SignIn
Kerala Kaumudi Online
Saturday, 20 April 2024 8.46 AM IST

ലോകായുക്ത ഭേദഗതിബിൽ, ന്യായാധിപനെതിരെ വാളോങ്ങുന്നവർ

kk

ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യത്തിൽ ഭരണഘടനാവിരുദ്ധ ഭേദഗതികൾ ഉൾപ്പെടുത്തിയുള്ള ലോകായുക്ത ഭേദഗതിബിൽ കേരള നിയമസഭ പാസാക്കിയതോടെ രാജ്യത്തിന് മാതൃകയായ അഴിമതിനിരോധന നിയമത്തിന്റെ ഉദകക്രിയയ്ക്കാണ് എൽ.ഡി.എഫ് സർക്കാർ കാർമ്മികത്വം വഹിച്ചത്. 1999 ൽ ഇ.കെ നായനാർ സർക്കാരിന്റെ കാലത്ത് സി.പി.ഐ നേതാവും നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ പൈലറ്റ് ചെയ്‌തൊരു നിയമം തിരുത്താൻ അദ്ദേഹത്തിന്റെ പിൻമുറക്കാർ കൂട്ടുനിന്നതും അദ്ഭുതകരമാണ്. നേരത്തെ ഭരണഘടനാവിരുദ്ധമായ ഓർഡിനൻസിന് ഒപ്പുചാർത്തിയ ഗവർണർ നിയമസഭ പാസാക്കിയ ബില്ലിലും ഒപ്പുവയ്ക്കുമോ എന്നു മാത്രമാണ് അറിയാനുള്ളത്.


പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശമുണ്ടായാൽ രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ഈ നിർദ്ദേശം ഉൾക്കൊള്ളുന്ന പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റിയത്. പുതിയ ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഭേദഗതി.

ലോകായുക്തയുടെയും ഉപലോകായുക്തയുടെയും നിയമനം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്താനും നിയമത്തിലെ 12(3) വകുപ്പ് പ്രകാരം അഴിമതിക്കേസിൽ ലോകായുക്ത നടത്തുന്ന പ്രഖ്യാപനം നിരാകരിക്കാൻ കോംപീറ്റന്റ് അതോറിട്ടിക്ക് അധികാരം നൽകുന്നതിനുമായി പ്രധാന ആക്‌ടിലെ 14, 15 വകുപ്പുകളും ഭേദഗതി ചെയ്തിട്ടുണ്ട്. ബില്ലിലെ അഞ്ചാം വകുപ്പ് പ്രകാരം പ്രധാന ആക്ടിലെ 14ാം ഭാഗത്തിലെ ഭേദഗതിയിലൂടെ ലോകായുക്ത വിധിന്യായത്തെ നിരാകരിക്കാൻ കോംപിറ്റന്റ് അതോറിട്ടിക്ക് നൽകുന്ന അപ്പലേറ്റ് അധികാരം ലോകായുക്ത നിയമത്തിന്റെ അസ്തിത്വം ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്.

സബ്ജക്ട് കമ്മിറ്റിയിൽ പ്രധാന ആക്ടിലെ വകുപ്പ് 2(ഡി)ക്ക് സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധിയിൽ കോംപിറ്റന്റ് അതോറിറ്റിയായി നിയമസഭയെയും എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കറെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും അപ്പലേറ്റ് അതോറിറ്റി. ഈ ഭേദഗതികളും നിയമത്തെ ദുർബലപ്പെടുത്തും.


