SignIn
Kerala Kaumudi Online
Monday, 14 October 2019 3.54 AM IST

പുതുമഴക്കാലത്ത് വയലും തോടും നിറയുമ്പോൾ ഊത്തപിടിക്കാൻ പോയിട്ടുണ്ടോ ? 

fish-catching

നീണ്ട വേനലിന് അറുതിവരുത്തി ഇടവപ്പാതി എത്തുമ്പോൾ വയലും തോടുമെല്ലാം പുതുവെള്ളം കയറി ഒന്നാവുമ്പോൾ ഗ്രാമങ്ങളിൽ യുവാക്കളൊന്നായി മീൻപിടിക്കാനിറങ്ങും. ഊത്തപിടിത്തമെന്ന് അറിയപ്പെടുന്ന ഈ മത്സ്യവേട്ട പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിൽ പ്രചാരമേറിയതാണ്. പുതുവെള്ളത്തിൽ കൂട്ടമായി എത്തുന്ന മത്സ്യങ്ങളെ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ പിടിക്കാനാവും എന്നതാണ് ഊത്തപിടിത്തത്തിന്റെ പ്രത്യേകത. എന്നാൽ നാം അറിയാതെ തന്നെ ഊത്തപിടിത്തത്തിലൂടെ മത്സ്യക്കുരുതിയാണ് നടത്തുന്നതെന്ന് ഹമീദലി വാഴക്കാട് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പുതുമഴ നാടൻ മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയാണ്. വയലിലേക്ക് പുതുവെള്ളത്തിലേക്ക് മുട്ടയിടാനായി പോവുന്ന വഴിയിലാണ് ഊത്തപിടിത്തത്തിന്റെ ഭാഗമായി ഭൂരിഭാഗവും പിടിയിലാവുന്നത്. ഇത് ഈ മത്സ്യ ഇനങ്ങളുടെ വംശനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സത്യം നാം മനസിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹമീദലി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇവൾക്കായ് ഒപ്പം നിൽക്കൂ

പുതുമഴയിലെ മീൻപിടുത്തം
ഒരു ദുരന്ത കഥ!

മഴ പെയ്തു വയലും തോടും
നിറഞ്ഞു തുടങ്ങിയ ഒരു പുതുമഴക്കാലത്താണ് ഞാൻ ചാലിയാറിലെ ഒരു കടവിൽ കുളിക്കാനിറങ്ങിയത്.
ആദ്യ മഴയിൽ തന്നെ പുഴ കലങ്ങിയിരുന്നു.
ഒരു തോണിക്കാരൻ എന്റെയരികിലൂടെ തുഴഞ്ഞു പോയപ്പോൾ അവന്റെ തോണിയിലേക്ക് ഒന്ന് എത്തി നോക്കി.
നല്ല പരൽ മീനുകൾ !
രാത്രി വലയിട്ടപ്പോൾ കിട്ടിയതാണ്.
കുറച്ച് മീനുകളെ എനിക്കും തന്നു.
ആ പരൽ മീനുകൾക്കിടയിൽ ഞാനവളെ കണ്ടു.
'മിസ് കേരള'യെ!
സൗന്ദര്യം കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച പശ്ചിമഘട്ട പുഴകളുടെ
സ്വന്തം മത്സ്യത്തെ.

ഞാൻ ആ കൂട്ടത്തിൽ ഒന്നു കൂടി പരതി.
രണ്ട് എണ്ണം കിട്ടി.
വയറ് നിറയെ മുട്ടകളുമായി ഏതോ വയലിലേക്ക് പുതുവെള്ളത്തിലേക്ക് മുട്ടയിടാനായി പോവുന്ന വഴിയിലാണ് വലയിൽ കുടുങ്ങിയത്.

ആ ചത്ത സുന്ദരി മത്സ്യത്തെ
കുട്ടിക്കാലത്ത് പുഴയിൽ ഒരു പാട് കാണാറുണ്ടായിരുന്നു.
ഇന്ന് നമ്മുടെ പുഴകളിൽ നിന്ന് എത്രയെത്ര മത്സ്യങ്ങളാണ് അപ്രത്യക്ഷമാവുന്നത്.
'മിസ് കേരള' സൗന്ദര്യം കൊണ്ട് കടത്തപ്പെടുന്നു വങ്കിൽ
ബാക്കിയുള്ളവയല്ലാം
പുതുമഴയിലെ പ്രജനനകാലത്തെ വേട്ടയിൽ ഇല്ലാതാവുകയാണ്.
പണ്ടേ ഞങ്ങൾ ഈ ജൂൺ മാസത്തിൽ മീൻപിടുത്തം നടത്തുന്നവരാണ് എന്നാണ് വാദമെങ്കിൽ ഇത് മുഴുവൻ വായിക്കണം.

