SignIn
Kerala Kaumudi Online
Thursday, 25 April 2024 2.16 AM IST

കൊവിഡ്, പ്രളയം... പുല്ല് തിന്ന് പുലി; പുലിക്കളിയെ സംരക്ഷിക്കാൻ മാസ്റ്റർപ്ലാൻ

puli-


തൃശൂർ: പ്രളയവും കൊവിഡും സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ പുലിക്കളി സംഘങ്ങൾ വെറും അഞ്ചായി ചുരുങ്ങിയതോടെ, പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ഒരുക്കം. പുലിക്കളിയെന്ന കലാരൂപവും കലാകാരൻമാരും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുളള നടപടികൾക്കാണ് രൂപം നൽകുന്നത്. ഉത്സവങ്ങളിൽ മാത്രമായി ഒതുങ്ങാതെ ദേശീയശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ഈ കലാരൂപത്തെ സംരക്ഷിക്കാൻ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികൾക്കാണ് ലക്ഷ്യമിടുന്നത്.

മുൻപ് 12 സംഘങ്ങൾ വരെ അരങ്ങേറിയിരുന്നു. പതിനായിരങ്ങൾ കാഴ്ചക്കാരായെത്തുന്ന പുലിക്കളി തൃശൂരിന്റെ തനത് കലാരൂപമായി മാറിയിരുന്നു. രണ്ടുലക്ഷം രൂപ വീതം കോർപറേഷൻ നൽകാൻ തയ്യാറായെങ്കിലും സംഘങ്ങൾ തയ്യാറാകാത്ത സാഹചര്യമാണ്. സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും മറ്റുമായി ലഭിച്ചിരുന്ന ധനസഹായം കിട്ടാത്ത സ്ഥിതിയുണ്ടെന്ന് സംഘങ്ങൾ പറയുന്നു. ചെലവ് മുൻവർഷങ്ങളേക്കാൾ നാലിരട്ടിയായതും പെയിന്റ് അടക്കമുള്ള സാധന സാമഗ്രികൾക്ക് ഉണ്ടായ വിലവർദ്ധനവും സംഘങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടാൻ ഒരുങ്ങുന്നത്.

ലോകപ്രശസ്തമെങ്കിലും...

നാലാം ഓണനാളിൽ നഗരത്തിൽ നടക്കുന്ന പുലിക്കളി ലോകപ്രശസ്തമാണെങ്കിലും മുൻകാലങ്ങളിലെല്ലാം അവഗണന നേരിട്ടിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായം കിട്ടാത്തതിന്റെ പ്രതിഷേധം ഉയരുന്നതും ആദ്യമല്ല. കൊവിഡ് കാരണം 2020ലും 2021ലും പ്രതീകാത്മകമായി ഒറ്റപ്പുലിയാണ് നാലോണ നാളിൽ തൃശൂർ നഗരത്തിൽ എത്തിയത്.

2019ൽ ആറ് ടീമുകൾ ഉണ്ടായിരുന്നു. പുലിക്കളി കഴിയുമ്പോൾ ലക്ഷങ്ങളാണ് ഒരോ ടീമിനും ബാദ്ധ്യത വരുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തൃശൂർ പുലിക്കളി ഏകോപന സമിതി മന്ത്രിമാർ അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. സ്വരാജ് റൗണ്ടിൽ നടുവിലാൽ ഗണപതിക്ക് നാളികേരം ഉടച്ചുകൊണ്ടാണ് ഓരോ പുലിക്കളിസംഘവും പുറപ്പെടുക. ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് അരമണി കിലുക്കി കുടവയർ കുലുക്കി പുലികൾ ചുവടുവയ്ക്കുന്നത് കാണാൻ വിദേശികളടക്കം എത്താറുണ്ട്.

പുലിക്കളി 11ന്

ജില്ലയിലെ ഓണാഘോഷങ്ങളുടെ സമാപന ദിവസമായ 11ന് വൈകിട്ട് നഗരത്തിൽ വിവിധ സംഘങ്ങൾ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകിട്ട് ആറിന് സമാപനസമ്മേളനത്തിൽ മികച്ച പുലിക്കളി ടീമുകൾക്കുള്ള പുരസ്‌കാരവിതരണം നടക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

മാസ്റ്റർ പ്ലാൻ: സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കും: മന്ത്രി

മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുലിക്കളി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. കലയുടെയും കലാകാരന്റെയും ഉന്നമനമാണ് ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരി കലാകാരൻമാർക്കിടയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ഇടപെടലുകളും നടത്തും. ജില്ലയുടെ കലാപരമായ മുഖം എന്ന നിലയിൽ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ കൈക്കൊള്ളും.

- മന്ത്രി കെ. രാജൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.