SignIn
Kerala Kaumudi Online
Saturday, 20 April 2024 9.56 AM IST

നാടുവാഴുന്ന നായകൾ, മൗനത്തിന് അടയിരുന്ന് അധികൃതർ

photo

നാട്ടിലിറങ്ങണമെങ്കിൽ നായയെ പേടിക്കണം എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. തെരുവ് നായകൾ ഒറ്റയ്ക്കും കൂട്ടമായും വിഹരിക്കുന്നു. കടിച്ചുകീറാനുള്ള ശൗര്യത്തോടെ റോഡിലും ജംഗ്ഷനുകളിലും നായകൾ അലയുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ നായ കടിയേൽക്കുന്നു. പേവിഷ വാക്സിൻ കുത്തിവയ്ക്കുന്നവർക്കും അതിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുണ്ട്. കൊവിഡിനു ശേഷം ജനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് തെരുവ് നായ ശല്യം. ഇതിൽ പേപ്പട്ടികളുടെ എണ്ണവും പെരുകി വരുന്നു. കേരളം തെരുവ് നായകളുടെ നാട് എന്ന നിലയിലേക്ക് പ്രശ്നം രൂക്ഷമായിരിക്കുകയാണ്. തെരുവ് നായ ആക്രമണത്തിന്റെ വാർത്തകൾ എല്ലാ ദിവസത്തെയും പത്രത്താളുകളിൽ ഇടം തേടുന്നു. നടന്നു പോകുന്നവരെ കടിക്കുന്നതു കൂടാതെ ബൈക്ക് യാത്രക്കാരുടെ പിന്നാലെ ഒാടി മറിച്ചിടുന്നതും അവർക്കു പരിക്കൽക്കുന്നതും നിത്യസംഭവമായി മാറുന്നു.

പത്തനംതിട്ട പെരുനാട്ടിൽ രാവിലെ വീട്ടിൽ നിന്ന് അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പാേയ പതിമൂന്നുകാരിയെ തെരുവ് നായ ആക്രമിച്ച് റോഡിലിട്ട് കടിച്ചുകുടഞ്ഞത് അടുത്തിടെയാണ്. മുഖത്തും കണ്ണിലും കൈകാലുകളിലും കടിയേറ്റ പെൺകുട്ടി ഭയാനകമായ ആ സംഭവത്തിന്റെ ഒാർമകളിൽ നിന്ന് മുക്തയാകാൻ ഏറെ ദിവസങ്ങളെടുക്കും. തെരുവ് നായയുടെ കടിയേറ്റവർക്ക് മാനസികാഘാതങ്ങളും ഉണ്ടാകുന്ന അസാധാരണമല്ല. ഒാടിച്ചിട്ട് കടിക്കുന്നതും അപ്രതീക്ഷിതമായ കടിയേൽക്കുന്നതും കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങി മുറിവേൽക്കുന്നതുമൊക്കെ ഒാർക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ? നായ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർക്ക് ദയാരഹിതമായ പെരുമാറ്റമാണ് ചില ആശുപത്രി അധികൃതരിൽ നേരിടേണ്ടിവരുന്നത്. അടിയന്തര ചികിത്സ ലഭിക്കേണ്ടവരെ അത്യാഹിത വിഭാഗത്തിലെത്തിച്ചാൽ പ്രഥമ പരിഗണന ലഭിക്കാറില്ല.

മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനപ്രകാരം കേരളത്തിലെ തെരുവ് നായകളുടെ എണ്ണം രണ്ടരലക്ഷത്തിലധികമായി. കൊവിഡിനു ശേഷമാണ് തെരുവ് നായകൾ ക്രമാതീതമായി വർദ്ധിച്ചതെന്നും നിഗമനമുണ്ട്. ഭക്ഷണ സാധനങ്ങളും മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതും നായകളുടെ വന്ധ്യംകരണം മുടങ്ങിയതുമാണ് ഇവയുടെ എണ്ണം കൂടാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ തെരുവ് നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേ‌ടിയവർ എട്ട് ലക്ഷത്തിലധികം പേരാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഡോ.മുഹമ്മദ് ആസിഫ് പറയുന്നു. സാധാരണ വീടുകളിലെ ജനങ്ങളാണ് കടിയേൽക്കുന്നവരിൽ അധികവും.

മരണസംഖ്യ കുതിക്കുന്നു

ആറ് വർഷത്തിനിടെ നാൽപ്പത്തിനാല് പേർ തെരുവ്നായകളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്. ഇൗ വർഷം മാത്രം ഇരുപത് മരണം ഉണ്ടായെന്നത് സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. നായകൾ പിന്തടരുകയും കുറുക്കുചാടുകയും ചെയ്തതിനെ തുടർന്നുണ്ടായ വാഹനാപകടങ്ങളും മരണങ്ങളും വേറെയുമുണ്ട്. കടിയേറ്റവർക്ക് സൗജന്യ പേവിഷ കുത്തിവയ്പ് നൽകുന്നതിന് പ്രതിവർഷം ഇരുപത് കോടിയോളം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു.

തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കാത്തുകൊണ്ടാണ് ആളുകൾക്ക് കടിയേൽക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീകൾ മുഖേന നടത്തിക്കൊണ്ടിരുന്ന വന്ധ്യംകരണ പദ്ധതികൾ നിലച്ചിരിക്കുകയാണ്. തെരുവ്നായകളു‌ടെ വന്ധ്യംകരണ പദ്ധതിയിലൂടെ മാത്രമേ സമൂഹം നേരിടുന്ന ഇൗ വെല്ലുവിളിയെ നേരിടാനാകൂവെന്നാണ് വിദഗ്ദ്ധാഭിപ്രായം. തെരുവ് നായ വന്ധ്യംകരണം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് നടപ്പാക്കാവുന്നതല്ല. രണ്ട് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന ദീർഘകാല പദ്ധതിയാണ് നടപ്പാക്കേണ്ടത്. എഴുപത് ശതമാനത്തിലേറെ നായകളെ വന്ധ്യംകരിച്ചാൽ മാത്രമേ തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയൂവെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.

തെരുവ് നായ ശല്യം വിപത്തായി പരിഗണിച്ച് അവയുടെ പ്രജനനം തടയുന്നതിന് സ്ഥിരം സംവിധാനം ആവശ്യമാണ്. ദീർഘകാല പദ്ധതിയായി കണ്ട് തെരുവ് നായകളെ പി‌ടിക്കാനും വന്ധ്യംകരണം നടത്താനും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. നീളമുള്ള ഇരുമ്പ് പൈപ്പുകളുടെ അഗ്രഭാഗത്ത് വലിയ വലകെട്ടി നായകളെ കുരുക്കി പി‌ടിക്കുന്ന സംവിധാനമാണ് മുൻ വർഷങ്ങളിൽ നടത്തിയിരുന്നത്. ഇപ്പോഴും ചില തദ്ദേശസ്ഥാപനങ്ങൾ ഇത് തുടരുകയും ചെയ്യുന്നുണ്ട്.

സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത ഇൗ മാർഗം ചിലപ്പോൾ വിജയിക്കണമെന്നില്ല. വലയുമായി എത്തുമ്പോൾ നായകൾ ഒാട‌ി രക്ഷപ്പെടുന്ന കാഴ്ചകൾ പതിവാണ്. തെരുവ് നായകളെ നിയന്ത്രിക്കാനായി എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ), എ.എൻ.ഡി (ഏർലി ന്യൂട്ടറിംഗ് ഒാഫ് ഡോഗ്സ്) എന്നീ പദ്ധതികളാണ് നിലവിലുള്ളത്. ഇതിൽ എ.ബി.സി പദ്ധതിയാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കിയിരുന്നത്. ഇതു നിറുത്തലാക്കിയതോടെ തെരുവ് നായ ശല്യം ഏറുകയായിരുന്നു. പ്രശ്നം നിയമസഭയിലെത്തിയതോടെ, തെരുവ് നായകളെ നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.

നിലവാരമില്ലാത്ത

വാക്സിൻ

ചില സർക്കാർ ആശുപത്രികളിൽ പേവിഷബാധയേറ്റവർക്ക് കുത്തിവച്ച വാക്സിൻ ഗുണനിലവാരമില്ലാത്തത് ആയിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വാക്സിനെടുത്ത വീട്ടമ്മ മരണപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. ഇക്കൊല്ലം വാക്സിനെടുത്തിട്ടും നാല് പേർ മരണമടഞ്ഞതായി ഓഗസ്റ്റ് 25 കേരളകൗമുദി റിപ്പോർട്ട് ചെയ‌്തിരുന്നു. ഈ നാല് മരണങ്ങൾ വാക്സിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക പടരാൻ കാരണമായിരിക്കുകയാണ്.

വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവ് നായകളുടെ കടിയേറ്റ് എത്തുന്നവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. തെരുവ് നായ നിയന്ത്രണം ഫലപ്രദമായി തുടർന്നു കൊണ്ടുപോകുന്നതിനൊപ്പം ചികിത്സയ്ക്കും വലിയ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAYHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.