കാസർകോട് : കാസർകോട് ജില്ലയിലെ പെരിയ ആയമ്പാറയിലെ നഴ്സിംഗ് കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവകലാശാല വടക്കൻ മേഖല കലോത്സവത്തിൽ 67 പോയിന്റ് നേടിയ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മുന്നിലെത്തി. 40 പോയിന്റുകൾ വീതം നേടിയ വി.പി.എസ്.വി ആയുർവേദ കോളേജ് കോട്ടക്കൽ, ഗവൺമെന്റ് ആയുർവേദ കോളേജ് കണ്ണൂർ എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.
കെ.എം.സി.ടി മെഡിക്കൽ കോളേജ് കോഴിക്കോട് 30 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്. ഗവൺമെന്റ് നഴ്സിംഗ് കോളേജ് കണ്ണൂർ , ഗവൺമെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി എന്നീ സ്ഥാപനങ്ങൾ 19 പോയിന്റ് വീതം നേടിയിട്ടുണ്ട്. കലോത്സവത്തിൽ ഇന്നലെ രാവിലെയാണ് സ്റ്റേജിന മത്സരങ്ങൾക്ക് തിരശ്ശീല ഉയർന്നത്. കലോത്സവത്തിന്റെ സുഖകരമായ നടത്തിപ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ സംഘാടകസമിതി ഏർപ്പെടുത്തിയിരുന്നു.
നഴ്സിംഗ് കോളേജിലും തൊട്ടടുത്തുള്ള സ്കൂളിലുമായാണ് വേദികൾ ഒരുക്കിയിരുന്നത്. സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ കാസർകോട് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലെ 104 കോളേജുകളിൽ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട്. സ്റ്റേജിതര മത്സരങ്ങളിലും 30 പോയിന്റ് നേടി കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആയിരുന്നു മുന്നിൽ എത്തിയിരുന്നത്. സ്റ്റേജിതര മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേജിന മത്സരങ്ങൾ ഇന്നലെ വൈകിട്ട് ഉദുമ എം.എൽ.എ സി എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |