SignIn
Kerala Kaumudi Online
Saturday, 20 April 2024 4.20 AM IST

ലക്ഷ്യം നേടാനാകാതെ കൊല്ലം - കോട്ടപ്പുറം പാത

water-metro-
കൊച്ചി മരടിലെ ഉൾനാടൻ ജലപാതയുടെ ഗോഡൗൺ കെട്ടിടം

ഇന്ത്യയിൽ സമ്പൂർണ ഗതാഗതത്തിന് സജ്ജമായ ദേശീയജലപാതകളിൽ ഒന്നാണ് വെസ്റ്റ് കോസ്റ്റ് കനാൽ എന്നും അറിയപ്പെടുന്ന കൊല്ലം -കോട്ടപ്പുറം ദേശീയ ജലപാത ഒമ്പത്. കൊല്ലത്ത് ആരംഭിച്ച് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിന് സമീപം കോട്ടപ്പുറം വരെ നീളുന്ന ദേശീയജലപാതയുടെ വികസനം പൂർത്തിയായി 14 വർഷം കഴിഞ്ഞെങ്കിലും ചരക്കുഗതാഗതം നാമമാത്രം. 250 കോടി രൂപ മുടക്കിയ പദ്ധതിയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്.

1993 ഫെബ്രുവരി ഒന്നിനാണ് കൊല്ലം- കോട്ടപ്പുറം പാതയെ ദേശീയ ജലപാത മൂന്നായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ 168 കിലോമീറ്ററാണ് ദൈർഘ്യം. കൊച്ചി തുറമുഖം മുതൽ അമ്പലമുകൾ ഫാക്ട് വരെയുള്ള ചമ്പക്കര കനാൽ, കൊച്ചി തുറമുഖം മുതൽ പാതാളം വരെയുള്ള ഉദ്യോഗമണ്ഡൽ കനാൽ എന്നിവയെ ദേശീയജലപാതയുടെ ഉപകനാലുകളായും പ്രഖ്യാപിച്ചു.

ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയും കോട്ടയം വഴി അതിരമ്പുഴ വരെയുമുള്ള കായലിനെ ദേശീയജലപാത ഒമ്പത് ആയും പ്രഖ്യാപിച്ചു. വേമ്പനാട് കായൽ ഉൾപ്പെടെ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ജലപാത. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചായി​രുന്നു വികസനം. ജലാശയങ്ങൾ, കായലുകൾ, നദികൾ, കൃത്രിമ കനാലുകൾ എന്നിവയെ ബന്ധിപ്പിച്ചാണ് ദേശീയജലപാത വികസിപ്പിച്ചത്. ആഴവും വീതിയും വർദ്ധിപ്പിച്ച് 400 മുതൽ 500 ടൺ വരെ ചരക്ക് വഹിക്കാവുന്ന ബാർജുകൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്നതരത്തിൽ മൂന്നു വിധത്തിൽ ജലപാത വികസിപ്പിക്കുകയും അനുബന്ധ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ചെയ്തത്.

1) ഗതാഗതസൗകര്യം

ചരക്കുമായി ബാർജുകൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. 38 മീറ്റർ വീതിയിൽ കനാലുകൾ വികസിപ്പിച്ചു. ഇടുങ്ങിയ ഭാഗങ്ങളിൽ 32 മീറ്ററിലാണ് വികസിപ്പിച്ചത്. രണ്ടര മീറ്റർ ആഴം എല്ലായിടത്തും ഉറപ്പാക്കി. യന്ത്രസഹായത്തോടെ ഡ്രെഡ്‌ജ് ചെയ്ത് കായലിലെ ചെളിയും മറ്റും നീക്കിയാണ് ആഴം വർദ്ധിപ്പിച്ചത്. വർഷങ്ങൾ നീണ്ട ശ്രമകരമായ ദൗത്യമാണ് ആഴം വർദ്ധിപ്പിക്കൽ. ആഴം നിലനിറുത്താൻ നിശ്ചിതസമയങ്ങളിൽ വീണ്ടും ഡ്രെഡ്‌ജ് ചെയ്യണം.

