്രേഷൻ വിഭാഗം ഇയാളെത്തിയപ്പോൾ വിശദമായി പരിശോധിച്ചത്. തുടർന്നാണ് മറ്റ് മൂന്ന് പേർ കൂടി സംഘത്തിലുണ്ടെന്ന് വ്യക്തമായത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ആർ. രാജീവിന്റെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു. ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.