SignIn
Kerala Kaumudi Online
Thursday, 18 April 2024 1.24 PM IST

വി​ഴി​ഞ്ഞത്തെ പരിധി വിടുന്ന സമരം

photo

കേരളത്തി​ന്റെ വാണി​ജ്യരംഗത്തും ഇന്ത്യൻ ഷി​പ്പിംഗ് മേഖലയി​ലും വലി​യ മാറ്റങ്ങൾക്ക് വഴി​യൊരുക്കാൻ സാദ്ധ്യതയുള്ളതാണ് തിരുവനന്തപുരത്തെ വി​ഴി​ഞ്ഞം തുറമുഖപദ്ധതി​. നൂറുവർഷങ്ങൾക്ക് മുമ്പ് തി​രുവി​താംകൂറി​ൽ വ്യാവസായി​ക വി​പ്ളവത്തി​ന് ചുക്കാൻപി​ടി​ച്ച സി.പി​.രാമസ്വാമി​ അയ്യർ എന്ന ദി​വാന്റെ സ്വപ്നം കൂടി​യായി​രുന്നു വി​ഴി​ഞ്ഞം തുറമുഖം. പ്രകൃതി​ദത്തമായി​ തന്നെ തീരത്ത് 20-26 മീറ്റർ താഴ്ചയുള്ള അപൂർവ സ്ഥലങ്ങളി​ലൊന്നു കൂടി​യാണി​വി​ടം. മദർഷി​പ്പുകൾ അടുക്കാൻ സാധി​ക്കുന്ന ഇന്ത്യയി​ലെ ഏകതുറമുഖമായും അന്താരാഷ്ട്ര കപ്പൽചാലി​ന് തൊട്ടടുത്തുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തി​ലെ ഏക ട്രാൻസ്ഷി​പ്പ്മെന്റ് ഹബ്ബായും മാറാൻ വി​ഴി​ഞ്ഞത്തി​ന് കഴി​യും. ഇത്രയേറെ സാദ്ധ്യതയുള്ള വി​ഴി​ഞ്ഞത്തെ ഒരു നൂറ്റാണ്ട് അവഗണി​ച്ചതി​ന് കാലം ഒരി​ക്കലും മലയാളി​കൾക്ക് മാപ്പുതരി​ല്ല.

25 വർഷമായി​ വി​വി​ധ സംസ്ഥാന സർക്കാരുകൾ വി​ഴി​ഞ്ഞം യാഥാർത്ഥ്യമാക്കാൻ ശ്രമം തുടങ്ങി​യി​ട്ട്. പരി​സ്ഥി​തി​പ്രശ്നങ്ങൾ ഉൾപ്പടെ മാർഗതടസങ്ങളായി. ഒടുവിൽ 2015 ജൂണി​ൽ വ്യവസായ ഭീമന്മാരായ അദാനി​ ഗ്രൂപ്പി​ന്റെ അദാനി​ വി​ഴി​ഞ്ഞം പോർട്ട് പ്രൈവറ്റ് ലി​മി​റ്റഡ് എന്ന കമ്പനി​ തുറമുഖനി​ർമ്മാണത്തി​ന്റെയും നടത്തി​പ്പി​ന്റെയും കരാർ സ്വന്തമാക്കി​. ടെണ്ടറിൽ പങ്കെടുക്കാൻ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2019 ഡി​സംബറി​ൽ തുറമുഖം പ്രവർത്തന സജ്ജമാകേണ്ടതാണ്. പക്ഷേ ചുഴലി​ക്കാറ്റും പ്രളയവും കൊവി​ഡും പാറകൊണ്ടുവരൽ തർക്കങ്ങളും മറ്റുമൊക്കെയായി​ പണി​ ഇഴഞ്ഞു. കമ്മി​ഷനിംഗ് വൈകുന്നത് ആർബി​ട്രേഷൻ നടപടി​കളി​ലേക്ക് നീണ്ടു. 2024 ഡി​സംബറി​ൽ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് കമ്പനി​ ആർബി​ട്രേഷൻ ട്രി​ബ്യൂണലി​ൽ വ്യക്തമാക്കി​യി​ട്ടുണ്ടെന്നാണ് സൂചന. എന്തായാലും നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