ഭരണഘടനയുടെ അനുച്ഛേദം 50 പ്രകാരം ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വ്യക്തമായ അധികാരവിഭജനം വേണം. അധികാരവിഭജന സിദ്ധാന്തം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അനുച്ഛേദം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന പ്രകാരം വിധിനിർണയ അവകാശവും കോടതികൾക്കാണ്. നിയമസഭ പാസാക്കിയ നിയമങ്ങളും കോടതിയുടെ വിധികളും നടപ്പാക്കുകയെന്നതാണ് എക്സിക്യൂട്ടീവിന്റെ കടമ. പ്രധാന ആക്‌ടിലെ 14ാം വകുപ്പിലെ ഭേദഗതിയിലൂടെ അർദ്ധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്ത, എക്സിക്യൂട്ടീവിന്റെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും പൊളിറ്റിക്കൽ എക്സിക്യൂട്ടീവിനെതിരെയും നടത്തുന്ന വിധിപ്രസ്താവങ്ങൾ പുനഃപരിശോധിക്കാനുള്ള അവകാശം എക്സിക്യൂട്ടീവിന് കൈമാറുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്.

എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റർ, ജൂഡിഷ്യറി എന്നിവ വെവ്വേറെ ആയിരിക്കണമെന്നും അവയ്ക്ക് പരമാധികാരം ഉണ്ടായിരിക്കണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും സുപ്രീം കോടതി (Indira Nehru Gandhi vs. Raj Narain and Ors(AIR 1975 SC 2299) വിധിച്ചിട്ടുണ്ട്. കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാനതത്വം അട്ടിമറിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ ഭരണഘടനയുടെ 141 അനുസരിച്ച് രാജ്യത്തെ നിയമമാകും. അത് സർക്കാരുകളും പാലിക്കണം .

ഒരാളും സ്വന്തം കേസിൽ വിധികർത്താവാകരുത് എന്നതും ഭരണഘടനയുടെ അടിസ്ഥാനതത്വമാണ്. ഭരണഘടനയുടെ 254(2) പ്രകാരം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വിഷയത്തിലുണ്ടാക്കുന്ന നിയമത്തിൽ കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടാകരുത്. കേന്ദ്ര ലോക്പാൽ നിയമത്തിൽ ലോക്പാലിന്റെ വിധി പുനഃപരിശോധിക്കാൻ എക്സിക്യൂട്ടീവിന് അധികാരം നൽകുന്നില്ല. എന്നാൽ 14ാം വകുപ്പ് ഭേദഗതിപ്രകാരം ലോകായുക്ത വിധി പുനഃപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്.


ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന് നിയമമന്ത്രി പറയുന്നത് ഭരണഘടനാവിരുദ്ധമാണ്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് പറയാനുള്ള അധികാരം കോടതികൾക്ക് മാത്രമാണുള്ളത്. ബില്ലിലെ വ്യവസ്ഥകളിൽ സഭയ്ക്ക് മാറ്റം വരുത്താം. പക്ഷേ അത് നിയമത്തിന്റെ അന്തസത്തയും ഉദ്ദേശ്യലക്ഷ്യങ്ങളും ചോർത്തിക്കളയുന്നതും കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരും ഭരണഘടനാവിരുദ്ധവുമാകരുത്.
നായനാർ മന്ത്രിസഭയുടെ കാലത്ത് അവതരിപ്പിച്ച ബില്ലിലും ലോകായുക്തയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെട്ടിരുന്നു. എന്നാൽ സഭാതലത്തിൽ ഭരണ- പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ഈ വ്യവസ്ഥയെ എതിർത്തു. ഈ ഭേദഗതിക്ക് പിന്നിൽ മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള കേസുകളാണ്. ക്രമവിരുദ്ധമായി ദുരിതാശ്വാസനിധി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൂന്ന് പരാതികളാണ് ലോകായുക്തയ്‌ക്ക് മുന്നിലുള്ളത്. ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെത്തന്നെ ഇല്ലാതാക്കാൻ കഴിയുന്ന സ്ഥിതിയുണ്ടെന്ന സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും സർക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. ലോകായുക്ത നിയമഭേദഗതിയോടെ അഴിമതിക്കാരായ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും യഥേഷ്ടം അഴിഞ്ഞാടാനുള്ള അവസരത്തിന്റെ വാതിൽകൂടി തുറക്കപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.