മലപ്പുറം: കൊവിഡിൽ രണ്ടുവർഷം ഓണാഘോഷം ഓൺലൈനിലായതിലെ സങ്കടം പലിശ സഹിതം വീട്ടിയ സന്തോഷത്തിലായിരുന്നു ഇന്നലെ ജില്ലയിലെ കലാലയങ്ങളും സ്കൂളുകളും. കസവുമുണ്ടും സാരിയും ഉടുത്ത് അണിഞ്ഞൊരുങ്ങിയ കൗമാരം ആഘോഷപൂർവ്വം പൊന്നോണത്തെ വരവേറ്റു. ഓണാവധിക്ക് അടയ്ക്കുന്നതിനാൽ ഇന്നലെ ആയിരുന്നു കൂടുതൽ കലാലയങ്ങളിലും സ്കൂളുകളിലും ഓണാഘോഷം അരങ്ങേറിയത്.
കൊവിഡ് കാലത്ത് പ്രവേശനം നേടിയ കോളേജ് വിദ്യാർത്ഥികൾക്ക് ഇത്തവണയാണ് ഓണം കെങ്കേമമാക്കാനുള്ള അവസരം ലഭിച്ചത്. ഇതിന്റെ ആവേശം കലാലയങ്ങളിലെ ഒരുക്കങ്ങളിലും പ്രകടമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വാടിയ പൂവിപണിയും കലാലയങ്ങളിലെ അത്തപ്പൂക്കള മത്സരങ്ങളോടെ ഉണർന്നു. കോളേജ് കവാടത്തിൽ നിന്നും ആർപ്പുവിളികളോടെ മാവേലിയെ കാമ്പസിലേക്ക് വരവേറ്റ കൗമാരം രാവിലെ മുതലേ ആഘോഷ വെടിക്കെട്ടുകൾക്ക് തിരികൊളുത്തി. അത്തപ്പൂക്കള മത്സരത്തോടെ ആയിരുന്നു തുടക്കം. പ്രാദേശികമായി കിട്ടുന്നവ കൊണ്ടുള്ള പൂക്കളങ്ങൾക്ക് പ്രാധാന്യമേകിയിരുന്നെങ്കിലും ഇവയുടെ ലഭ്യതക്കുറവ് മൂലം പതിവുപോലെ മറുനാടൻ പൂക്കളങ്ങളായിരുന്നു നിറഞ്ഞുനിന്നത്. പൂക്കളങ്ങൾക്ക് മാർക്കിട്ട് അദ്ധ്യാപകരും ഓണാവേശത്തിന് തുടക്കമിട്ടു. ക്ലാസ്, ഡിപ്പാർട്ട്മെന്റ് തലങ്ങൾ തിരിച്ചുള്ള മത്സരങ്ങൾ ആവേശത്തിന്റെ ആർപ്പുവിളി മുർദ്ധന്യത്തിലെത്തിച്ചു. ഡ്രസ് കോഡിനും ബി.ജി.എം അകമ്പടിക്കുമൊപ്പം ട്രെൻഡായ കൂളിംഗ് ഗ്ലാസ് കൂടിയായതോടെ നല്ലൊരു ആഘോഷ സദ്യ കഴിച്ച പ്രതീതി. സുന്ദരിക്ക് പൊട്ടുകുത്തിയും ഓണപ്പാട്ടിന് താളം പിടിച്ചും കസേരക്കളിയുടെ ഭാഗമായി ഓടിയും വടംവലിച്ചുമുള്ള ക്ഷീണം സദ്യയിലും പായസത്തിലും തീർത്തു. സ്കൂളുകളിൽ പി.ടി.എയുടെയും കോളേജുകളിൽ വിദ്യാത്ഥി യൂണിയനുകളുടെയും നേതൃത്വത്തിലായിരുന്നു സദ്യയൊരുക്കിയത്. അടുത്തൊരു ഓണക്കാലം വരെ നീളുന്ന ഓർമ്മകൾക്കായി ആർപ്പോ വിളിയുടെ ആവേശം പതിയുന്ന സെൽഫിയുമെടുത്താണ് കൗമാരം പിരിഞ്ഞത്.
പൂവ് വാങ്ങാൻ മറക്കേണ്ട
ഓണപ്പൂക്കളം കളറാക്കാൻ വിപണിയിൽ പൂക്കളുടെ കലവറ തന്നെയുണ്ട്. അത്തം തൊട്ട് വീടുകളിൽ പൂക്കളമിടാൻ ആളുകൾ കൂടുതലും കൊണ്ടുപോവുന്നത് ചെണ്ടുമല്ലി പൂക്കളാണ്. വാടാമല്ലി, വെള്ള അരളി, റോസ് അരളി, മഞ്ഞ ജമന്തി, വെള്ള ജമന്തി, ഡാലിയ, റോസ് എന്നിങ്ങനെ പൂക്കളുണ്ട്. ഓറഞ്ച് ചെണ്ടുമല്ലിക്കാണ് വിലക്കുറവ്. കിലോയ്ക്ക് 100 രൂപയും മഞ്ഞ ചെണ്ടുമല്ലിക്ക് 150 രൂപയുമാണ് വില. കോളേജുകളിലെ അത്തപ്പൂക്കള മത്സരങ്ങൾ മുന്നിൽ കണ്ട് ഇന്നലെ പലയിടങ്ങളിലും പൂക്കൾക്ക് വില കൂട്ടിയിരുന്നു. തിരുവോണം അടുക്കുന്നതോടെ പൂവിപണിയിൽ വില കൂടുമെന്ന ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |