SignIn
Kerala Kaumudi Online
Friday, 19 April 2024 4.54 PM IST

സുന്ദര 'പാണ്ഡ്യ 'പൂരം

hardik-pandya

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അത്യുജ്ജ്വലവിജയമൊരുക്കി ഹാർദിക് പാണ്ഡ്യയുടെ ആൾറൗണ്ട് പ്രകടനം

2018ൽ പരിക്കേറ്റ് സ്ട്രെച്ചറിൽ മടങ്ങിയ വേദിയിൽ മാൻ ഒഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങി ഹാർദിക്

കഴിഞ്ഞ രാത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ ആൾറൗണ്ട് പ്രകടനത്തിലൂടെ മാൻ ഒഫ് ദ മാച്ച് പുരസകാരം ഏറ്റുവാ്ുമ്പോൾ ഹാർദിക് പാണ്ഡ്യയുടെ മനസിലൂടെ നാലുവർഷം മുമ്പ് ഇതേ ടൂർണമെന്റിൽ,ഇതേ വേദിയിൽ,ഇതേ എതിരാളികളുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ് സ്ട്രച്ചറിൽ മടങ്ങേണ്ടിവന്ന ഓർമ്മകൾ ഓടിയെത്തിയിട്ടുണ്ടാവാം. കരിയറിൽ പലപ്പോഴും ഇടങ്കോലിട്ടിരുന്ന പരിക്കുകളെ അതിജീവിച്ച ഹാർദിക്കിന്റെ ഗംഭീര തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് നാലോവറിൽ മൂന്ന് വിക്കറ്റുകളും 17 പന്തുകളിൽ പുറത്താകാതെ 33 റൺസും നേടിയ പാകിസ്ഥാനെതിരായ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിലെ അടിപൊളി പ്രകടനം.

കപിൽദേവിനോളം പോരുന്ന പേസ് ബൗളിംഗ് ആൾറൗണ്ടർ പരിവേഷവുമായി 2016ൽ ഇന്ത്യൻ ടിമിലേക്കെത്തിയ ഹാർദിക്കിന് ഏറ്റവും വലിയ വെല്ലുവിളിയായത് പരിക്കുകളാണ്.ഒരു വേള ബൗളിംഗിൽ നിന്ന് പൂർണമായി മാറിനിൽക്കേണ്ടിവന്ന ഹാർദിക്കിന് ടീമിലെ സ്ഥാനവും ഉറപ്പിക്കാനായില്ല. കഴിഞ്ഞ വർഷത്തെ ട്വന്റി-20 ലോകകപ്പിൽ ബാറ്റുകൊണ്ടും ബാളുകൊണ്ടും തിളങ്ങാൻ കഴിയാതിരുന്ന താരത്തിന് ലോകകപ്പിന് ശേഷം നടന്ന ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ ടീമിൽ ഇടം പോലും ലഭിച്ചിരുന്നില്ല.

ആ അവസ്ഥയിൽ നിന്നാണ് ഹാർദിക്കിന്റെ ഇപ്പോഴത്തെ തിരിച്ചുവരവ്. ഫിറ്റ്നസ് പൂർണമായും തിരിച്ചുപിടിക്കാനുള്ള കഠിനമായ പരിശ്രമമാണ് അതിന് വഴിയൊരുക്കിയത്. ബൗളിംഗിൽ കൂടി മികവ് പ്രകടിപ്പിച്ചാലേ ടീമിന് തന്നെക്കൊണ്ട് പ്രയോജനവും തനിക്ക് ടീമിൽ ഇടവും ലഭിക്കൂവെന്ന് തിരിച്ചറിഞ്ഞ ഹാർദിക് ബൗളിംഗ് ഫിറ്റ്നസ് നേടാൻ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റിഹാബിലിറ്റേഷന് വിധേയനായി. ഈ വർഷമാദ്യം നടന്ന ഐ.പി.എല്ലിൽ പുതിയ ടീം ഗുജറാത്ത് ടൈറ്റാൻസിനെ ആദ്യ സീസണിൽതന്നെ കിരീടത്തിലേക്ക് നയിച്ചാണ് ഹാർദിക് വരവറിയിച്ചത്. ആൾറൗണ്ടർ എന്ന റോളിനോട് പൂർണമായും നീതിപുലർത്തുന്നതായിരുന്നു ഐ.പി.എല്ലിൽ ഹാർദിക്കിന്റെ പ്രകടനം.പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിനെതിരായ ഫൈനലിൽ. സഞ്ജുവിന്റെ ടീമിനെതിരെ നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും 30 പന്തുകളിൽ 34 റൺസും നേടിയാണ് ഹാർദിക് ടൈറ്റാൻസിനെ കിരീടാവകാശികളാക്കിയത്.

തുടർന്ന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ താരം അവിടെയും മോശമാക്കിയില്ല.ഈ വർഷം ഇതുവരെ 13 ട്വന്റി-20കളിലായി 28 ഓവറുകൾ എറിഞ്ഞ ഹാർദിക് എട്ടുവിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു.ജൂണിൽ അയർലാൻഡിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിൽഇന്ത്യയെ നയിച്ചത് ഹാർദിക്കായിരുന്നു. ജൂലായ്‌യിൽ ഇംഗ്ളണ്ടിനെതിരെ സതാംപ്ടണിൽ നടന്ന മത്സരത്തിൽ കരിയറിലെ ആദ്യ ട്വന്റി-20 അർദ്ധസെഞ്ച്വറിയും (33 പന്തുകളിൽ 51 റൺസ്) നാലുവിക്കറ്റുകളും വീഴ്ത്തി വിജയശിൽപ്പിയായി. അന്താരാഷ്ട്ര ട്വന്റി-20 യിൽ ഒരു മത്സരത്തിൽ നാലുവിക്കറ്റുകളും അർദ്ധസെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക് പാണ്ഡ്യ.

