തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ നാലാം ദിവസമായ ഇന്ന് ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഐ ടൈൽസ് പ്രദർശിപ്പിക്കും. ഐ ഫോൺ ഉപയോഗിച്ച് സ്ത്രീകൾ നിർമ്മിച്ച അഞ്ചുസിനിമകളാണ് തിരശീലയിലെത്തുന്നത്. വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹ്‌സെൻ മമൽബഫിന്റെ മേൽനോട്ടത്തിലാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലവണി നർത്തകരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോർറ്റഡ് മിറേഴ്സ്. സവിതാ സിംഗ് ചിത്രം മൽബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ, മധുമിതാ വേണുഗോപാലിന്റെ സ്‌പെയ്സസ്, കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ. എ.ആർ. റഹ്മാനാണ് ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത്. രാവിലെ 11.15ന് നിള തിയേറ്ററിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. യുക്രെയിൻ യുദ്ധക്കാഴ്ചകളും യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന ഭീതിയും പ്രമേയമാക്കിയ മാരിയുപോളിസ്, ട്രെഞ്ചസ് എന്നിവ ഉൾപ്പെടെ 57 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.