ആലപ്പുഴ: 'ആടിക്കാർമേഘങ്ങൾ, താളങ്ങൾ കൊട്ടുന്നേ...' ട്രാക്കിൽ തീ പാറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, സോഷ്യൽ മീഡിയ നെഹ്രുട്രോഫിയുടെ തീം സോംഗ് ഏറ്റെടുത്തിരിക്കുകയാണ്.
യുവസംഗീത സംവിധായകൻ ആലപ്പുഴ പാലസ് വാർഡ് കൊട്ടാരപ്പറമ്പിൽ സുനിൽ ആലപ്പി ഒരുക്കിയ ഗാനമാണ് ഇത്തവണ എൻ.ടി.ബി.ആർ കമ്മിറ്റി തീം സോംഗായി പുറത്തിറക്കിയത്. രതീഷ് തുളസീധരന്റേതാണ് വരികൾ. റിലീസിന് തയ്യാറെടുക്കുന്ന മൂന്ന് മലയാള ചിത്രങ്ങൾക്കും, ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിനും സുനിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അസിം സലിം, മഹേന്ദ്രനാഥ്, കൃഷ്ണലാൽ, സുനിൽ ആലപ്പി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
# ആനാരി ചുണ്ടനിലെ 'വാൽഡറാമ'
കളിക്കളത്തിൽ അസാമാന്യ പന്തടക്കമുണ്ടായിരുന്ന കൊളംബിയൻ ഫുട്ബാൾ താരം കാർലോസ് വാൽഡറാമയെ അനുസ്മരിപ്പികും വിധം മുടിയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാവുകയാണ് ആനാരി ചുണ്ടനിലെ തുഴക്കാരൻ ആനാരി കളപ്പുരയ്ക്കൽ അഭിറാം ശിവദാസൻ (20). വാൽഡറാമയുടേതിന് സമാനമായ ഹെയർ സ്റ്റൈലാണ് അഭിറാമിനെ വ്യത്യസ്തനാക്കുന്നത്. ചുരുണ്ട മുടി രണ്ടു വർഷമായി നിറയെ വളർത്തിയാണ് അഭിറാമിന്റെ നടപ്പ്. ഇതിനിടെ പലരും വാൽഡറാമയുമായുള്ള സാമ്യം സൂചിപ്പിച്ചതോടെ സ്റ്റൈലങ്ങ് സ്ഥിരമാക്കി. മത്സരത്തിനിറങ്ങുമ്പോൾ മുടി കെട്ടിവയ്ക്കാനാണ് തീരുമാനം.