ഏഷ്യാകപ്പിൽമാത്രമല്ല ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ കിരീടപ്രതീക്ഷകൾ ഹാർദിക്കിലാണ്. ആസ്ട്രേലിയൻ മണ്ണിൽ പ്ളേയിംഗ് ഇലവനിൽ അധികമായൊരു പേസറെയോ ബാറ്റ്സ്മാനെയോ ഉൾപ്പെടുത്താൻ ഹാർദിക്കിന്റെ ആൾറൗണ്ട് സാന്നിദ്ധ്യം ടീം മാനേജ്മെന്റിന് ആത്മവിശ്വാസം പകരും. ജഡേജ-ഹാർദിക് ആൾറൗണ്ട് കൂട്ടുകെട്ട് മദ്ധ്യനിര ബാറ്റിംഗിലും മദ്ധ്യ ഓവറുകളിലെ ബൗളിംഗിലും ഇന്ത്യയ്ക്ക് കരുത്താകും.

പാകിസ്ഥാന് പാണ്ഡ്യ കൊടുത്ത പണി

രണ്ട് വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാനെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച റിസ്‌വാനും (43) ഇഫ്തിഖർ അഹമ്മദും (28) ചേർന്ന് രക്ഷപെടുത്തിക്കൊണ്ട് വരവേയാണ് 13-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ ഇഫ്തിഖറിനെ കാർത്തികിന്റെ കയ്യിലെത്തിക്കുന്നത്.

15-ാം ഓവറിന്റെ ആദ്യ പന്തിൽ റിസ്‌വാനെയും മൂന്നാം പന്തിൽ ഖുഷ്ദിൽ ഷായെയും(2) കൂടി ഹാർദിക് പുറത്താക്കിയതോടെ പാകിസ്ഥാൻ 96/3ൽ നിന്ന് 97/5ലെത്തി. അവസാന ഓവറുകളിൽ പാകിസ്ഥാന് റൺറേറ്റ് ഉയർത്താൻ സാധിക്കാതെ പോയത് ഈ ഇരട്ട പ്രഹരം കാരണമാണ്.

ഇന്ത്യൻ ബാറ്റിംഗിൽ 15-ാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായപ്പോഴാണ് ആറാമനായി പാണ്ഡ്യ ബാറ്റിംഗിന് ഇറങ്ങുന്നത്. അപ്പോൾ ജയിക്കാൻ 34 പന്തുകളിൽ 59 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. ജഡേജയ്ക്കൊപ്പം പോരാട്ടം തുടങ്ങിയ പാണ്ഡ്യ 29 പന്തുകളിൽ 52 റൺസിന്റെ പാർട്ണർഷിപ്പിൽ പങ്കാളിയായി.

19-ാം ഓവറിൽ ഹാർദിക് മൂന്ന് ബൗണ്ടറികൾ പറത്തിയതോടെ അവസാന ഓവറിൽ ഇന്ത്യയു‌ടെ വിജയലക്ഷ്യം ഏഴ് റൺസ് മാത്രമായി. ലാസ്റ്റ് ഓവറിന്റെ ഫസ്റ്റ് ബാളിൽ ജഡേജ പുറത്തായെങ്കിലും നാലാം പന്ത് സിക്സിന് പറത്തി വിജയറൺസ് നേടിയതും ഹാർദിക്കാണ്. ആകെ നാലുഫോറും ഒരു സിക്സുമാണ് ഹാർദിക് പായിച്ചത്.

2018 ൽ ഇതേ ഗ്രൗണ്ടിൽ നിന്ന് സ്ട്രെച്ചറിൽ പോകേണ്ടിവന്നതുമുതലുള്ള ഓരോ നിമിഷവും എന്റെ മനസിലുണ്ട്. അതേവേദിയിൽ ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞപ്പോൾ ജീവിതത്തിൽ ഞാൻ എന്തോ നേടി എന്നാെരു തോന്നലാണ്. തിരിച്ചടികളെക്കാൾ പ്രധാനമാണ് തിരിച്ചുവരവ്

- ഹാർദിക് പാണ്ഡ്യ

പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയതുമുതൽ ടീമിൽ തന്റെ റോൾ എന്താണെന്ന് കൃത്യമായി ഹാർദിക്കിന് ബോധ്യമുണ്ടായിരുന്നു. ബൗളിംഗിൽ പഴയതിനേക്കാൾ വേഗവും ബാറ്റിംഗിൽ സ്ഥിരതയും പുലർത്താൻ അവന് കഴിയുന്നുണ്ട്. മാത്രവുമല്ല ഇപ്പോൾ ഹാർദിക് കൂടുതൽ ശാന്തനും ആത്മവിശ്വാസമുള്ളവനുമാണ്.

- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HARDIK PANDYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.