SignIn
Kerala Kaumudi Online
Friday, 29 March 2024 6.13 PM IST

വികസനത്തിന്റെ പുതിയ ഉദയം

photo

അഞ്ച് റെയിൽവേ വികസന പദ്ധതികൾ കേരളത്തിനുള്ള ഓണോപഹാരമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ഒപ്പം പുതിയൊരു വികസന സംസ്കാരം കേരളത്തിൽ ഉദയം ചെയ്തിരിക്കുകയാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. റെയിൽ, റോഡ് വികസനത്തിനപ്പുറം കേരളത്തിന് ഏറ്റവും അഭിമാനിക്കാവുന്നത് ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം നമ്മുടെ സംസ്ഥാനത്തെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് പൂർത്തിയാക്കിയത് എന്ന കാര്യമാണ്.

ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിയായ ഐ. എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നു എന്നാണ്. ഈ യുദ്ധക്കപ്പൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാദ്ധ്യമല്ലെന്നും ഇതോടെ ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കിത് അഭിമാന നേട്ടമാണെന്നാണ് ചടങ്ങിൽ സംബന്ധിച്ച നാവികസേനാ മേധാവിയും മലയാളിയുമായ അഡ്‌മിറൽ ആർ. ഹരികുമാർ അഭിപ്രായപ്പെട്ടത്. ആത്മനിർഭർ ഭാരതിന്റെ സാരാംശം ഇന്ത്യയ്ക്ക് ആവശ്യമായതെല്ലാം ഇന്ത്യയിൽത്തന്നെ നിർമ്മിക്കുക എന്നതാണ്. മെയ്‌ക്ക് ഇൻ ഇന്ത്യ എന്നതിന്റെ അടുത്ത ഘട്ടവും ലക്ഷ്യവും മെയ്‌ക്ക് ഫോർ ദി വേൾഡ് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞത് വരാൻ പോകുന്ന സാമ്പത്തിക വളർച്ച കൂടി കണക്കിലെടുത്താവണം.

കെ - റെയിലിന്റെ പേര് പറയാതെയാണെങ്കിലും,​ സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി സമർപ്പിച്ച പദ്ധതികൾക്ക് എത്രയും വേഗം കേന്ദ്രം അനുമതി നൽകണമെന്ന് പ്രധാനമന്ത്രി പങ്കെടുത്ത മെട്രോ റെയിൽ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിക്കുകയും ചെയ്തു. പുതിയ വാഹനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നവരിൽ മുൻപന്തിയിലാണ് കേരളീയർ. ഇത് സ്വാഭാവികമായും റോഡുകളിലെ ബാഹുല്യം വർദ്ധിപ്പിക്കും. ഇത് ഒഴിവാക്കുക എന്ന കേരളത്തിന്റെ താത്‌പര്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. അതിന് കുറവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി പരിഹരിച്ച് അനുമതി നൽകാനുള്ള മൂല്യവത്തായ സഹകരണമാണ് യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത്. എല്ലാത്തിലും രാഷ്ട്രീയം കലർത്തി ഒന്നും നടക്കാത്ത അവസ്ഥ സംജാതമാക്കാൻ വലിയ കഴിവൊന്നും വേണ്ട. ഏതു കാര്യമാണെങ്കിലും കാര്യപ്രാപ്തിയോടെ നിർവഹിക്കുമ്പോഴാണ് നമ്മുടെ നാടിന്റെയും ജനങ്ങളുടെയും അഭിമാനം ഉയരുന്നത്. ഭിന്നതകൾ മറന്ന് അത്തരം ശ്രമങ്ങൾക്കാവണം രാഷ്ട്രീയഭേദമെന്യേ നേതാക്കൾ മുൻഗണന നൽകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVELOPMENT PROJECTS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.