ക്വാലാലംപൂർ : തിരക്കേറിയ ഹൈവേയിൽ മിലിട്ടറി ടാങ്കും ട്രക്കും സൃഷ്ടിച്ച ഗതാഗതക്കുരുക്കിന് ജനങ്ങളോട് ക്ഷമ ചോദിച്ച് മലേഷ്യൻ സൈന്യം. രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടത്തിയ ട്രയൽ റണ്ണുകളാണ് സൈന്യത്തിന് തലവേദനയായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യ സംഭവം. പിടി - 91 എം പെൻഡകർ ശ്രേണിയിലെ ഒരു സൈനിക ടാങ്ക് ക്വാലാലംപൂരിൽ പാർലമെന്റിന് സമീപത്തെ ഒരു ഹൈവേയിൽ വച്ച് എൻജിൻ പ്രശ്നങ്ങളെ തുടർന്ന് തകരാറിലാവുകയായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമായുള്ള റിഹേഴ്സൽ കഴിഞ്ഞ് വന്നതാണ് ടാങ്ക്. റോഡിന് നടുവിൽ ടാങ്ക് നിശ്ചലമായതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
റിക്കവറി വാഹനം എത്തിച്ചാണ് ടാങ്കിനെ സൈന്യം ഇവിടെ നിന്ന് നീക്കം ചെയ്തത്. ശനിയാഴ്ച ഇതേ ഹൈവേയിൽ സമാന സംഭവം വീണ്ടും ആവർത്തിച്ചു. സൈന്യത്തിന്റെ ഭീമൻ ട്രക്ക് ഇവിടുത്തെ നാഷണൽ മ്യൂസിയത്തിന് സമീപത്തെ റോഡിന് നടുവിൽ ബ്രേക്ക്‌ഡൗണായി. മെക്കാനിക്കുകളുടെ ടീമെത്തി വാഹനം അറ്റക്കുറ്റപ്പണികൾ നടത്തി മാറ്റുകയായിരുന്നു.
സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പലരും വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തിയതോടെയാണ് സൈന്യം ക്ഷമാപണം നടത്തിയത്. ബുധനാഴ്ചയാണ് മലേഷ്യയുടെ സ്വാതന്ത്ര്യദിനം.