ദുബായ് : അഫ്ഗാനിസ്ഥാന് എതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ചേസിംഗ് ജയവുമായി ശ്രീലങ്ക. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 175 റൺസടിച്ചപ്പോൾ ലങ്ക.അഞ്ചുപന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേ വിജയം കാണുകയായിരുന്നു.
45 പന്തുകളിൽ നാലുഫോറും ആറു സിക്സുമടക്കം 84 റൺസടിച്ച റഹ്മാനുള്ള ഗുർബാസും 38 പന്തുകളിൽ 40 റൺസടിച്ച ഇബ്രാഹിം സദ്രാനും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യമാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇവർ 93 റൺസാണ് കൂട്ടിച്ചേർത്തത്. നജീബുള്ള സദ്രാൻ 17 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുഷങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് വേണ്ടി പാത്തും നിസംഗ(35),കുശാൽ മെൻഡിസ് (36),ധനുഷ ഗുണതിലക(33), ഭനുക രജപക്സ (31) എന്നിവർ കൂട്ടായി നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിയത്.