SignIn
Kerala Kaumudi Online
Thursday, 25 April 2024 8.24 PM IST

ഇത്രയ്ക്ക് സങ്കുചിതത്വം പാടില്ല

amitshah

അതിഥി ദേവോ ഭവഃ എന്നാണ് കേട്ടിട്ടുള്ളത്. അതിഥികളെ അങ്ങേയറ്റം സ്നേഹാദരങ്ങളോടെ സ്വീകരിക്കുകയെന്നത് പൗരാണിക കാലം തൊട്ടേയുള്ള നാട്ടുനടപ്പുമാണ്. സെപ്തംബർ 4-ന് ആലപ്പുഴയിൽ നടക്കുന്ന നെഹ്റു ട്രോഫി ജലമേളയിൽ സംബന്ധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത് വലിയ തെറ്റായിപ്പോയെന്ന മട്ടിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്. അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദവി വഹിക്കുന്ന ആളാണെന്നും സംസ്ഥാന അതിഥിയായി എത്തുന്ന അദ്ദേഹത്തെ ഇവിടെ സംസ്ഥാന സർക്കാരിനുകൂടി പങ്കാളിത്തമുള്ള വലിയൊരു ജലമേള കാണാൻ ക്ഷണിക്കുന്നതിൽ അനൗചിത്യമൊന്നുമില്ലെന്നും മനസിലാക്കാനുള്ള വിവേചനബുദ്ധി നഷ്ടപ്പെട്ടതു പോലെയാണ് വിമർശകരുടെ പെരുമാറ്റമെന്നു ഖേദപൂർവം പറയട്ടെ. അമിത് ഷാ തിരുവനന്തപുരത്തു വരുന്നത് പ്രധാനമായും ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ്. സെപ്തംബർ മൂന്നിനാണ് പ്രസ്തുത യോഗം. അമിത് ഷാ മാത്രമല്ല ദക്ഷിണേന്ത്യയിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ മേഖലാ കൗൺസിൽ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. തൊട്ടടുത്ത ദിവസമാണ് - അതായത് സെപ്തംബർ 4ന് - പ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേള നടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽത്തന്നെ പുകഴ്‌പെറ്റ ഈ ജലമേള കാണാൻ അമിത്‌ഷായെയും മറ്റ് നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിൽ എന്താണു ഇത്ര വിമർശിക്കാൻ. പുന്നമടക്കായലിൽ നടക്കാൻ പോകുന്നത് ബി.ജെ.പിക്കാരുടെ ജലമേളയൊന്നുമല്ല. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലം തൊട്ടേ മുറതെറ്റാതെ നടന്നുവരുന്ന ജലമേളയാണിത്. എത്രയോ ഉന്നതരായ കേന്ദ്ര നേതാക്കൾ ആവേശപൂർവം അതിനു സാക്ഷികളായിട്ടുണ്ട്.

അമിത് ഷാ ജലമേള കാണാനുള്ള ക്ഷണം സ്വീകരിച്ചാലുമില്ലെങ്കിലും ഇത് വിവാദ വിഷയമാക്കിയ യു.ഡി.എഫ് നേതാക്കൾ സ്വയം ചെറുതാവുകയാണു ചെയ്തത്. നമ്മുടെ അതിഥികളായി എത്തുന്നവരുടെ രാഷ്ട്രീയം ചികയേണ്ട ആവശ്യമില്ല.

നെഹ്‌റു ട്രോഫി പോലുള്ള ആവേശകരമായ ജലമേള മറ്റു സംസ്ഥാനങ്ങൾക്ക് അന്യമാണെന്നു പറയാം. അതു നേരിൽ കാണാനുള്ള അവസരം സാന്ദർഭികമായി ഒത്തുവന്നാൽ നേതാക്കളെ കൊണ്ടുപോയി കാണിക്കുകയെന്നത് സംസ്ഥാനത്തിന്റെ കടമയാണ്. വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമായേക്കാവുന്ന സംഗതിയാണത്. ടൂറിസം വളർത്താൻ ഓരോ സംസ്ഥാനവും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. ആലപ്പുഴ ജലമേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ദക്ഷിണ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും സാന്നിദ്ധ്യം പലതുകൊണ്ടും ടൂറിസം വകുപ്പിന് അഭിമാനപൂർവം ഉയർത്തിക്കാട്ടാൻ ലഭിക്കുന്ന നല്ല അവസരമാണ്. വിവാദങ്ങൾ സൃഷ്ടിച്ച് ഇത്തരം അവസരങ്ങൾ ഇല്ലാതാക്കുകയല്ല വേണ്ടത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആയതുകൊണ്ട് അവിടെ നിന്നുള്ളവർ നമുക്ക് അസ്‌പൃശ്യരാകേണ്ട കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നവരാണവർ എന്നു മറക്കരുത്. മുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചപ്പോഴും വിവാദവും വിമർശനവുമൊക്കെ ഉയർന്നിരുന്നു. സംസ്ഥാന സന്ദർശനത്തിനെത്തുന്ന കേന്ദ്ര നേതാക്കളെ ആദരപൂർവം സ്വീകരിച്ച് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കേണ്ടതിനുപകരം അവരെ അധിക്ഷേപിച്ച് ശകുനം മുടക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കുകതന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.