SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.44 AM IST

ഗതാഗതമന്ത്രിയുടെ സ്വപ്നവും ലത്തീഫിന്റെ ഭേദഗതിയും

budject

കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം കൊടുക്കാനാകുന്ന ആ നല്ലകാലം ഗതാഗതമന്ത്രി ആന്റണി രാജു സ്വപ്നം കാണുന്നത് പല പരിപാടികളൊപ്പിച്ച് കൊണ്ടാണ്. കെ-സ്വിഫ്റ്രൊന്നുമില്ലാതെ എത്രകാലമെന്നാണ് അദ്ദേഹം ചോദിക്കാനാഗ്രഹിക്കുന്നത്. കെ-സ്വിഫ്റ്റിന്റെ ഹോണടി 'ഐശ്വര്യത്തിന്റെ സൈറൺ' മുഴങ്ങുന്നത് പോലെയൊക്കെ മന്ത്രി സങ്കല്പിക്കുന്നതായി തോന്നി നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ.

ശൂന്യവേളയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി അടിയന്തരപ്രമേയനോട്ടീസായി കൊണ്ടുവന്നത് എം. വിൻസന്റിന്റെ നേതൃത്വത്തിലാണ്. ഇതിലൊരു അടിയന്തരവുമില്ല എന്നാണ് മന്ത്രിയുടെ പക്ഷം. കെ.എസ്.ആർ.ടി.സി ലാഭവണ്ടിയായി ഓടാനാവശ്യമായ സ്വപ്നക്കണക്കുകൾ മന്ത്രി നിരത്തി. പ്രതിപക്ഷത്തിന് അതൊന്നും ഒട്ടും ബോധിച്ചില്ല. ദേശീയ കുഴിയിലും സംസ്ഥാന കുഴിയിലുമെല്ലാം പാടുപെട്ട് വണ്ടിയോടിച്ച് അദ്ധ്വാനിക്കുന്ന പാവം ഡ്രൈവർമാരെ പന്ത്രണ്ടും പതിനെട്ടും മണിക്കൂർ ഡ്യൂട്ടിയെടുപ്പിക്കുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് ഭൂഷണമാണോ എന്ന് വിൻസന്റ് ചോദിച്ചു. കള്ളം പറഞ്ഞ് ജയിക്കുന്നതിനേക്കാൾ നല്ലത് സത്യം പറഞ്ഞ് ജയിക്കുന്നതാണ് എന്ന സാരോപദേശത്തിലൂടെ വിൻസന്റിനെ കവച്ചുവയ്ക്കാനാണ് മന്ത്രി ശ്രമിച്ചത്.

കരാർതൊഴിലാളികളെ വച്ച് കെ-സ്വിഫ്റ്റ് വണ്ടികളോടിക്കുന്ന സർക്കാർ അങ്ങനെയെങ്കിൽ നഷ്ടത്തിലോടുന്ന എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലും തൊഴിലാളികളെ കരാർ തൊഴിലാളികളാക്കി മാറ്റി ലാഭമുണ്ടാക്കുമോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. വ്യവസായമന്ത്രിയോടാണ് ആ ചോദ്യം. അദ്ദേഹം ഉത്തരമൊന്നും പറഞ്ഞില്ല. കെ.എസ്.ആർ.ടി.സിയിലൊന്നും നടക്കുന്നില്ല എന്നാര് പറഞ്ഞാലും ഇഷ്ടപ്പെടാത്ത മന്ത്രിയെപ്പോലെ ആന്റണി രാജു പ്രതിപക്ഷത്തോട് കോപാക്രാന്തനാവുന്നുണ്ടായിരുന്നു. പ്രതിപക്ഷ ഇറങ്ങിപ്പോക്കിലാണ് സംഗതി കലാശിച്ചത്. മന്ത്രി ആന്റണിരാജുവിന്റെ കലാപരിപാടികൾ ഗംഭീരവിജയമായി കെ.എസ്.ആർ.ടി.സിയിൽ മാസാദ്യങ്ങളിൽ ശമ്പളം കൊടുക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം.