ചേർത്തു പിടിക്കണം ഈ മൽസ്യസമ്പത്ത്

പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയിൽ നിന്നും മറ്റു ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തര ഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ജൂൺമാസത്തിൽ ഈ മത്സ്യ പ്രയാണങ്ങൾ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്.

പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തര ഗമനം ഇന്ന് ഇവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ വളരെ എളുപ്പമാണ്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേയ്ക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾ നിസ്സഹായാവസ്ഥയിലാവും. മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർത്ഥ്യങ്ങളൊന്നും ഈ പൂർണ്ണ ഗർഭാവസ്ഥയിൽ മത്സ്യങ്ങൾക്ക് സാധ്യമല്ല. പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണെന്ന് മത്സ്യഗവേഷകൻ ഡോ. സി.പി. ഷാജി നടത്തിയ പഠനത്തിൽ പറയുന്നു.
ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയിൽ നിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല. ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങൾ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്ന് വയലുകളിൽ കൂടുതലായി കാണുന്നത്.

മുളയും ഈറ്റയും കൊണ്ടു നിർമിച്ച ഒറ്റൽ ഉപയോഗിച്ച് തീരെ ആഴംകുറഞ്ഞ ഇടങ്ങളിൽ മീൻ പിടിക്കുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു. വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമെ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്‌തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്‌ടറിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

നൂറ്റാണ്ടുകളായി തുടരുന്ന മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കർഷകരുടെയും പുഴയോരിത്തു താമസിക്കുന്നവരുടെയും ഇഷ്‌ടവിനോദമായി എത്രയോ കാലം തുടർന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലോ എന്നാണ് ചോദ്യമെങ്കിൽ, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണ്.

വിശാലമായ വയലുകളുണ്ടായിരുന്നു ഒരുകാലത്ത് കേരളത്തിൽ. അവ കായലും പുഴയുമായി നൂറുകണക്കിന് തോടുകളാലും അരുവികളാലും പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. പുഴയിൽ നിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാർഗ്ഗങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. തോടുകളിൽ എല്ലായിടത്തും തടയണകൾ വന്നു. ചെറിയ ഒരു വിടവിലൂടെ മാത്രമേ തടയണയുള്ള തോടുകളിൽ മത്സ്യങ്ങൾക്കു മുകളിലേയ്ക്കു കയറാൻ പറ്റുകയുള്ളു. പുഴയിലാണെങ്കിൽ റഗുലേറ്ററുകളും തടയണകളും വ്യാപകമായി. എല്ലാ തടയണകളിലെയും പ്രധാന വഴികളെല്ലാം ഇന്നു പലവിധ വലകളാൽ നിറഞ്ഞിരിക്കുന്നു.

വയലിലൂടെ ധാരാളം റോഡുകൾ വന്നപ്പോഴാണ് ഏറ്റവും വലിയ തടസ്സം മത്സ്യങ്ങളുടെ ദേശാന്തര ഗമനത്തിന് നേരിടേണ്ടി വന്നത്. ഈ റോഡുകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള വയലുകളെ ചെറിയ ഓവുചാലുകൾ വഴിയോ പൈപ്പുകൾ വഴിയോ ആണു ബന്ധിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ മരണക്കെണിയാണ് ഈ ഓവുചാലുകൾ. മുകൾഭാഗത്തെ വയലിലേക്ക് കയറുന്ന മത്സ്യങ്ങളെല്ലാം ഓവുപാലത്തിന്റെ ചുവട്ടിലെ കെണിയിൽ എളുപ്പത്തിൽ കുടുങ്ങുന്നു.

കൂടാതെ നഞ്ചുകലക്കി മൊത്തം മത്സ്യങ്ങളെയും ഇതര ജലജീവികളെയും പിടിക്കുന്നവരും ഇന്നു സർവവ്യാപികളായിരിക്കുന്നു. മൊത്തം ജലജീവികളെ കൊന്നൊടുക്കുന്ന, വിഷം കലക്കിയുള്ള ഈ മത്സ്യബന്ധനരീതി അവശേഷിക്കുന്ന മത്സ്യസമ്പത്തിന്റെ അന്തകനാണ്. കേവല വിനോദത്തിന്റെ പേരിൽ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നതുപോലെ ഇത് സാധ്യമല്ലെന്ന് നാം തിരിച്ചറിയണം. അതിനാൽ നിയമം വഴിയുള്ള നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FISHINNG, FISH CATCHING, KERALA, SOCIAL MEDIA, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.