കൊച്ചി: നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി. അതിനിടെ, ഒരാളെക്കൂടി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന വരാപ്പുഴ സ്വദേശിയെയാണ് പ്രവേശിപ്പിച്ചത്. ഇയാളുടേത് ഉൾപ്പെടെ അഞ്ചുപേരുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളുമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഐസൊലേഷൻ വാർഡിലുള്ള എട്ട് രോഗികളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കളമശേരി മെഡിക്കൽ കോളേജിൽ 30 പേരെ കിടത്താവുന്ന പുതിയ ഐസൊലേഷൻ വാർഡ് സജ്ജമാക്കി ട്രയൽ റൺ നടത്തി. ആകെ 329 പേരാണ് സമ്പർക്ക ലിസ്റ്റിലുള്ളത്. ഇവരിൽ 52 പേർ ഹൈറിസ്ക് വിഭാഗത്തിലും 277 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തൊടുപുഴ, മുട്ടം മേഖലകളിൽ നിന്നുള്ള 52 പഴംതീനി വവ്വാലുകളിൽ നിന്ന് 22 സാമ്പിളുകൾ ശേഖരിച്ചു. ഈ സാമ്പിളുകൾ പൂനെയിലേക്ക് അയയ്ക്കും. ഇന്ന് ആലുവ, പറവൂർ മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുമുണ്ട്.