SignIn
Kerala Kaumudi Online
Friday, 29 March 2024 5.57 PM IST

എന്തുകൊണ്ട് ലോകായുക്ത ഭേദഗതി?

lokayuktha

ലോകായുക്ത ഭേദഗതി നിയമം നിയമസഭ പാസാക്കിയത് വിശദമായ ചർച്ചകൾക്ക് ശേഷമാണ്. കേന്ദ്ര ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾക്കും സംസ്ഥാന ലോകായുക്ത മാതൃകാ നിയമത്തിന്റെ ചുവടുപിടിച്ചും ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതവുമായാണ് ഭേദഗതി നിയമമാക്കിയത്. ലോകായുക്ത അന്വേഷണത്തിനും പരിശോധനയ്‌ക്കും ചുമതലപ്പെടുത്തിയ സംവിധാനമാണെന്ന് നിയമത്തിന്റെ ആമുഖത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ നിയമങ്ങളിലൊന്നും ശിക്ഷവിധിക്കാനും നിർബന്ധമായും നടപ്പിലാക്കാനും വ്യവസ്ഥചെയ്യുന്ന വകുപ്പുകളില്ലാത്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽനടന്ന അഴിമതിവിരുദ്ധ സമരഘട്ടത്തിൽ അവതരിപ്പിച്ച ജനലോക്പാൽ ബില്ലിലും കേരളത്തിലെ ലോകായുക്തയിലെ 14ാം വകുപ്പിന് സമാനമായ വകുപ്പില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടയുള്ളവർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം ലോകായുക്തക്ക് നൽകിയിരിക്കുന്നു. അത് ഉടൻതന്നെ നടപ്പിലാക്കണമെന്ന നിർബന്ധവ്യവസ്ഥയും നിയമത്തിലുണ്ട്. ഭരണഘടനപ്രകാരം മുഖ്യമന്ത്രി തുടരുന്നത് സഭയുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിമാർ തുടരുന്നത് 'പ്രീതി' യുടെ അടിസ്ഥാനത്തിലാണ്. അത് മുഖ്യമന്ത്രിയുടെ ശുപാർശയിലുള്ള ഗവർണറുടെ പ്രീതിയിലാണ്. ഈ ഭരണഘടനാ വ്യവസ്ഥയുള്ളിടത്തോളം കോടതികൾക്ക് പോലും സ്ഥാനമൊഴിയണമെന്ന് വിധിക്കാനുള്ള അധികാരമില്ലെന്ന് ഉന്നത നീതിപീഠങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്കാണ് അധികാരം. എന്നാൽ നിയമം ഏതെങ്കിലും തരത്തിൽ തെറ്റാണെന്നു തോന്നിയാൽ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ നിയമസഭയ്‌ക്ക് അധികാരമുണ്ട്.
ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമസഭയേയും മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയേയും എം.എൽ.എ മാരുടെ കാര്യത്തിൽ സ്പീക്കറേയുമാണ് കോപിംറ്റന്റ് അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ലോക്പാലിനു സമാനമാണ്. പ്രധാനമന്ത്രിയുടെ കാര്യത്തിൽ ലോക്‌സഭയും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനമന്ത്രിയും എം.പിമാരുടെ കാര്യത്തിൽ സ്പീക്കറും രാജ്യസഭ ചെയർമാനുമാണ് കോപിംറ്റന്റ് അതോറിറ്റി. ലോക്പാലിലെ 24ാം സെക്ഷൻ പ്രകാരം ലോക്പാൽ റിപ്പോർട്ട് കോപിംറ്റന്റ് അതോറിറ്റിക്ക് നൽകണം. പ്രധാനമന്ത്രി ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്‌സഭയിലായതു കൊണ്ടാണ് അപ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഇവയെല്ലാം ഭരണഘടനാ വ്യവസ്ഥപ്രകാരമാണ് നിശ്ചയിച്ചിട്ടുള്ളത്.
മാതൃകാ ലോകായുക്ത നിയമപ്രകാരമാണെങ്കിൽ 90 ദിവസത്തിനുള്ളിൽ എടുത്ത നടപടി ബന്ധപ്പെട്ട കോപിറ്റന്റ് അതോറിറ്റി ലോകായുക്തയെ അറിയിക്കണം. ഇതേവ്യവസ്ഥയാണ് 14ാം വകുപ്പിൽ ചേർത്തിരിക്കുന്നത്. ശുപാർശ നടപ്പിലാക്കുന്നില്ലെങ്കിൽ അതിന്റെ കാരണം കൂടി അറിയിക്കണമെന്ന വ്യവസ്ഥ കൂടുതലായി ചേർത്തിരിക്കുന്നു. ലോക്പാൽ നിയമത്തിലെ സെഷൻ 36 ൽ ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള അഴിമതിയുടെ കാര്യത്തിൽ സാധാരണ സാഹചര്യത്തിൽ നിർദ്ദേശം നടപ്പിലാക്കണമെന്ന് പറയുന്നതിനൊപ്പം നടപ്പിലാക്കുന്നില്ലെങ്കിൽ കാരണം രേഖാമൂലം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥർക്ക് മാത്രം ബാധകമായ വ്യവസ്ഥ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും ബാധകമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. എന്നാൽ, പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ മാറ്റണമെന്ന നിർദ്ദേശിക്കാൻ ലോക്പാലിന് അധികാരമില്ല. എന്നാൽ കർണ്ണാടക ഒഴികെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത, മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന ശുപാർശ നൽകാൻ ഭേദഗതിചെയ്ത നിയമത്തിലും ലോകായുക്തക്ക് അധികാരം നൽകുന്നു. കർണ്ണാടകയിൽ ഇത് സ്വീകരിക്കാനോ തള്ളിക്കളയാനോ കോപിംറ്റന്റ് അതോറിറ്റിക്ക് അധികാരവും നൽകിയിട്ടുണ്ട്.
ലോകായുക്തയ്‌ക്ക് ജുഡീഷ്യൽ അധികാരമുണ്ടെന്നും ജുഡീഷ്യൽ തീരുമാനത്തിന്റെ അപ്പലേറ്റ് അധികാരിയായി എക്‌സിക്യൂട്ടീവ് മാറുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷമുയർത്തിയ പ്രധാന വിമർശനം. ഇത് അന്വേഷണ സംവിധാനം മാത്രമാണെന്നും ശിക്ഷവിധിക്കാനോ അത് നടപ്പിലാക്കണമെന്ന് നിർബന്ധിക്കാനോ ഉള്ള അധികാരമില്ലെന്നും State of Kerala v Bernard (2002 KHC 765) കേസിൽ ജസ്റ്റിസ് ശ്രീകൃഷ്ണയും ജസ്റ്റിസ് ശിവരാമനുമുള്ള ഡിവിഷൻ ബെഞ്ച് വിധിക്കുകയുണ്ടായി. ലോകായുക്ത കോടതിക്ക് തുല്യമല്ലെന്ന് അസന്നിഗ്ദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചു. കെ.ടി ജലീലിന്റെ കേസിൽ അപ്പീൽസംബന്ധമായ കാര്യങ്ങളാണ് പരിശോധിച്ചിട്ടുള്ളത്. ബർണാഡ് കേസിലെ വിധി ഈ കേസിൽ പരാമർശിക്കുകയോ വിധിയിലെ മൗലികമായ നിഗമനങ്ങൾ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
ശ്രീ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ലോകായുക്തയ്‌ക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന നിയമഭേദഗതി കൊണ്ടുവരണമോ എന്ന പ്രശ്‌നം പരിശോധിക്കുകയുണ്ടായി. അങ്ങനെ നൽകുന്നത് നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്ന നിയമവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് എ.കെ ആന്റണി മന്ത്രിസഭ തീരുമാനിച്ചു. ജുഡീഷ്യൽ തീരുമാനമെടുക്കാനുള്ള അധികാരം ലോകായുക്തയ്‌ക്ക് ഭരണഘടനാ പ്രകാരവും നിയമപ്രകാരവും ഇല്ലാത്തതുകൊണ്ടാണ് ഉയർന്ന കോടതികൾക്ക് അപ്പീൽ അധികാരം നൽകാത്തത്. റിപ്പോർട്ടും ശുപാർശയും നൽകാനുള്ള അധികാരം മാത്രമല്ല ലോകായുക്തയ്‌ക്കുള്ളത്. സെക്ഷൻ 15 പ്രകാരം കുറ്റം ചെയ്‌തെന്നു തോന്നിയാൽ ഏതു കോടതിയിലേക്കും പ്രോസിക്യൂഷന് നൽകാനും അധികാരം ലോകായുക്തക്കുണ്ട്. '2013 ൽ ലോക്പാൽ നിയമം വന്നതിനുശേഷം അതിന്റെ അടിസ്ഥാനത്തിൽ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഈ ഭേദഗതിയിലൂടെ ആ ദൗത്യവും കൂടി നിർവഹിച്ചിട്ടുണ്ട്. ലോകായുക്തയെ നിയമാനുസൃത സംവിധാനമാക്കി മാറ്റുന്നതിനെതിരെ ഉയർത്തിയ ആക്ഷേപങ്ങൾ സഭയിൽ തുറന്നുകാട്ടിയിരുന്നു. 1968ൽ ലോകസഭ പാസാക്കിയ ലോക്പാൽ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ പോലും കോൺഗ്രസ്സ് തയ്യാറായില്ല. നാലരപതിറ്റാണ്ടിനു ശേഷം കൊണ്ടുവന്ന ബില്ലിൽ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. സമ്മർദ്ദത്തിനുശേഷം പ്രധാനമന്ത്രിയെ കൂടി ഉൾപ്പെടുത്തിയപ്പോഴും വലിയ നിയന്ത്രണങ്ങളുണ്ടാക്കി. Public Order നെ ബാധിക്കുമെന്ന് തോന്നിയാൽപ്പോലും പരാതി സ്വീകരിക്കേണ്ട. സ്വീകരിച്ചാൽ അന്വേഷണം in camera യിൽ ആയിരിക്കണമെന്നും പരാതി തള്ളിയാൽ കാരണങ്ങൾ പരാതിക്കാരനുൾപ്പെടെ ആർക്കും നൽകേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. ഫലത്തിൽ പ്രധാനമന്ത്രിയെ ഒഴിവാക്കിയ നിയമം കേന്ദ്രത്തിൽ കൊണ്ടുവന്ന കോൺഗ്രസ്സ്, മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും ആന്ധ്രയിലും കൊണ്ടുവന്ന നിയമങ്ങളുടെ പരിധിയിൽ മുഖ്യമന്ത്രിയില്ല. അപ്പോൾ ഇവിടെ നടത്തിയ പ്രകടനം പരിഹാസ്യമല്ലേ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTA AMENDMENT BILL KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.