ദുബായ് : ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് പറപ്പിച്ച് ഇന്ത്യ. ഇന്നലെ ദുബായ്യിൽ പാകിസ്ഥാനെ 147 റൺസിൽ ഒതുക്കിയ ശേഷം ആദ്യ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ രണ്ട് പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ കീഴടക്കിയത്.
നാലുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും ചേർന്ന് 19.5 ഓവറിൽ 147റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു. 43 റൺസെടുത്ത മുഹമ്മദ് റിസ്വാനും 28 റൺസെടുത്ത ഇഫ്തിഖറിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.റിഷഭ് പന്തിനെ ഒഴിവാക്കി വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് കാത്തികിനെ ഇന്ത്യ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പാകിസ്ഥാനുവേണ്ടി ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ന്യൂബാളെടുത്ത ഭുവനേശ്വർ കുമാർ ആറ് റൺസ് മാത്രമാണ് ആദ്യ ഓവറിൽ നൽകിയത്. മൂന്നാംഓവറിൽ പാകിസ്ഥാന് ആദ്യ പ്രഹരം നൽകിയതും ഭുവിയാണ്. മികച്ച ഒരു ഷോർട്ട് ബാളിലൂടെ
പാക് ക്യാപ്ടൻ ബാബർ അസമിനെ(10) ഷോർട്ട് ഫൈൻ ലെഗ്ഗിൽ അർഷ്ദീപ് സിംഗിന്റെ കയ്യിലെത്തിക്കുകയായിരുന്നു ഭുവി.തുടർന്നിറങ്ങിയ ഫഖാർ സമാനും റിസ്വാനും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടുനീക്കി. ആദ്യ അഞ്ചോവറിൽ 30 റൺസ് മാത്രമായിരുന്നു പാകിസ്ഥാന്റെ സമ്പാദ്യം. ആറാം ഓവറിൽ ആവേഷ് ഖാൻ ഫഖാറിനെയും മടക്കിഅയച്ചു.10 റൺസെടുത്ത ഫഖാർ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിന് ക്യാച്ച് നൽകിയാണ് തിരിച്ചുനടന്നത്. ഇതോടെ പാകിസ്ഥാൻ 42/2 എന്ന നിലയിലായി. തുടർന്ന് ഇഫ്തിഖർ അഹമ്മദ് റിസ്വാന് കൂട്ടിനെത്തി. പത്തോവറിൽ 68/2 എന്ന നിലയിലായിരുന്ന പാകിസ്ഥാന് വേണ്ടി 12-ാം ഓവറിൽ ഇഫ്തിഖർ സിക്സ് പറത്തി. അടുത്ത പന്തിൽ ചഹൽ ഒരു റിട്ടേൺ ക്യാച്ച് കൈവിടുകയും ചെയ്തു. എന്നാൽ 13-ാം ഓവറിന്റെ ആദ്യ പന്തിൽതന്നെ ഹാർദിക് പാണ്ഡ്യ ഇഫ്തിഖറിന്റെ കളി അവസാനിപ്പിച്ചു. കാർത്തിക്കിനായിരുന്നു ക്യാച്ച്.
15-ാം ഓവറിൽ റിസ്വാനെയും ഖുദ്ഷിലിനെയും (2) പുറത്താക്കിയ പാണ്ഡ്യ പാകിസ്ഥാനെ 97/5 എന്ന നിലയിലാക്കി. 42 പന്തുകൾ നേരിട്ട റിസ്വാൻ നാലുഫോറും ഒരു സിക്സും പറത്തി ആവേഷ് ഖാന് ക്യാച്ച് നൽകി കൂടാരം കയറിയപ്പോൾ ഒരു പന്തിന് ശേഷം ഖുദ്ഷിൽ ജഡേജയ്ക്ക് പിടി കൊടുക്കുകയായിരുന്നു. 17-ാം ഓവറിൽ അവസാന സ്പെല്ലിനെത്തിയ ഭുവി ആസിഫ് അലിയെ (9)സൂര്യകുമാറിന്റെ കയ്യിലെത്തിച്ചു.18-ാം ഓവറിൽ അർഷ്ദീപ് നവാസിനെ(1)കാർത്തികിന്റെ കയ്യിലെത്തിച്ചപ്പോൾ അടുത്ത ഓവറിൽ ഭുവി ഷദാബിനെയും(10) നസീം ഷായെയും(0) പുറത്താക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിൽതന്നെ കെ.എൽ രാഹുൽ ഗോൾഡൻ ഡക്കാവുന്നത് കാണേണ്ടിവന്നു. അരങ്ങേറ്റക്കാരൻ നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കിയത്. തുടർന്നിറങ്ങിയ വിരാട് കൊഹ്ലി ആത്മവിശ്വാസത്തോടെ ബാറ്റുവീശിയെങ്കിലും രോഹിതിന് താളം കണ്ടെത്താനായില്ല. എട്ടാംഓവറിൽ ടീം 50ലെത്തിയപ്പോൾ രോഹിത് (12) കൂടാരം കയറി. പത്താം ഓവറിൽ മുഹമ്മദ് നവാസ് തന്നെ കൊഹ്ലിയെയും ഇഫ്തിഖറിന്റെ കയ്യിലെത്തിച്ച് ഇന്ത്യയെ 53/3 എന്ന നിലയിലാക്കി. തുടർന്ന് സൂര്യകുമാർ യാദവും (18) ജഡേജയും ചേർന്ന് പതിയെ മുന്നോട്ടുനയിച്ചു. 15-ാം ഓവറിൽ ടീം സ്കോർ 89ൽ നിൽക്കവേ സൂര്യയെ നസീം ഷാ പുറത്താക്കി. തുടർന്ന് ക്രീസിലൊരുമിച്ച ജഡേജയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ആത്മവിശ്വാസത്തോടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ ആദ്യ പന്തിൽ ജഡേജ പുറത്തായെങ്കിലും സിക്സറിലൂടെ ഹാർദിക് വിജയത്തിലെത്തിച്ചു.