കൊച്ചി: സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ഉദയംപേരൂർ ശാഖയുടെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠന നിലവാരവും ഭൗതികസാഹചര്യങ്ങളും അച്ചടക്കവും കുറഞ്ഞ ഹിന്ദുക്കളുടെ വിദ്യാലയങ്ങളിൽ ഈ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കും. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാലയങ്ങളെപ്പോലെ സമ്പത്തിന്റെ പിന്തുണയോ അച്ചടക്കമോ പഠനസൗകര്യങ്ങളോ ഇവിടെയില്ല. കോടികളുടെ യു.ജി.സി ഗ്രാന്റ് ലഭിക്കുന്ന ഉയർന്ന യു.ജി.സി നാക് അക്രഡിറ്റേഷൻ ഇക്കുറി സംസ്ഥാനത്തെ ഒരു ഹിന്ദു കോളേജിന് പോലും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
വിഴിഞ്ഞം സമരം അന്യായം
നിർമ്മാണം തീരാറായ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ലത്തീൻ കത്തോലിക്കാ സമൂഹം നടത്തുന്ന സമരം തീർത്തും അന്യായമാണ്. സംഘടിത ശക്തികൊണ്ട് സർക്കാരിനെ വരച്ചവരയിൽ നിറുത്താമെന്ന ആത്മവിശ്വാസമാണ് സമരം നയിക്കുന്ന ലത്തീൻ പുരോഹിതർക്ക്. ഇവർക്ക് മുന്നിൽ സർക്കാർ മുട്ടുമുടക്കരുത്. മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡി നൽകണമെന്നത് മാത്രമാണ് ന്യായമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാം വെങ്കട്ടരാമനെ മാറ്റാൻ സർക്കാർ തുനിഞ്ഞതും മുസ്ളിം മതവിഭാഗത്തിലെ ഒരു ഭാഗം സംസ്ഥാനം മുഴുവൻ നടത്തിയ സമരത്തെ തുടർന്നാണ്. ഇത്തരം സമീപനം പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.