2) സുരക്ഷിതഗതാഗതം

ബാർജുകളും യാനങ്ങളും 24 മണിക്കൂറും സഞ്ചരിക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കലാണിത്. യാത്രാവഴി വ്യക്തമാക്കുന്ന സൂചികകൾ, ബോയകൾ തുടങ്ങിയവ ഇതിനായി വേണം. രാത്രി വഴികാണിക്കുന്ന സംവിധാനങ്ങളും ഒരുക്കി. സഞ്ചാരയാനങ്ങൾ, മത്സ്യബന്ധനം എന്നിവയ്ക്ക് തടസമുണ്ടാകാത്ത വിധത്തിൽ ബാർജുകൾക്ക് സഞ്ചരിക്കാനുള്ള സംവിധാനങ്ങളാണിവ.

3) ചരക്ക് കൈകാര്യം ചെയ്യൽ

ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബാർജുകൾക്ക് അടുക്കാൻ ആവശ്യമായ ടെർമിനലുകളും അനുബന്ധസൗകര്യങ്ങളുമൊരുക്കി. ബാർജ് അടുപ്പിക്കാൻ 11 ടെർമിനലുകൾ നിർമ്മിച്ചു. ചരക്കുകൾ കയറ്റാനും ഇറക്കാനും ക്രെയിനുകൾ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിച്ചു.

ടെർമിനലുകളോട് ചേർന്ന് ചരക്കുകൾ സൂക്ഷിക്കാൻ ഗോഡൗണുകളും നിർമ്മിച്ചു. റോഡുമാർഗം കൊണ്ടുവരുന്ന ചരക്കുകൾ ഇറക്കി സൂക്ഷിക്കാനും ബാർജിൽ കൊണ്ടുവരുന്ന ചരക്കുകൾ കരമാർഗം കൊണ്ടുപോകാനും സൂക്ഷിക്കാനും സൗകര്യമുള്ള വലിയ ഗോഡൗണുകളാണ് ഇവ. ടെർമിനലുകളിലേക്ക് റോഡ് ഉൾപ്പെടെ അനുബന്ധസൗകര്യങ്ങളും തയ്യാറാക്കി​.

ടെർമിനലുകളും ഗോഡൗണുകളും

കോട്ടപ്പുറം, ആലുവ, മരട് (എറണാകുളം), വൈക്കം, ചേർത്തല (തണ്ണീർമുക്കം), തൃക്കുന്നപ്പുഴ, കായംകുളം (ആയിരംതെങ്ങ്), കൊല്ലം, കാക്കനാട്, ചവറ, വില്ലിംഗ്ഡൺ ഐലൻഡ് (കൊച്ചി).

ദേശീയജലപാത - 3

ഒറ്റനോട്ടത്തിൽ

കൊല്ലം കോട്ടപ്പുറം ദൂരം : 168 കിലോമീറ്റർ

ഉദ്യോഗമണ്ഡൽ കനാൽ : 23 കിലോമീറ്റർ

ചമ്പക്കര കനാൽ : 14 കിലോമീറ്റർ

ആകെ ദൂരം : 205 കിലോമീറ്റർ

കടലിലേക്ക് കവാടം : നാല് (മുനമ്പം, കൊച്ചി, കായംകുളം, നീണ്ടകര)

ഇടുങ്ങിയ ഭാഗം : ആലപ്പുഴ, കൊല്ലം

ലോക്ക് ഗേറ്റുകൾ : തണ്ണീർമുക്കം, തൃക്കുന്നപ്പുഴ

വർഷങ്ങൾ നീണ്ട

പരിശ്രമം

ദേശീയജലപാതയുടെ വികസനം 1994ൽ നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ആരംഭിച്ചതാണ്. ചമ്പക്കര, ഉദ്യോഗമണ്ഡൽ കനാലുകൾ വികസിപ്പിച്ച് 2009ൽ ഗതാഗതത്തിന് സജ്ജമാക്കി. വീതിയും ആഴവും കൂട്ടുകയെന്ന ദുർഘടമായ ജോലികൾക്ക് വലിയ പ്രയത്നം വേണ്ടിവന്നു. ഡ്രെഡ്‌ജ് ചെയ്തെടുക്കുന്ന ചെളിയും മണ്ണും കരയിലിടുന്നത് നിരവധി സ്ഥലങ്ങളിൽ പ്രാദേശിക പ്രതിഷേധങ്ങൾക്ക് കാരണമായി. ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുകൾ പിന്തുണയും നൽകി. 2014ൽ ദേശീയജലപാത കോട്ടപ്പുറം മുതൽ കൊല്ലം വരെ ഗതാഗതത്തിന് സജ്ജമായി.

അനുബന്ധ വികസനം,

പദ്ധതികൾ

കൊല്ലം -കോട്ടപ്പുറം ദേശീയജലപാത പൂർത്തിയാകുന്നതിനൊപ്പം രണ്ടാമത് ലഭിച്ചതാണ് ആലപ്പുഴ - ചങ്ങനാശേരി, കോട്ടയം, അതിരമ്പുഴ പാതയ്ക്ക് ദേശീയജലപാത പദവി. ദേശീയജലപാത ഒമ്പത് എന്നാണ് ഇതിന്റെ പേര്. ആലപ്പുഴയിൽ നിന്ന് കയർ ഉൾപ്പെടെ പ്രാദേശിക ഉത്പന്നങ്ങൾ കോട്ടയം, ചങ്ങനാശേരി മേഖലകളിലും തിരിച്ചും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പാത വികസിപ്പിച്ചത്. ഒപ്പം യാത്രാഗതാഗവും സുഗമാക്കാൻ കഴിഞ്ഞു.

കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് ജലപാത വഴി ചരക്കുകൾ എത്തിക്കാൻ പദ്ധതിയും ഒരുങ്ങി. കോട്ടയം പോർട്സ് ആൻഡ് കണ്ടെയ്‌നർ ടെർമിനൽ ലിമിറ്റഡ് എന്ന തുറമുഖം കോടിമതയിൽ 2019 ൽ ആരംഭിച്ചു. റബർ, റബർ ഉത്പന്നങ്ങൾ, ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ, മലഞ്ചരക്കുകൾ തുടങ്ങിയവ കണ്ടെയ്‌നറിലാക്കി ജലമാർഗം കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ (ഐ.സി.ഡി)യെന്ന പദവിയും കോട്ടയം തുറമുഖത്തിന് ലഭിച്ചു. വേമ്പനാട് കായൽ വഴി ചരക്കുനീക്കം ശക്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും നൽകിയാണ് കോട്ടയത്തിനും കൊച്ചിക്കുമിടയിൽ കണ്ടെയ്‌നർ ബാർജ് പദ്ധതി ആവിഷ്‌കരിച്ചത്.

കരമാർഗത്തേക്കാൾ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവും റോഡുകളിലെ തിരക്ക് കുറയ്ക്കാൻ കഴിയുന്നതുമായ ഉൾനാടൻ ജലപാതകളിലെ ഗതാഗതം പ്രതീക്ഷയുടെ ഏഴയലത്തുപോലും എത്തിയില്ലെന്നതാണ് വസ്തുത. സാങ്കേതിക വിഷയങ്ങൾ മുതൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽവരെ നിരവധി പ്രശ്നങ്ങൾ ദേശീയജലപാത വിനിയോഗിക്കുന്നതിന് തടസമായിട്ടുണ്ട്.

നാളെ: തടസങ്ങൾ ചെറുതല്ല, പ്രശ്‌നങ്ങളും നിരവധി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATERWAYS SERIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.