SignIn
Kerala Kaumudi Online
Thursday, 28 March 2024 3.49 PM IST

മുക്കിലും മൂലയിലും വേണ്ട ആരാധനാലയങ്ങൾ

high-court-of-kerala

കോടതികളുടെ സുപ്രധാനവിധികളിൽ കവിതകളും ആപ്‌തവാക്യങ്ങളും ഇടംപിടിക്കുന്നത് ആദ്യസംഭവമല്ല. എന്നാൽ സമൂഹത്തിൽ വളർന്നു വരുന്ന തെറ്റായ പ്രവണത വിശദീകരിക്കാൻ കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വിധിന്യായത്തിൽ ഇങ്ങനെ എഴുതി. 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു' എന്നൊരു മനോഹരഗാനം വയലാർ എഴുതിയിട്ടുണ്ട്. കവി ഇന്നുണ്ടായിരുന്നെങ്കിൽ 'മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു' എന്നതിന് പകരം 'മതങ്ങൾ ആരാധനാലയങ്ങളെ സൃഷ്ടിച്ചു' എന്നു തിരുത്തിപ്പാടുമായിരുന്നു. മുക്കിലും മൂലയിലും ആരാധനാലയങ്ങൾ വേണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നില്ല. മത, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങൾ തുടങ്ങാൻ ഭരണഘടന എല്ലാ മതങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാലിത് എല്ലായിടത്തും സ്ഥാപനങ്ങൾ തുടങ്ങാനുള്ള അനുമതിയല്ല. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് മുക്കിലും മൂലയിലും ആരാധനായലങ്ങൾ ആവശ്യമില്ല'.വയലാറിന്റെ പ്രശസ്‌തമായ വരികളിലൂടെ സമൂഹത്തിൽ ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിഷയം ലളിതമായി തുറന്നു കാട്ടുകയാണ് ഈ വിധിന്യായം. വലിയൊരു സന്ദേശം നൽകുന്ന ഇത്തരം വിധികൾ തുറന്ന ചർച്ചകൾക്ക് വഴിതുറക്കുകയും അതിന്റെ അന്ത:സത്ത ഉൾക്കൊള്ളുകയും വേണം.

ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഉറപ്പാക്കേണ്ടത്. അവർക്ക് വ്യക്തമായ നിർദ്ദേശം ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ഒരു മാനദണ്ഡവുമില്ലാതെ സർക്കാർ പുറമ്പോക്കിലും മറ്റും ആരാധനാലയങ്ങൾ പണിയുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങൾക്ക് വരെ ഇത് വഴിതുറക്കുന്നു. വോട്ട് ബാങ്കിൽ കണ്ണുംനട്ട് ഇരിക്കുന്ന രാഷ്‌ട്രീയ നേതൃത്വം അഴകൊഴമ്പൻ നയം സ്വീകരിക്കുക കൂടി ചെയ്യുന്നതോടെ ആരാധനാലയങ്ങൾ ഒരു നിബന്ധനകളും പാലിക്കാതെ ഉയരും. അത്തരമൊരു കേസ് ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

വാണിജ്യാവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടത്തിൽ പ്രാർത്ഥനാഹാൾ തുടങ്ങാൻ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചതിനെതിരെ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിധി പറഞ്ഞത്.

2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ 1018 വില്ലേജുകളാണുള്ളത്. 29565 ആശുപത്രികൾ മാത്രമുള്ളപ്പോൾ 1,01,140 ആരാധനാലയങ്ങളാണുള്ളത്. ഇതു ആശുപത്രികളുടെ എണ്ണത്തിന്റെ മൂന്നരയിരട്ടി വരും. മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധനാലയങ്ങൾക്ക് അനുമതി നൽകുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കാനും സാദ്ധ്യതയുണ്ട്. ഇവയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. മുകളിൽ പറഞ്ഞ കണക്കുകൾ പരിശോധിക്കുമ്പോൾ ആരാധനാലയങ്ങളുടെ ബാഹുല്യം വ്യക്തമാകും. ആരാധനാലയങ്ങൾ പണിയുന്നതിനെ ആരും എതിർക്കുന്നില്ല. പക്ഷേ, മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. ഒരാശുപത്രി നിർമ്മിക്കണമെങ്കിൽ എവിടെ നിന്നൊക്കെ എൻ.ഒ.സി വാങ്ങണമെന്ന് അതിന് പുറപ്പെടുമ്പോൾ മാത്രമേ വ്യക്തമാകൂ. ഇതൊന്നുമില്ലാതെ വാണിജ്യകെട്ടിടങ്ങൾ രൂപമാറ്റം വരുത്തി ആരാധനാലങ്ങൾ സൃഷ്‌ടിക്കുന്നത് നിയമാനുസൃതമല്ല.

ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറിയാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത്. ഉചിതമായ അപേക്ഷകളിൽ മാത്രമേ അനുമതി നൽകാവൂവെന്ന് നിഷ്‌കർഷിക്കണം. തൊട്ടടുത്ത ആരാധനാലയങ്ങളുമായുള്ള ദൂരമടക്കമുള്ള വസ്തുതകൾ ഇതിന് പരിഗണിക്കണം. മറ്റാവശ്യങ്ങൾക്കു നിർമ്മിച്ച കെട്ടിടങ്ങൾ ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകരുതെന്ന് ഉത്തരവു പുറപ്പെടുവിക്കണം. അത്യപൂർവ സാഹചര്യങ്ങളിലേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂ. അനുമതി നൽകുമ്പോൾ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ടു പരിഗണിക്കണം. വർഗീയ കലാപങ്ങളോ സാമൂഹിക അസ്വാരസ്യമോ ഇല്ലാത്ത സമൂഹത്തിനായാണ് കോടതിയുടെ നിർദ്ദേശങ്ങൾ. ആരാധനാലയങ്ങൾക്ക് ഇനിയും അനുമതി നൽകിയാൽ ആളുകൾക്ക് താമസിക്കാൻ സ്ഥലമുണ്ടാകില്ലെന്ന ദീർഘവീക്ഷണം കേരള നേരിടുന്ന വലിയ പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാനും നവീകരിക്കാനുമുള്ള വ്യവസ്ഥകൾ കർക്കശമാക്കണം. നേരത്തെ ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇളവു നൽകാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോയിരുന്നു. പുതിയവ നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന നിലപാടാണ് ആദ്യം സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇത് തിരിച്ചടിയാകുമെന്ന് മനസിലായതോടെ ജില്ലാ കളക്‌ടർമാർക്ക് അധികാരം കൈമാറുകയായിരുന്നു. ആരാധനാലയങ്ങൾ ധാരാളമുള്ള കേരളത്തിൽ അവ നിർമ്മിക്കുന്നതിന് യഥേഷ്‌ടം അനുമതി നൽകിയാൽ സംഭവിക്കാൻ പോകുന്ന ഗുരുതര പ്രശ്‌നങ്ങൾ ഇനിയെങ്കിലും അധികാരികൾ തിരിച്ചറിയണം. സാമുദായിക സൗഹാർദ്ദവും സമാധാനവും തകരുന്ന ഒരു പ്രവണതയും അനുവദിച്ചു കൂടാ. നിലവിലുള്ള ആരാധനാലയങ്ങൾ നവീകരിക്കുമ്പോഴും അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമാക്കണം. സമീപവാസികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലല്ല നവീകരണ പ്രവർത്തനങ്ങളെന്ന് ഉറപ്പാക്കേണ്ടത് അധികൃതരാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കരുത്. ഇന്ന് റോഡ് വികസനങ്ങൾക്ക് ആരാധനാലയങ്ങൾ ത‌ടസമാകുന്നുണ്ട്. ഇത് വലിയൊരു ക്രമസമാധാന പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. അതിനാൽ അനുമതി നൽകുമ്പോൾ റോഡ് വികസനത്തിന്റെ കാര്യം കൂടി പരിഗണിക്കപ്പെടണം. ഇപ്പോഴും ആരാധാനായങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് വലിയൊരു പ്രശ്‌നമാണ്. കോടതികളിൽ കേസുകളും നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് ആരാധനാലയത്തിലേക്ക് കടക്കാൻ അണ്ടർ പാസ് നിർമ്മിക്കണമെന്ന ഹൈക്കോടതി വിധി ഇപ്പോഴും കോൾഡ് സ്‌റ്റോറേജിലാണ്. ആരാധാനാലയങ്ങളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കായതിനാൽ ട്രാഫിക് ഉദ്യോഗസ്ഥരും കാര്യമായ പരിഗണന നൽകാറില്ല. ഇതിന് സമീപം കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന കച്ചവട സ്ഥാപനങ്ങളും കൂടിയാകുമ്പോൾ പൊതുജനം മണിക്കൂറുകളോളമാണ് വഴിയിൽ കിടക്കുന്നത്. അതിനാൽ പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് പകരം പഴയവ സംരക്ഷിക്കുകയാണ് വേണ്ടത്. കിടപ്പാടമില്ലെങ്കിൽ ആരാധനാലയങ്ങൾ നിറഞ്ഞിട്ടെന്തു കാര്യമെന്ന് വേണം ചിന്തിക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.