ന്യൂയോർക്ക്: മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റിട്ടും പതറാതെ പൊരുതിയ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ കുതിപ്പ് തുടരുന്നു.പുരുഷ സിംഗിൾസിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ നാല് സെറ്റ്നീണ്ട പോരാട്ടത്തിൽ കീഴടക്കി നദാൽ മൂന്നാം റൗണ്ടിൽ എത്തി. ആദ്യ സെറ്റ് 2-6ന് ഫോഗ്നിനിക്ക് മുന്നിൽ അടിയറവ് വച്ച നദാൽ എന്നാൽ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തി രണ്ടും മൂന്നും നാലും സെറ്റുകൾ യഥാക്രമം 6-4,6-2,6-1ന് സ്വന്തമാക്കുകയായിരുന്നു.
ഇതിനിടെ നാലാം സെറ്റിൽ ഒരു റിട്ടേണിനിടെ റാഫയുടെ റാക്കറ്റ് കോർട്ടിലിടിച്ച് ബൗൺസ് ചെയ്ത് അദ്ദേഹത്തിന്റെ തന്നെ മൂക്കിൽ കൊള്ളുകയായിരുന്നു. രക്തം വന്നതോടെ റാഫ മെഡിക്കൽ ബ്രേക്ക് എടുത്തു. 3-0ത്തിന് മുന്നിലായിരുന്നു അപ്പോൾ റാഫ. തുടർന്ന് മൂക്കിൽ ബാൻഡേജ് അണിഞ്ഞ് കോർട്ടിലെത്തിയ റാഫ 6-1ന് ആ സെറ്റ് അനായാസം സ്വന്തമാക്കി മൂന്നാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു.
വനിതാ സിംഗിൾസിൽ ഗാർബീൻ മുഗുരുസ, കരോളിന് പ്ലിസ്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ എത്തി.
ബൈ ബൈ ലെജൻഡ്
യു.എസ് ഓപ്പൺ വനിതാ ഡബിൾസിൽ അമേരിക്കൻ ഇതിഹാസങ്ങളായ വില്യംസ് സഹോദരിമാർ ആദ്യ റൗണ്ടിൽ പുറത്തായി.
ഇരുവരുടേയും കരിയറിലെ അവസാന ഗ്രാൻഡ് സ്ലാം എന്ന് ഏറെക്കുറെ ഉറപ്പായ ഇത്തവണത്തെ യു.എസ് ഓപ്പണിൽ വനിതാഡബിൾസ് ആദ്യ റൗണ്ടിൽ ചെക്ക് ജോഡി ലൂസി ഹ്രഡേക്ക- ലിൻഡ നൊസ്ക്കോവ സഖ്യത്തോടാണ് പൊരുതി തോറ്റത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം നടത്തിയ ശേഷം ടൈബ്രേക്കറിലാണ് 42കാരിയായ വീനസും 40 കാരിയായ സെറീനയും കീഴടങ്ങിയത് (6/7). അടുത്ത സെറ്റ് 6-4ന് സ്വന്തമാക്കി ചെക്ക് ജോഡി വിജയം സ്വന്തമാക്കി.
2018ന് ശേഷം ആദ്യമായാണ് സെറീനയും വീനസും ഡബിൾസിൽ ഒരുമിച്ച് മത്സരിക്കുന്നത്. 14 ഗ്രാൻസ്ലാം കിരീടങ്ങളും 3 ഒളിമ്പിക് സ്വർണ മെഡലുകളും സെറീന - വീനസ് സഖ്യം നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. വൈൽഡ് കാർഡിലൂടെയാണ് ഇത്തവണ യു.എസ് ഓപ്പൺ ഡബിൾസിന് ഇരുവരും ഇറങ്ങിയത്. ഈ യു.എസ് ഓപ്പണോടെ വിരമിക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ച സെറീന സിംഗിൾസിൽ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്.
അസരങ്കയ്ക്ക് കൈ കൊടുക്കാതെ മാർത്ത
യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരെ പ്രതിഷേധം. രണ്ടാം റൗണ്ടിൽ തന്നെ തോൽപ്പിച്ച ബെലറൂസ് താരം വിക്ടോറിയ അസരങ്കയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകാൻ യുക്രെയിൻ താരം മാർത്ത കോസ്റ്റ്യക്ക് വിസമ്മതിച്ചു. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്ക്ക് വലിയ പിന്തുണ കൊടുക്കുന്ന രാജ്യമാണ് ബെലറൂസ്. അസരങ്കയും മാർത്തയും മത്സരശേഷം ഷെയ്ക്ക് ഹാൻഡിന് പകരം റാക്കറ്റ് മുട്ടിച്ചാണ് അഭിവാദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |