ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ച് നോയിഡയിൽ സൂപ്പർടെക് കമ്പനി നിർമ്മിച്ച ഇരട്ട ടവർ ഒൻപത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു.
നോയിഡ സെക്ടർ 93 എ യിലെ അപെക്സ് (32 നില), സിയാൻ (29 നില) എന്ന ഇരട്ട ടവർ ഇന്നലെ ഉച്ചയ്ക്ക് 2.30യോടെയാണ് നിലം പൊത്തിയത്. 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് 9 സെക്കന്റുകൾ കൊണ്ടാണ് കെട്ടിട സമുച്ചയം തകർത്തത്.
ഇന്ത്യയിൽ പൊളിച്ച ഏറ്റവും വലിയ കെട്ടിട സമുച്ചയങ്ങളാണിവ.
100 മീറ്ററിന് മുകളിൽ പൊക്കമുള്ള ഇവയ്ക്ക് കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ടായിരുന്നു.
രണ്ടിലും കൂടി ആയിരത്തോളം അപ്പാർട്ട്മെന്റുകളായിരുന്നു. 55,000 ടൺ കെട്ടിടാവശിഷ്ടങ്ങൾ ബാക്കിയായി. ഇത് നീക്കാൻ 3 മാസം വേണ്ടിവരും.
പിന്നിൽ മരട് പൊളിക്കൽ സംഘം
കൊച്ചി മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് പൊളിച്ച മുംബയിലെ എഡിഫെസ് എൻജിനിയറിംഗിനും അവരുടെ പാർട്ണറായ ദക്ഷിണാഫ്രിക്കൻ കമ്പനി ജെറ്റ് ഡിമോളിഷനുമായിരുന്നു പൊളിക്കൽ ചുമതല.
ഇരട്ട കെട്ടിടത്തിലെ 9,000 സുഷിരങ്ങളിലായി 3,700 കിലോ സ്ഫോടക വസ്തുക്കൾ നിറച്ചാണ് നിയന്ത്രിത സ്ഫോടനം നടത്തിയത്. ഇതിനായി 20,000 സർക്യൂട്ടുകൾ തയ്യാറാക്കി. കെട്ടിടങ്ങൾ കുത്തനെ നിലം പതിക്കാനായി വാട്ടർഫോൾ ടെക്‌നിക്ക് ഉപയോഗിച്ചു.
പൊടിപടലം ഏൽക്കാതിരിക്കാൻ സമീപത്തെ കെട്ടിടങ്ങൾ തുണി ഉപയോഗിച്ച് മൂടി. 7,000 ത്തോളം സമീപ വാസികളെ ഒഴിപ്പിച്ചു. തെരുവ് നായ്ക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
9 വർഷം നീണ്ട നിയമയുദ്ധം
സൂപ്പർടെക്കിന്റെ എമറാൾഡ് കോർട്ട് പ്രൊജക്ടിന്റെ പദ്ധതിയായ ഇരട്ട കെട്ടിട സമുച്ചയത്തിന് നോയിഡ അതോറിറ്റി 2009ലും 2012ലും ആണ് അനുമതി നൽകിയത്. കമ്പനിയുടെ ആദ്യ പ്രൊജക്ടിലെ ഫ്ലാറ്റുടമകൾക്ക്
തുറസ്സായ സ്ഥലവും പൂന്തോട്ടവും വാഗ്ദാനം നൽകിയ പ്രദേശത്താണ് 39 നിലയുള്ള കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയത്. ഇതോടെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടി എമറാൾഡ് കോർട്ട് റസിഡന്റ്സ് അസോസിയേഷൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 2014 ഏപ്രിലിൽ ഇരട്ട ടവർ പൊളിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
500 കോടി നഷ്ടം
കെട്ടിട സമുച്ചയങ്ങൾ പൊളിച്ചതോടെ 500 കോടിയുടെ നഷ്ടമുണ്ടായതായി സൂപ്പർടെക് ലിമിറ്റഡിന്റെ ചെയർമാർ ആർ.കെ.അറോറ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |