SignIn
Kerala Kaumudi Online
Thursday, 25 April 2024 12.07 PM IST

പ്രവചനം മറികടന്ന് അതിതീവ്രമഴ, വെള്ളപ്പൊക്കം.

road

കോട്ടയം. കാലാവസ്ഥാ വിഭാഗം കോട്ടയത്ത് സെപ്തംബർ ഒന്നുവരെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ജില്ലയിൽ പല സ്ഥലങ്ങളിലും ഇന്നലെ പുലർച്ചെയുണ്ടായത് മേഘവിസ്ഫോടനം മൂലമുള്ള തോരാമഴയും ഇടിമിന്നലും കാറ്റുമാണ്. പതിവ് തെറ്റിച്ച് പാമ്പാടി, വെള്ളൂർ, പറമറ്റം, കറുകച്ചാൽ, തോട്ടക്കാട്, നെടുങ്കുന്നം, കങ്ങഴ, ചമ്പക്കര, കുറ്റിക്കൽ, പ്രായിപ്പൽ, ഇലകൊടിഞ്ഞി പ്രദേശങ്ങളിൽ ചെറുതോടുകൾ നിറഞ്ഞ് വെള്ളം വീടുകളിലും റോഡുകളിലും ഇരച്ചുകയറി. ഉച്ച കഴിഞ്ഞ് വെള്ളം ഇറങ്ങുംവരെ ഗതാഗതവും സ്തംഭിച്ചു.

ശരാശരി 64.37 മില്ലിമീറ്റർ മഴ പെയ്യുന്ന സ്ഥാനത്ത് ഇന്നലെ രാവിലെ എട്ടര വരെ 450.6 മില്ലിമീറ്റർ മഴയാണ് പെയ്തത്. പാമ്പാടിയിൽ മാത്രം 117.4 മില്ലിമീറ്റർ പെയ്തു. കാഞ്ഞിരപ്പള്ളിയിൽ 94ഉം കോഴയിൽ 68.2 മില്ലിമീറ്ററും കോട്ടയത്ത് 46.6 മില്ലിമീറ്ററും ഈരാറ്റുപേട്ട, തീക്കോയി, മുണ്ടക്കയം ഭാഗങ്ങളിൽ 37 മുതൽ 44 മില്ലിമീറ്റർ വരെയും മഴ പെയ്തു. പാമ്പാടിയിൽ ആദ്യമായാണ് നൂറ് മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തത്. മണിക്കൂറുകളോളം കെ.കെ.റോഡും ഇട റോഡുകളും വെള്ളത്തിലായി. ഇത്രയും വെള്ളം കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് മേഘവിസ്ഫോടനമായാണ് വിലയിരുത്തപ്പെടുന്നത്.

മണിക്കൂറുകൾ മാത്രം നീണ്ട അതിതീവ്ര മഴയിൽ വെള്ളം പൊങ്ങി പെട്ടെന്ന് ഇറങ്ങിയതല്ലാതെ കാര്യമായ നാശനഷ്ടമുണ്ടായില്ല. നെടുംകുന്നത്ത് എട്ട് കുടുംബങ്ങളെയും കറുകച്ചാലിൽ ഒരു കുടുംബത്തെയും മാറ്റി പാർപ്പിച്ചു. 31 പേർ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. പ്രായാധിക്യമുള്ള രണ്ടു പേരെ ഇടയരിക്കപ്പുഴ പി.എച്ച് സെന്ററിലേക്ക് മാറ്റി.

അഞ്ചു ദിവസം അതിശക്തമഴ.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ചു ദിവസം കോട്ടയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204. 4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാപ്രദേശങ്ങൾ എന്നിവി‌ടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങരുത്. നദികൾ മുറിച്ചു കടക്കരുത്. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരവും ഒഴിവാക്കണമെന്ന് കളക്ടർ നിർദേശിച്ചു.

കിഴക്കൻ മേഖലയിൽ മിന്നൽ പ്രളയം.

ഇന്നലെ നേരം പുലർന്നത്, കലങ്ങി മറിഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിലേയ്ക്കാണ്. ഞായറാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച മഴയിൽ ജില്ലയുടെ മലയോര മേഖല വെള്ളത്തിലായി. ഞായറാഴ്ച രാത്രി 10 ഓടെ തുടങ്ങിയ മഴ ഇന്നലെ പുലർച്ചെയോടെ ശമിച്ചെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും പെയ്തു. തോടുകൾ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തുള്ള റോഡിലും പുരയിടങ്ങളിലും വെള്ളം കയറി. കറുകച്ചാൽ, പാമ്പാടി, നെടുംകുന്നം, അയർക്കുന്നം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളെയാണ് കൂടുതലായി ബാധിച്ചത്. പ്രളയകാലത്തിന് സമാനമായിരുന്നു പലയിടങ്ങളിലെയും സ്ഥിതി. പല റോഡുകളിലും അരയാൾപ്പൊക്കം വെള്ളം ഉയർന്നു. പാമ്പാടി, ചങ്ങനാശേരി അഗ്‌നിശമനസേനയുടെ നേതൃത്വത്തിലുള്ള സ്‌കൂബാ ടീം എത്തി വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

തോട്ടയ്ക്കാട്ട് അസാധാരണ വെള്ളപ്പൊക്കം.

കറുകച്ചാൽ- കോട്ടയം റോഡിലെ തോട്ടയ്ക്കാട് കവല ഇതുവരെ കാണാത്ത വിധം വെള്ളത്തിലായി. കൊടൂരാറ്റിലേക്ക് ചെന്നു ചേരുന്ന അറുപറ, ചെമ്പിത്താനം തോടുകൾ കരകവിഞ്ഞാണ് കവലയിലും സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറിയത്. രാവിലെ 7.30ഒാടെ വെള്ളം ഇരച്ചെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. തോട്ടയ്ക്കാട് - ചങ്ങനാശേരി റോഡിലൂടെ കോട്ടയത്തേക്കുള്ള യാത്രാമാർഗം അടഞ്ഞു. വാകത്താനം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ഈ പ്രദേശത്ത് 21ഓളം വീടുകളിൽ ഭാഗികമായി വെള്ളം കയറി. ചെമ്പിത്താനം പാലത്തിന് സമീപമുള്ള രാജു, രവി, സൈമൺ എന്നിവരുടെ വീടുകൾ പൂർണമായി വെള്ളത്തിലായി. കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ശക്തമായ ഒഴുക്കിൽ പല വീടിന്റെയും മതിലുകൾ ഇടിഞ്ഞുവീണു. 1970ന് ശേഷം ഇപ്പോഴാണ് തോട്ടയ്ക്കാട് കവലയിൽ ഇത്രയധികം വെള്ളം കയറുന്നതെന്ന് പ്രദേശവാസിയായ സുരേഷ് കുമാർ പറഞ്ഞു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെള്ളം ഇറങ്ങിയതും ഗതാഗതം സാധാരണ നിലയിലായതും.

പാമ്പാടിയിലും നാശം വിതച്ച് പേമാരി.

പാമ്പാടി മേഖലയിൽ സൗത്ത് പാമ്പാടി, വത്തിക്കാൻ, കുറ്റിക്കൽ, മാന്തുരുത്തി, ചെറുവള്ളിക്കാവ് അമ്പലത്തിന് സമീപം, ഓർവയൽ, ചേന്നംപള്ളി, കാളചന്ത, പാമ്പാടി പെട്രോൾ പമ്പിന് സമീപം, 12-ാം മൈൽ, മാന്തുരുത്തി, മീനടം മോസ്‌കോ, കുന്നേൽപ്പാലം എന്നിവിടങ്ങളിൽ നിരവധി പുരയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മുക്കാംകുഴി തോട് കരകവിഞ്ഞതിനെ തുടർന്ന്, കുറ്റിക്കൽ, വത്തിക്കാൻ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. പുലർച്ചെ പലരും ഉറക്കത്തിലായിരുന്നതിനാൽ വെള്ളം കയറിക്കഴിഞ്ഞാണ് വിവരം അറിഞ്ഞത്. വ്യാപകമായി കൃഷിനാശവും ഉണ്ടായി. 12ാം മൈലിലും മാന്തുരുത്തിയിലും കടകളിൽ വെള്ളം കയറി. ചെറുവള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ബൈക്ക് വർക്ക് ഷോപ്പ്, സ്‌ക്രാപ്പ് ഷോപ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ കുറ്റിക്കൽ വത്തിക്കാൻ ഭാഗത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പാമ്പാടി കാളച്ചന്ത ഭാഗത്തെ വീടുകളിലും ഹോട്ടലുകളിലും മറ്റ് കടകളിലും വെള്ളം കയറി. മുൻ കാലങ്ങളിൽ വെള്ളം കയറിയിട്ടില്ലാത്ത ഉൾപ്രദേശങ്ങളിലാണ് ഇക്കുറി വെള്ളപ്പൊക്കമുണ്ടാതെന്ന് പ്രദേശവാസിയായ എബി ഐപ്പ് പറഞ്ഞു. പാമ്പാടിയിൽ ഇന്നലെ 117.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഇവിടെ ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്.

നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ, മണിമല

കറുകച്ചാൽ- പനയമ്പാല തോട് കരകവിഞ്ഞ് കറുകച്ചാൽ, നെടുമണ്ണി, കോവേലി പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. പുലർച്ചെ നെടുമണ്ണി പാലത്തിൽ വെള്ളം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇറങ്ങി. 2018 ലെ പ്രളയത്തിൽ പോലും ഈ മേഖലയിൽ വെള്ളം കയറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇടവെട്ടാൽ പ്രദേശവും വെള്ളത്തിലായി. നെടുംകുന്നം പഞ്ചായത്ത് ആറാം വാർഡിൽ നിലംപൊടിഞ്ഞ പുലിയളക്കൽ പ്രദേശത്തെ തലക്കുളം വക്കച്ചൻ, അനുഗ്രഹ ബിന്ദു, കണ്ണംചിറ ഷേർളി എന്നിവരുടെ വീടുകളുടെ മതിലുകൾ തകർന്നു. തൊട്ടിക്കൽ ഭാഗത്ത് ഒരു വീടിന്റെ സിറ്റൗട്ട് ഇടിഞ്ഞു. നെത്തല്ലൂർ പനയ്ക്കവയൽ 9 വീടുകൾ വെള്ളത്തിലായി. കൈടാച്ചിറ പാടത്തിന് സമീപത്തെ ജലനിധി കിണറിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സമീപത്തെ കപ്പ, വാഴ കൃഷികൾ നശിച്ചു. മാന്തുരുത്തിയിലെ കട്ടക്കളത്തിൽ വെള്ളം കയറി. 12-ാം മൈലിൽ സ്റ്റേഷനറി കടയുടമ വിനയന്റെ കട മുങ്ങുകയും സ്‌കൂട്ടർ ഒലിച്ചു പോവുകയും ചെയ്തു. നെടുമണ്ണിയിലാണ് കൂടുതൽ നാശം. തൊമ്മഞ്ചേരി ഭാഗത്തുള്ള തോടുകൾ കരകവിഞ്ഞ് വീടുകൾ വെള്ളത്തിലായി. മാന്തുരുത്തി ചമ്പക്കര ക്ഷേത്രം റോഡ്, സിമന്റ്കട, വെള്ളൂർ പൊന്നരികുളം അമ്പലം ഭാഗം, ചുങ്കപ്പാറ ടൗൺ, മൂന്നിലവ്, വാകക്കാട്, മണ്ണൂർ പാലം, കവണാർ ഫാക്ടറി, തോട്ടയ്ക്കാട് കവല എന്നിവിടങ്ങളും മുങ്ങി. നിരവധി സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. പുതുപ്പള്ളി പന്നിക്കോട്ട് പാലം, തോട്ടയ്ക്കാട് കവല, വാകത്താനം, പുതുപ്പള്ളി, കൈതയിൽ പാലം, നെത്തല്ലൂർ പനയ്ക്കവയൽ എന്നിവിടങ്ങളിൽ വെള്ളം കയറി. കറുകച്ചാൽ- മണിമല പാതയിൽ ഗതാഗതം തടസപ്പെട്ടു. പൊന്നടത്താംകുഴി അലക്‌സാണ്ടറുടെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു. കങ്ങഴ വില്ലേജ് പരിധിയിൽ കുറ്റിക്കൽ, പ്രായിപ്പള്ളി, കങ്ങഴ, ചെമ്പക്കര, ഇലക്കൊടിഞ്ഞി ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

മാടപ്പള്ളിയിലും കനത്ത മഴ

മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. 13-ാം വാർഡിലെ കൊഴുപ്പക്കളം ഭാഗം, 17-ാം വാർഡിലെ പെരുമ്പനച്ചി, മാടപ്പള്ളി ബ്ലോക്ക് റോഡ്, മുല്ലശേരി, ചേന്നാമറ്റം ഭാഗം, പൂവത്തോട്, മാടപ്പള്ളി ക്ഷേത്രത്തിന് സമീപം, തെങ്ങണ എന്നിവിടങ്ങളിലെ നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ മുങ്ങി.

അയർക്കുന്നത്തും മണർകാട്ടും വെള്ളം.

കോട്ടയം മണർകാട് പഞ്ചായത്തിലെ മാലം, മേത്താപറമ്പ്, നടയ്ക്കൽ ഭാഗം, തുരുത്തിപ്പടി, അരീപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. അയർക്കുന്നം പഞ്ചായത്തിലെ പൂതിരി, ആമയ്ക്കാട്ടുപടി, ഒരപ്പാനി, ചിറപ്പാലം, തുണ്ടിപ്പടി, അമയന്നൂർ, ഒറവയ്ക്കൽ പാറപ്പുറം റോഡ് തുടങ്ങിയിടങ്ങളും വെള്ളക്കെട്ടിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.