പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന വീട്ടിൽ വർഗീസിന്റെ മകൻ സ്റ്റോയ് വർഗീസ് (26) ആണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കപ്പെട്ടത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2020 മുതൽ ഇതുവരെ 7 ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. തിരുവല്ല പൊലീസ് സ്റ്റേഷന് പുറമെ, തൃക്കൊടിത്താനം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. അടിക്കടി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി പൊതുസമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്ന പ്രതി, അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, മാരകയുധങ്ങളുമായുള്ള ആക്രമണം, കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീകളെ ഭീഷണിപ്പെടുത്തൽ, ഗുണ്ടാപ്പിരിവ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടയാളാണ്. ഇയാളുടെ സഹോദരൻ സ്റ്റാൻ വർഗീസും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ഇയാൾ നാടുകടത്തപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |