ചെറുപുഴ: ദുരന്ത നിവാരണ സേനയിലെ വൊളണ്ടിയർമാർക്കായി ചെറുപുഴ പഞ്ചായത്തിൽ പരിശീലനം നടത്തി. പഞ്ചായത്ത് ഹാളിൽ രണ്ട് ഘട്ടമായാണ് സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്. ആദ്യ ഘട്ട പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം അഗ്നി ശമന സേന ഓഫീസർ എ. രാമകൃഷ്ണൻ അഗ്നി സുരക്ഷ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ദുരന്ത നിവാരണ സേനാംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും എത്തിയ എൻ.എസ്.എസ് വൊളണ്ടയർമാർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദുരന്തസമയങ്ങളിൽ ജാഗ്രത കാട്ടേണ്ട വിഷയത്തിൽ വിജിലൻസ് എസ്.പി. പ്രിൻസ് അബ്രഹാം ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ. പ്രമോദ് കുമാർ, സ്ഥിരം സമിതി ചെയർമാൻ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.