തൃശൂർ: അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫീസറെ മർദ്ദിച്ച അസി. പ്രിസൺ ഓഫീസർ ജയിൽ വകുപ്പിന് സ്ഥിരംതലവേദന. ഇതിനു മുമ്പും ഇയാൾ മേൽഉദ്യോഗ്യസ്ഥർക്കെതിരെ തട്ടിക്കയറിയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രിസൺ ഓഫീസർ ടി.ഡി. അശോക് കുമാറിനെ അസി. പ്രിസൺ ഓഫീസർ രാജേഷ് മർദ്ദിച്ചത്.
അശോക് കുമാറിന്റെ മൂക്കിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. മർദ്ദനമേറ്റ അശോക് കുമാർ ശാന്തസ്വഭാവക്കാരണെന്ന് പറയുന്നു. സംഭവം നടന്നയുടൻ രാജേഷിനെ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് സസ്പെൻഡ് ചെയ്തിരുന്നു. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രിസൺ ഓഫീസർമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തി അശോക് കുമാറിനെ മർദ്ദിച്ചത്.
പത്ത് ദിവസം മുമ്പ് ജയിലിന്റെ ഗേറ്റിൽ വച്ച് മറ്റൊരു ജീവനക്കാരനുമായി തർക്കമുണ്ടായതിനെത്തുടർന്ന് ജയിൽ സൂപ്രണ്ട് വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് അതിസുരക്ഷാ ജയിലിലേക്ക് രാജേഷ് എത്തിയത്. അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ മറ്റുള്ളവരുമായി കലഹിക്കുന്നത് പതിവാണത്രെ. സെൻട്രൽ ജയിലിൽ വച്ച് ഉയർന്ന ഉദ്യോഗസ്ഥനായ ഗേറ്റ് കീപ്പറോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തതിനും ഇയാൾക്ക് താക്കീത് ലഭിച്ചിരുന്നു.
ജീവനക്കാരുടെ കുറവും പ്രശ്നം
ആറ് തടവുകാർക്ക് ഒരു ജീവനക്കാരൻ എന്ന അനുപാതം വേണമെന്നിരിക്കെ അതിസുരക്ഷാ ജയിലിൽ ഇപ്പോഴുള്ളത് 20 പേർ മാത്രം. എൻ.ഐ.എ തടവുകാർ, മാവോയിസ്റ്റുകൾ എന്നീ തടവുകാർക്ക് പുറമേ സംസ്ഥാനത്തെ ജയിലുകളിൽ പ്രശ്നം സൃഷ്ടിക്കുന്നവരെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നത്. പ്രിസൺ ഓഫീസറെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മർദ്ദിക്കാൻ ഇടവന്നതിനും കാരണം ജീവനക്കാരുടെ കുറവായിരുന്നു.
മൂന്നു ദിവസത്തെ അവധിക്കായിരുന്നു അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രാജേഷ് അപേക്ഷിച്ചത്. എന്നാൽ ജീവനക്കാരുടെ കുറവ് മൂലം ഒരു ദിവസത്തെ അവധിയാണ് നൽകിയത്. ഇതിൽ പ്രകോപിതനായാണ് പ്രിസൺ ഓഫീസർ അശോക് കുമാറിനെ ആക്രമിച്ചത്.