കേരള സഹകരണസംഘം രണ്ടാം ഭേദഗതി ബില്ലും മാരിടൈം ബോർഡ് ഭേദഗതി ബില്ലും സഭ ചർച്ച ചെയ്ത് പാസാക്കി. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുദ്ദേശിച്ചുള്ള നിയമഭേദഗതി ബില്ലിനെ ലീഗുകാർ ശക്തിയുക്തം എതിർക്കുന്നു. ഇന്നലെ ആ ദൗത്യമേറ്റെടുത്തത് യു.എ. ലത്തീഫാണ്. സബ്ജക്ട് കമ്മിറ്റി പരിശോധിച്ചയച്ച ബിൽ അതേ സബ്ജക്ട് കമ്മിറ്റിക്ക് തിരിച്ചയക്കണമെന്ന സ്വന്തം ഭേദഗതിയിന്മേൽ ലത്തീഫ് പോൾ ആവശ്യപ്പെട്ടു.

നിയമനിർമാണചർച്ചയാണ്. ഇതിലൊന്നും കാര്യമില്ലെന്ന മട്ടിൽ പലരും സഭയ്ക്കകത്ത് ഇരിപ്പുറക്കാതെ പുറത്താണ്. ഈ ഘട്ടത്തിലാണ് പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിതനീക്കം. പോളെങ്കിൽ പോൾ എന്ന് പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത് മുൻപിൻ ആലോചിക്കാതെയായിരുന്നുവെന്ന് പെട്ടെന്ന് സഭയ്ക്ക് മനസ്സിലായി. സീറ്റുകളേറെയും കാലി. പോളിന് മണി മുഴങ്ങി. വരാന്തയിലും കാന്റീനിലും ഒക്കെയായി നേരം കൂട്ടുകയായിരുന്ന പലരും ഓടിക്കയറി. മന്ത്രിമാരടക്കം ഓടിക്കിതച്ചെത്തുമ്പോഴേക്ക് മണി നിലച്ചു.

മണി നിലച്ചാൽ വാതിലുകളടയ്ക്കണമെന്നാണ് വ്യവസ്ഥ. അ‌ടഞ്ഞ വാതിലുകൾ പക്ഷേ ചിലർക്കായി തുറക്കപ്പെട്ടത് പ്രതിപക്ഷത്തിന് പിടിച്ചില്ല. അവർ പ്രതിഷേധിച്ചു. തർക്കമായി. ബഹളമായി. മണിയടിച്ച് തീർന്ന ശേഷം വാതിൽ തുറന്ന് കൊടുക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിഷേധസ്വരമുയർത്തി. ഉമ്മൻ ചാണ്ടി ഭരണകാലത്ത് കാർത്തികേയൻ സ്പീക്കറായിരിക്കെ പണ്ട് ആളെണ്ണം ഭരണപക്ഷത്ത് തികയ്ക്കാൻ മണി കുറേനേരം നീട്ടിയടിച്ച കഥയിലേക്ക് ഓർമ്മകൾ പോയോ?

ലത്തീഫിന്റെ പ്രസംഗം കേട്ട എ.എൻ. ഷംസീറിന് ലീഗുകാർ പണം പലിശയ്ക്ക് കൊടുക്കുന്ന മുതലാളിമാരെപ്പോലെയാണെന്ന് തോന്നി. ഷംസീർ മന്ത്രിയാവാൻ പോകുന്നുവെന്ന തോന്നലുണ്ടായതിനാൽ മാത്രമാണെന്ന് തോന്നുന്നു പി.കെ. ബഷീർ ഷംസീറിനെ തൽക്കാലം സഹിച്ചത്. സഭ തീരാൻനേരത്തെത്തിയ സി.പി.എമ്മിന്റെ പുതിയ സെക്രട്ടറി എം.വി.ഗോവിന്ദന് താരപരിവേഷമായിരുന്നു. പ്രതിപക്ഷക്കാരടക്കം മൂടോടെ വളഞ്ഞു. സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണല്ലേയെന്ന് സ്പീക്കർ എം.ബി. രാജേഷിൽ നിന്ന് ആത്മഗതമുയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMA SABHAYIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.