ലോക പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ "തമ്പ്" ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 5 മുതൽ 16 വരെ നടക്കുന്ന ഫെസ്റ്റിവലിൽ രണ്ടു മലയാള ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മഹേഷ് നാരായണന്റെ അറിയിപ്പ് ആണ് മറ്റൊരു ചിത്രം.ഷോണക് സെൻ സംവിധാനം ചെയ്ത ആൾ ദാറ്റ് ബ്രീത്സ് എന്ന ഡോക്യുമെന്ററി, രെഹാത് മഹാജന്റെ മേഘദൂത്, ഹാൻസൽ മേത്തയുടെ ഫറാസ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു ചിത്രങ്ങൾ. അരവിന്ദന്റെ ചിത്രങ്ങൾ മുമ്പും ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദൻ ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
1978 ൽ നിർമ്മിച്ച തമ്പിന്റെ പുതിയ കോപ്പി അടുത്തിടെ ഫിലിം ഫെറിറ്റേജ് ഫൗണ്ടേഷൻ നിർമ്മിക്കുകയും അത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക ജലജ, അരവിന്ദന്റെ മകൻ രാമു തുടങ്ങിയവർ ക്ഷണിതാക്കളായുണ്ടായിരുന്നു.പുനഃസൃഷ്ടിച്ച കോപ്പിയാണ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.