SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.19 PM IST

കൊടികുത്തി തടയരുത് വ്യവസായ വികസനം

photo

കഷ്ടപ്പെട്ടു തുടങ്ങിയ സംരംഭങ്ങളും വികസനപദ്ധതികളും മുടക്കാൻ വേണ്ടി രാഷ്ട്രീയകക്ഷികൾ കൊടികൾ നാട്ടുന്നതിനെതിരെ വ്യവസായമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നിയമസഭയിൽ ഓർമ്മിപ്പിച്ചത് നന്നായി. വിവേചനരഹിതവും വിവേകശൂന്യവുമായ ഇടപെടലുകൾ കാരണം വ്യവസായ സംരംഭങ്ങൾ പൂട്ടിപ്പോകുന്ന സ്ഥിതി സംസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. അപ്പോഴെല്ലാം ഈ ദുഷ്‌പ്രവണതയ്ക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരാറുണ്ട്. തെറ്റുതിരുത്താൻ ചിലപ്പോൾ ശ്രമങ്ങളുണ്ടായെന്നുവരും. എന്നിരുന്നാലും അധികം സംഭവങ്ങളിലും സംരംഭകർ മനംമടുത്ത് കളംവിടുന്ന കാഴ്ചയാണു കാണേണ്ടിവരുന്നത്. സ്ഥാപനത്തിനു മുന്നിൽ ഏതെങ്കിലുമൊരു പാർട്ടിയുടെ ആൾക്കാർ കൊടി ഉയർത്തുകയെന്നാൽ സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതി വന്നുചേർന്നിരിക്കുന്നു എന്നാണർത്ഥം. അവിടെ പണിയെടുക്കുന്നവരെ ഭീഷണിപ്പെടുത്തിയും സ്ഥാപനത്തിൽ വരുന്ന ഇടപാടുകാരെ വിലക്കിയും കൊടിനാട്ടിയവർ മുന്നേറുമ്പോൾ സ്ഥാപനത്തിന് പൂട്ടിട്ട് തോറ്റുകൊടുക്കുകയേ ഉടമയ്ക്കു നിർവാഹമുള്ളൂ. കൊടി നാട്ടിയവരെ നയിക്കുന്ന പാർട്ടിയുടെ നേതൃത്വം യഥാസമയം ഇടപെട്ടാൽ തീർക്കാവുന്ന പ്രശ്നമേ മിക്കവാറും കാണുകയുള്ളൂ. പക്ഷേ അവർ ഇടപെടാതെ മാറിനിൽക്കും. സംരംഭം പൂട്ടി ഉടമ കയറെടുക്കുകയോ നാടുവിടുകയോ ബാദ്ധ്യതകൾ തീർക്കാനാവാതെ കുത്തുപാളയെടുക്കുകയോ ചെയ്യുമ്പോഴാകും നേതൃത്വത്തിനു ബോധമുണ്ടാകുന്നത്. അടുത്തകാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊടികുത്തലും സമരവും കാരണം നിരവധി ചെറിയ സംരംഭങ്ങൾ പൂട്ടേണ്ടിവന്നിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടും സംരംഭം തുറക്കാൻ പോലുമാകാതെ പരാജയപ്പെട്ട് പിൻവാങ്ങേണ്ടിവന്നവരുണ്ട്. ഉള്ളതെല്ലാം വിറ്റുപെറുക്കി സംരംഭം തുടങ്ങാൻ ശ്രമിച്ച് സമരക്കാരുടെ മുമ്പിൽ അടിയറവു പറഞ്ഞ് ജീവിതംതന്നെ അവസാനിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ചെറുകിട യൂണിറ്റുകൾ മാത്രമല്ല വലിയ വ്യവസായ സംരംഭങ്ങൾ വരെ പൂട്ടിപ്പോയതിനു പിന്നിൽ ഇത്തരം സമരക്കാരെ കാണാം. സംസ്ഥാനത്ത് അൻപതോളം വൻ വ്യവസായങ്ങൾ പൂട്ടിപ്പോയതിനു പിന്നിൽ കൊടികുത്തൽ സമരമാണെന്ന് നിയമസഭയിൽ ഒരു മെമ്പർ ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കും വ്യവസായ പുരോഗതിക്ക് ഇണങ്ങുന്നതല്ലെന്ന പരാതിയും വ്യാപകമാണ്. പരോക്ഷമായി മന്ത്രിയും ഇതു ശരിവച്ചത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥർ അവിശ്വാസത്തിന്റെ കണ്ണടവച്ചാണ് നിക്ഷേപകരെ കാണുന്നതെന്നാണ് മന്ത്രി പറഞ്ഞത്. വിശ്വാസത്തിന്റെ കണ്ണട ധരിച്ച് അവർ നിക്ഷേപകരെ വരവേൽക്കണം.

സംസ്ഥാനത്ത് അഞ്ചുമാസം കൊണ്ട് 51716 സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞത് നേട്ടമാണ്. എന്നാൽ അവയിൽ എത്രയെണ്ണം ബാലാരിഷ്ടതയെങ്കിലും കടന്ന് മുന്നോട്ടുപോകുമെന്ന് അറിയേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ രാഷ്ട്രത്തിനു സമർപ്പിക്കുന്ന ഐ.എൻ.എസ് വിക്രാന്തിനാവശ്യമായ യന്ത്രഭാഗങ്ങളിൽ പലതും ഇവിടത്തെ നൂറോളം ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിർമ്മിച്ചവയാണെന്ന് മന്ത്രി രാജീവ് പറയുകയുണ്ടായി. പണിമുടക്കുമൂലം ഒരൊറ്റദിവസം പോലും നഷ്ടപ്പെടാതെയാണ് ഈ യൂണിറ്റുകൾ പ്രവൃത്തിയെടുത്തതെന്ന് അദ്ദേഹം അഭിമാനത്തോടെയാണു പറഞ്ഞത്. വേണമെന്നുവച്ചാൽ മാതൃകയാകാനും നമുക്കു കഴിയുമെന്നതിന്റെ തെളിവാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDUSTRIES AND POLITICAL PARTIES IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.