SignIn
Kerala Kaumudi Online
Saturday, 20 April 2024 10.13 AM IST

കോർഫ് ബോളും ജെൻഡർ ന്യൂട്രാലിറ്റിയും

ss


ജെൻഡർ ന്യൂട്രൽ എന്ന വിഷയം കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ആൺ,പെൺ വേർതിരിവ് ഉണ്ടാകാതെ ലിംഗനീതി ഉറപ്പാക്കുന്ന ബൃഹത്തായ കാഴ്ചപ്പാടിനാണ് കൂടുതൽ സ്വീകാര്യത ലഭ്യമായി കൊണ്ടിരിക്കുന്നത്. കായിക മേഖലയിലും ഇത്തരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്‌പോർട്‌സ് മാൻ എന്നതിനു പകരമായി എല്ലാ താരങ്ങളെയും പരിഗണിക്കത്തക്കരീതിയിൽ സ്‌പോർട്‌സ് പേഴ്‌സൺ എന്ന പദമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ബാറ്റ്‌സ്മാൻ എന്ന പദം പിൻവലിക്കുകയും ലിംഗനിഷ്പക്ഷത ഉറപ്പുവരുത്തുന്ന ബാറ്റർ എന്ന പദമാണ് പുതുതായി സ്വീകരിച്ചത്.
കായിക മേഖലയിലെ വനിതകളുടെ പങ്കാളിത്തം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. സ്‌കൂൾതലം മുതൽ ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ കായികയിനങ്ങളിൽ പങ്കെടുക്കുന്ന കാഴ്ചയാണ് പൊതുവേയുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാകാം കോർഫ്‌ബോൾ എന്ന കായിക ഇനത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. ജെൻഡർ ന്യൂട്രൽ കാഴ്ചപ്പാട് വ്യാപകമാകുന്നതിന് മുമ്പ് തന്നെ പുരുഷ താരങ്ങളും വനിതാ താരങ്ങളും ഒരുമിച്ച് ഒറ്റടീമായി മത്സരിക്കുന്ന ഈ കായിക ഇനം രൂപപ്പെട്ടു. 1901ൽ നെതർലാന്റിലെ ആംസ്റ്റർഡാമിൽ നിക്കോ ബ്രുക്ക് ഹെയ്‌സൻ എന്ന അദ്ധ്യാപകൻ രൂപപ്പെടുത്തിയ ഈ കളി ബാസ്‌ക്കറ്റ് ബോൾ,ഹാൻഡ് ബോൾ, നെറ്റ് ബോൾ എന്നിവയുടെ സമ്മിശ്ര വകഭേദമാണ്. സ്ത്രീയും പുരുഷനും ഒത്തൊരുമിച്ച് കളിക്കുന്ന ഒരു കായിക ഇനം ആയതിനാൽ കളിയുടെ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളിൽ കാര്യമായ പൊതു സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇന്റർനാഷണൽ കോർഫ്‌ബോൾ ഫെഡറേഷൻ 1933 ൽ രൂപീകരിക്കപ്പെട്ടശേഷം മാത്രമാണ് ഈ കളിയുടെ പ്രചാരം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്.
എന്താണ് കോർഫ് ബോൾ ?
കായിക മേഖലയയിൽ സ്ത്രീ,പുരുഷ സമത്വത്തിന്റെ ഉദാത്തമായ മാതൃകയാണ് കോർഫ് ബോൾ എന്ന അന്തർദേശീയ കായികയിനം. ലോകത്തിലെ ഏക മിക്‌സഡ് സ്‌പോർട്‌സ് ഇനമായ ഈ കളി എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള എല്ലാ പ്രമുഖ രാജ്യങ്ങളിലും നടന്നു വരുന്നു.ഒരു കോർഫ് ബോൾ ടീമിൽ ആകെ 14 അംഗങ്ങൾ (7 പുരുഷന്മാരും 7 സ്ത്രീകളും) ഉണ്ടാകും. ഇതിൽ നാലു പുരുഷന്മാരും നാല് സ്ത്രീകളുമാണ് മത്സര സമയത്തു കോർട്ടിൽ കളിക്കുന്നത്. 40 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ചതുരാകൃതിയിലുള്ള മൈതാനത്താണ് ഈ ഗെയിം കളിക്കുന്നത്. കളിക്കളത്തിന്റെ ഇരുവശങ്ങളിലും എൻഡ് ലൈനിനുള്ളിൽ കോർഫ് പോസ്റ്റ് ഉണ്ടാകും. ഈ കോർഫിൽ ലക്ഷ്യം വച്ചാണ് പന്ത് എറിഞ്ഞ് സ്‌കോർ നേടേണ്ടത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടിയാണ് ഈ കായിക ഇനം ഇന്ന് പ്രചരിക്കുന്നത്. ഇന്ത്യയിൽ 1979 ൽ ആണ് ഈ ഗെയിം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ അംഗീകാരത്തോടുകൂടിയാണ് ദേശീയ കോർഫ്‌ബോൾ അസോസിയേഷൻ പ്രവർത്തിക്കുന്നത്. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ദേശീയ സ്‌കൂൾ ഗെയിംസിന്റെ ഭാഗമായും അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളുടെ ഭാഗമായും കോർഫ് ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.
ഏതെങ്കിലും ഒരു ലിംഗ വിഭാഗത്തിലെ കായിക താരങ്ങളുടെ പ്രാതിനിധ്യമില്ലാതെ മത്സരം സംഘടിപ്പിക്കുവാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കളിക്കളം രണ്ട് സോണുകളായി അടയാളപ്പെടുത്തിയിരിക്കുന്നു. കളിയിലെ പ്രതിരോധത്തിനും ആക്രമണത്തിനും ഓരോ ടീമിൽ നിന്നും രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് യഥാക്രമം ഉണ്ടാകുക. ഒരു ഇൻഡോർ ഗെയിമിൽ 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പകുതിയും ഒരു ഔട്ട്‌ഡോർ ഗെയിമിൽ 35 മിനുട്ട് ദൈർഘ്യമുള്ള രണ്ട് പകുതിയും ഉൾപ്പെടുന്നു. മധ്യത്തിൽ നിന്നും പന്ത് പാസ് ചെയ്യുന്നതിലൂടെയാണ് കളി ആരംഭിക്കുന്നത്. കൈയിൽ നിന്ന് കൈയിലേക്കും ഒരു സോണിൽ നിന്ന് അടുത്ത മേഖലയിലേക്കും പന്ത് കൈമാറുന്നതാണ് പൊതുവായ ചലനരീതി. കളിക്കിടയിൽ എതിരാളികളെ ചവിട്ടുക, കുത്തുക, തള്ളുക, പന്തുമായി ഓടുക തുടങ്ങിയ പെരുമാറ്റ രീതികൾ നിയമവിരുദ്ധമാണ്. കളിക്കിടയിൽ കളിക്കാർ തമ്മിൽ ശരീര സമ്പർക്കം തീരെയുണ്ടാകില്ല. ഒരേ ലിംഗത്തിലുള്ള കളിക്കാർ തമ്മിൽ മാത്രമേ പ്രതിരോധം സൃഷ്ടിക്കുവാൻ പാടുള്ളു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എതിരാളികൾ തമ്മിൽ പരസ്പര ബഹുമാനത്തിന്റേയും അച്ചടക്കത്തിന്റേയും എല്ലാവിധ മര്യാദകളും പാലിക്കുന്ന ഒരു കായിക ഇനമാണെന്ന പ്രത്യേകത കൂടിയുണ്ട്.ആൺ,പെൺ വ്യത്യാസമില്ലാതെ എല്ലാമേഖലയിലും തുല്യത ഉറപ്പുവരുത്തുന്ന ഒരു കാലഘട്ടം അതിവിദൂരമല്ല.


(എസ്.സി.ഇ.ആർ.ടി
റിസർച്ച് ഓഫീസറാണ് ലേഖകൻ,
9846024102)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENDER NEUTRAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.