ഇത്രയും സൂചി​പ്പി​ക്കേണ്ടി​ വന്നത് തുറമുഖ നി​ർമ്മാണത്തി​നെതി​രെ രണ്ടാഴ്ചയിലേറെയായി മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ലത്തീൻ കത്തോലിക്കാസഭയിലെ ക്രൈസ്തവ പുരോഹിതർ വിഴിഞ്ഞം തുറമുഖത്തിനെതിരെ നയിക്കുന്ന സംഘർഷഭരിതമായ ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിലാണ്. കരയിലൂടെയും കടലിലൂടെയും സുരക്ഷാമേഖലയായ പദ്ധതിപ്രദേശത്തിന്റെ ഉള്ളിൽ കടന്ന് ഉപരോധിക്കുകയാണ് ഇവർ. ഈ സമരം മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനാണെന്ന വാദം അത്ര നിഷ്കളങ്കമല്ല. തൊണ്ടതൊടാതെ വിഴുങ്ങാനുമാകില്ല. കാൽനൂറ്റാണ്ടിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സുപ്രീംകോടതിയിലും ഹരിത ട്രിബ്യൂണലിലും വരെ വ്യവഹാരങ്ങളുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെച്ചൊല്ലി വാദപ്രതിവാദങ്ങളും പ്രക്ഷോഭങ്ങളും നടന്നു. ഇതേസമരക്കാർ മുന്നോട്ടുവച്ച ഏതാണ്ട് എല്ലാ വ്യവസ്ഥകളും സർക്കാർ അംഗീകരിച്ചു. വിദഗ്ദ്ധരുടെ പഠന, ഗവേഷണങ്ങൾ പലവട്ടം കഴിഞ്ഞു. ശേഷമാണ് പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതും പണിയാരംഭിച്ചതും. മറ്റ് പ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രതിഭാസമാണ് തീരശോഷണം. കടൽകയറി വീടുനഷ്ടപ്പെട്ട നിരവധിപേർ വിഴിഞ്ഞത്തുണ്ട്. പുനരധിവാസത്തെക്കുറിച്ചും ന്യായമായ പരാതികളും പരിഭവങ്ങളുമുണ്ട്. മണ്ണെണ്ണയുടെ വിലവർദ്ധന സംസ്ഥാനത്തെ എല്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും പ്രശ്നത്തിലാക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. പക്ഷേ ഇതിന്റെയൊക്കെ പേരിൽ നാടിന് പൊതുവായ വികസനത്തിന് വലിയ സഹായകരമാകുന്ന പദ്ധതിയുടെ അന്തിമഘട്ടത്തിലായ നിർമ്മാണം സ്തംഭിപ്പിക്കുന്നത് ശരിയല്ല. ഏത് പുതിയ പദ്ധതികളുണ്ടാകുമ്പോഴും ജനങ്ങളെ അത് പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. പൊതുതാത്പര്യം ബോദ്ധ്യപ്പെടുത്തി, ന്യായമായ നഷ്ടപരിഹാരം നൽകി പരാതികളൊന്നുമില്ലാതെ അവരെ പുനരധിവസിപ്പിക്കുകയാണ് സർക്കാരുകളുടെ കർത്തവ്യം. കൊച്ചി മെട്രോയുടെയും ദേശീയപാത വികസനത്തിനും വേണ്ടിയുള്ള സ്ഥലമെടുപ്പുകൾ ഇങ്ങിനെ പരാതികളില്ലാതെ നടന്നതാണ്.

വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ജനാധിപത്യപരമായ വഴിയല്ല ഇപ്പോൾ നടക്കുന്ന സമരം. ഈ സമരത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. സൂക്ഷ്മമായ ആസൂത്രണമുണ്ട്. പദ്ധതിപ്രദേശത്തെ കടൽതീരം കൈയേറി കെട്ടിടം വച്ചും അല്ലാതെയും വിറ്റതായി ആരോപണം നേരിടുന്ന മതസംഘടനകൾ വരെ പ്രക്ഷഭത്തിനിറങ്ങിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണം വൈകുന്നതിനാൽ ആർബിട്രേഷൻ നടപടികൾ നടക്കുന്ന സമയത്ത് അദാനിയെ സഹായിക്കാനുള്ള തന്ത്രമായി സമരത്തെ ആരെങ്കിലും വിലയിരുത്തിയാൽ പോലും കുറ്റംപറയാനാവില്ല. തുറമുഖ നിർമ്മാണം തടസപ്പെടുത്തരുതെന്ന കേരള ഹൈക്കോടതി നിർദേശവും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ ഉറപ്പും ഒത്തുതീർപ്പ് ചർച്ചകളിലെ നിഷേധാത്മക സമീപനവും സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംശയമുനയിലാക്കുന്നു.

ഇതെല്ലാം മാറ്റിനിറുത്തിയാൽ തന്നെ ഈ സമരത്തിന് പിന്നിലെ മതപരമായ ഇടപെ‌ടലിനെ നിസാരമായി തള്ളിക്കളയാനാവില്ല. പൊതുപ്രശ്നങ്ങളിൽ മതം കടന്നുവരുന്നത് സംസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷത്തെ കലുഷി​തമാക്കും. വിമോചനസമരം മുതൽ നാം കണ്ടിട്ടുള്ള കാര്യമാണത്. മത്സ്യത്തൊഴിലാളികളിൽ അധികവും ലത്തീൻ കത്തോലിക്കരാണെന്നതിനാൽ അവിടെ ക്രൈസ്തവപുരോഹിതർ നയിക്കാനിറങ്ങുന്നത് ആ സമരത്തിന്റെ സ്വഭാവം മാറ്റും. പദ്ധതിപ്രദേശത്ത് മറ്റ് മതക്കാരുമുണ്ട്. പൂവാർ, വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളിലെ മുസ്ളീങ്ങളും പൂന്തുറയിലെ ഹിന്ദുക്കളുമായ മത്സ്യത്തൊഴിലാളികൾ സമരരംഗത്തില്ല. അവരും നാളെ മതപുരോഹിതന്മാരുമായി വിഴിഞ്ഞത്തേക്കും സെക്രട്ടേറിയേറ്റിലേക്കും എത്തിയാൽ എന്തൊരു അപഹാസ്യമായ കാഴ്ചയായിരിക്കും അത്. ലോകത്തിന് മുന്നിൽ കേരളം നാണംകെട്ടു നിൽക്കേണ്ടിവരും.

കേരളത്തിലെ സംഘടിത ന്യൂനപക്ഷ മതവിഭാഗങ്ങൾ സർക്കാരുകളെയും ഇവിടുത്തെ ഭരണസംവിധാനങ്ങളെയും സംഘശക്തിയുടെയും വോട്ടുബാങ്കിന്റെയും ബലത്തിൽ മുൾമുനയിൽ നിറുത്തി കാര്യങ്ങൾ നേടിയെടുക്കുന്നതിന്റെ തുടർച്ചയാണീ പ്രക്ഷോഭവും. നിർമ്മാണം തീരാറായ ഘട്ടത്തിൽ പണിനിറുത്തി വച്ച് പഠനം നടത്തിയേ തീരുവെന്ന സമരക്കാരുടെ വാശി അന്യായം മാത്രമല്ല, അഹങ്കാരവുമാണ്. ഇനിയെങ്കിലും ഇത്തരം വിലപേശലുകൾക്കും ദുർവാശിക്കും മുന്നിൽ സർക്കാർ മുട്ടുമടക്കരുത്. പ്രത്യേകിച്ച് വികസനകാര്യങ്ങളിൽ. ഭൂരിപക്ഷ മതവിഭാഗക്കാർക്കിടയിൽ ഇത്തരം നിലപാടുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ നിസാരമല്ലെന്ന് സർക്കാരും രാഷ്ട്രീയകക്ഷികളും മനസിലാക്കണം. കേരളത്തിന്റെ ഭാവിക്ക് യോജിച്ചതല്ല ഇത്തരം പ്രക്ഷോഭങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM, YOGANADAM EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.