ഗുരുവായൂർ: വീട്ടിലെ അടുപ്പ് പുകയാൻ തെങ്ങിൽ കള്ളുചെത്ത് തൊഴിലാക്കിയ വനിതയ്ക്ക് കള്ളുചെത്ത് വ്യവസ്യായ തൊഴിലാളി ഫെഡറേഷന്റെ ആദരം. കണ്ണൂർ കൂത്തുപറമ്പ് കണ്ണവം സ്വദേശി ഷീജയെയാണ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചത്. ചെത്തുതൊഴിലാളിയായ ഭർത്താവ് ജയകുമാറിന് വാഹനാപകടത്തിൽ പരിക്കേറ്റപ്പോഴാണ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഷീജ തെങ്ങിൽ കയറിത്തുടങ്ങിയത്.
തെങ്ങിൽ നിന്ന് വീണ് സഹോദരൻ മരിച്ചതിന്റെ ഭയവും നാണവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജീവിതപ്രാരാബ്ദങ്ങൾക്ക് പരിഹാരം തേടിയപ്പോൾ മറ്റ് വഴികളൊന്നും തെളിഞ്ഞില്ല. ആദ്യമൊക്കെ തെങ്ങിന്റെ മുകളിലെത്തുമ്പോൾ ഛർദ്ദിക്കും. ആരെയെങ്കിലും കാണുമ്പോൾ മുകളിൽ മറഞ്ഞിരിക്കും. ഇപ്പോൾ എത്ര ഉയരത്തിലുള്ള തെങ്ങിലും ചെത്താൻ കയറുമെന്ന് ആത്മവിശ്വാസത്തോടെ ഷീജ പറയുന്നു.
അപകടത്തിന്റെ അവശതകൾ മറികടന്ന് ഭർത്താവും ഇപ്പോൾ ചെത്തിന് ഇറങ്ങുന്നുണ്ട്. കള്ള് ചെത്തിക്കഴിഞ്ഞുള്ള സമയം ഓട്ടോ ഓടിക്കണമെന്ന മോഹവും ഷീജയ്ക്കുണ്ട്. സ്കൂട്ടർ ഓടിക്കാനുള്ള ലൈസൻസായി. ഇനി ഓട്ടോയുടേതും എടുക്കണം. രണ്ട് മക്കളാണ് ഷീജ - ജയകുമാർ ദമ്പതികൾക്ക്. മകൻ വിഷ്ണു പ്ലസ് വണ്ണിലും മകൾ വിസ്മയ എട്ടാം ക്ലാസിലും പഠിക്കുന്നു. ഭർത്താവ് ജയകുമാറിനൊപ്പമാണ് ഷീജ സമ്മേളനത്തിനെത്തിയത്.
ആദ്യമായാണ് ഒരു സ്ത്രീക്ക് ചെത്തുതൊഴിലാളിയുടെ ലൈസൻസ് ലഭിക്കുന്നത്. ഇപ്പോൾ ദിവസേന ആറ് തെങ്ങ് ചെത്തുന്നുണ്ട്. പത്ത് വരെ ചെത്തിയിരുന്നു. ചെത്ത് തൊഴിലാളിക്കുള്ള ലൈസൻസ് സർക്കാർ നൽകിയത് ചേർത്തുനിറുത്തലായി മാത്രമേ അഭിമാനപൂർവം ഓർക്കാനാകൂ.
- ഷീജ.