തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം കലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിലേക്ക് മൂന്നേ മൂന്ന് താരങ്ങളുമായെത്തി മൂന്ന് റെക്കാഡുകൾ സ്വന്തമാക്കിയ സന്തോഷത്തിലാണ് കാസർകോട് കെ.സി ത്രോസ് അക്കാദമിയുടെ പരിശീലകനും മുൻ ദേശീയ താരവുമായ കെ.സി ഗിരീഷ്.
മൂന്ന് മീറ്റ് റെക്കാഡുകൾക്കൊപ്പം നാല് സ്വർണ്ണവും രണ്ട് വെള്ളിയുമാണ് കെ.സി ത്രോസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തത്. ആദ്യ ദിനത്തിൽ ഷോട്ട്പുട്ടിൽ റെക്കാഡ് നേടിയ അഖില രാജു രണ്ടാം ദിനത്തിൽ ഡിസ്കസ് ത്രോയിലും റെക്കാഡ് നേട്ടക്കാരിയായി. രണ്ടിനങ്ങളിലാണ് വി.എസ് അനുപ്രിയ വെള്ളി നേടിയത്. ഷോട്ട്പുട്ടിൽ സ്വർണം നേടിയ കെ.സി സെർവാൻ ഡിസ്കസെറിഞ്ഞപ്പോൾ റെക്കാഡ് തിളക്കമുള്ള സ്വർണവും നേടാനായി. മൂന്ന് വർഷം മുമ്പാണ് കാസർകോട് ചെറുവത്തൂരിൽ കെ.സി ത്രോസ് അക്കാദമി രൂപീകരിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന ക്ലബ് അത്ലറ്റിക്സ് മീറ്റിലും കെ.സി ത്രോസ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |