കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കിയ പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരളം മനോഹരമായ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളികൾക്ക് അദ്ദേഹം ഓണാശംസയും നേർന്നു. 'ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം. എല്ലാവർക്കും ഓണാശംസകൾ. സാംസ്കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
ഒരു ലക്ഷം കോടിയുടെ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കി. ബി.ജെ.പിയുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പിലാകും. കാരണം അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഇതിൽ ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്’ – മോദി പറഞ്ഞു.
പൊതുയോഗത്തിന് ശേഷം പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തും. ശൃംഗേരിമഠം അഡ്മിനിസ്ട്രേറ്റർ വി.ആർ. ഗൗരിശങ്കർ പൂർണകുംഭം നൽകി സ്വീകരിക്കും. ശ്രീശാരദ സന്നിധിയിലാണ് ആദ്യം ദർശനം. ശ്രീകോവിലിൽ മംഗളാരതിയിൽ പങ്കെടുക്കും. ശ്രീശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിയും ശ്രീശക്തി ഗണപതി സന്നിധിയും സന്ദർശിക്കും.
കൊച്ചി മെട്രോയുടെ പുതിയ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിനാണ് ചടങ്ങ് നടക്കുക. ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയക്ക് രണ്ട് മണിമുതൽ എട്ട് മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.