SignIn
Kerala Kaumudi Online
Friday, 29 March 2024 11.44 AM IST

അധികാരവിഭജന സിദ്ധാന്തത്തിന്റെ പൊരുൾ

kk

ഒരു രാജ്യത്തെ വിവിധതലത്തിലെ ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്നതാണ് അധികാര വിഭജനം അഥവാ ഫെഡറലിസം. കേന്ദ്രഗവൺമെന്റും സ്റ്റേറ്റ് ഗവൺമെന്റുകളും തമ്മിലുള്ള അധികാര വിഭജനം ഫെഡറൽ സർക്കാർ രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയ്ക്ക് വെവ്വേറെ പ്രവർത്തനങ്ങളും അധികാരങ്ങളും ഉണ്ടെന്നും ഇതിൽ ഒരെണ്ണം മറ്റുള്ളവയുടെ പ്രവർത്തനത്തിൽ ഇടപെടരുതെന്നും ഭരണഘടനയിലെ അധികാരവിഭജനം ഉറപ്പാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ പരിശോധനകളും സന്തുലിതാവസ്ഥയും ഇവയിലൊരെണ്ണം മറ്റൊന്നിനേക്കാൾ ശക്തമാകുന്നില്ലെന്ന് ഉറപ്പാക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാഷ്ട്രീയ തത്വചിന്തകനായ ചാൾസ് ലൂയിസ് ഡി സെക്കൻഡാറ്റ്, ബാരൺ ഡി മോണ്ടെസ്ക്യൂ എന്നിവരാണ് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിയിൽ അധികാരവിഭജന സിദ്ധാന്തം അവതരിപ്പിച്ചത്. ജോൺ ലോക്കാണ് ഇന്ത്യയിൽ അധികാരവിഭജനം കൊണ്ടുവന്നത്. അധികാരവിഭജന സിദ്ധാന്ത പ്രകാരം ഗവൺമെന്റിന്റെ സ്ഥാപനങ്ങളെ മൂന്ന് ശാഖകളായി വിഭജിക്കുന്നു. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി. ലെജിസ്ലേറ്റീവ് നിയമങ്ങളുണ്ടാക്കുന്നു. എക്സിക്യൂട്ടീവ് അവ നടപ്പാക്കുന്നു. ജുഡീഷ്യറി നിയമവാഴ്ച ഉറപ്പാക്കുന്നു. ജുഡീഷ്യറിയെ സ്വതന്ത്രമാക്കുന്ന നിരവധി വ്യവസ്ഥകൾ ഭരണഘടനയിലുണ്ട്. ജനാധിപത്യം കാര്യക്ഷമവും ഫലപ്രദവുമായി തുടരണമെങ്കിൽ ജുഡീഷ്യറി സ്വതന്ത്രമായിരിക്കണമെന്നതാണ് കാരണം. ഭരണഘടനയുടെ കാവലാളാണ് ജുഡീഷ്യറി. എക്സിക്യൂട്ടീവ് ജുഡീഷ്യൽ അധികാരങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, അതൊരു അടിച്ചമർത്തൽ സർക്കാരായി മാറും.

വസ്തുതകൾ ഇങ്ങനെയാണെങ്കിലും എക്സിക്യൂട്ടീവിനും ചില ജുഡീഷ്യൽ അധികാരങ്ങളുണ്ട്. ജഡ്ജിമാരുടെ നിയമനങ്ങൾ നടത്തുന്നത് എക്സിക്യൂട്ടീവാണ്. രാഷ്ട്രപതിക്കും ഗവർണർമാർക്കും തടവുകാർക്ക് ശിക്ഷായിളവും വിടുതലും നൽകാനുള്ള അധികാരമുണ്ട്. ഭരണപരമായ പ്രവർത്തനത്തിന്റെ പ്രത്യേക മേഖലകൾ ഉൾപ്പെടുന്ന കേസുകൾ കേൾക്കാനും തീരുമാനിക്കാനും എക്‌സിക്യൂട്ടീവിന് അധികാരമുണ്ട്. ഇതുപോലെ ജുഡീഷ്യറി ചില എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളും ചെയ്യുന്നു. എക്‌സിക്യൂട്ടീവിന്റെ നടപടികൾ അവലോകനം ചെയ്യാനും ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാൽ അവ അസാധുവായി പ്രഖ്യാപിക്കാനും ജുഡീഷ്യറിക്ക് കഴിയും.

അധികാര വിഭജനവും

ഭരണഘടനയും


അധികാരവിഭജനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഭരണഘടന, 1935-ലെ ഇന്ത്യാഗവൺമെന്റ് നിയമത്തിലെ വ്യവസ്ഥകളെയാണ് അനുവർത്തിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിൽ അധികാര കേന്ദ്രീകരണപ്രവണത കൂടുതലാണ്. പ്രവിശ്യകൾക്കു കൂടുതൽ അധികാരങ്ങൾ നല്കുന്നതിനുള്ള വൈമനസ്യം 1935-ലെ നിയമത്തിന് രൂപം നല്കിയ ബ്രിട്ടീഷുകാർക്കുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ഏഴാം പട്ടികയിൽ ഫെഡറൽ ലെജിസ്ലേറ്റീവ് ലിസ്റ്റിൽ കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, സ്റ്റേറ്റിനു നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ കാണാം. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ാം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം. 248-ാം വകുപ്പ്, അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിനു നൽകിയിരിക്കുന്നു. ദേശീയതാത്പര്യത്തെ ലാക്കാക്കി കേന്ദ്ര ഗവൺമെന്റിന്, സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട സംഗതികളിലും നിയമനിർമ്മാണം നടത്താൻ അധികാരം നൽകുന്ന വകുപ്പുകളാണ് 249, 250 എന്നിവ.

കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാധികാരം നല്കുന്ന കേന്ദ്രലിസ്റ്റിൽ 97 വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പൊതുവേ താത്പര്യമുള്ളവയും നിയമങ്ങൾക്ക് ഐകരൂപ്യം ആവശ്യമുള്ളവയുമായ വിഷയങ്ങളാണ് കേന്ദ്രലിസ്റ്റിലുള്ളത്. രാജ്യരക്ഷ,വിദേശകാര്യം, യുദ്ധസമാധാനങ്ങൾ,റെയിൽവേ, അന്താരാഷ്ട്രവ്യാപാരം, വാണിജ്യം, ബാങ്കിങ്, നാണയം, തിരഞ്ഞെടുപ്പുകൾ, ആദായനികുതി, വർത്തമാനപത്രങ്ങൾ ആദിയായവ കേന്ദ്രലിസ്റ്റിൽ ഉൾപ്പെടുന്നു. സംസ്ഥാന ലിസ്റ്റിൽ 66 വിഷയങ്ങളാണുള്ളത്. സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിയമനിർമ്മാണം നടത്തുന്നതിന് സഹായകമായ രീതിയിലാണ് ഈ വിഷയങ്ങൾ. നിയമപാലനം, പൊലീസ്, നീതിന്യായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിലാണ്. സംസ്ഥാനത്ത് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രഗവൺമെന്റിനാണ്.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണാധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ 47 വിഷയങ്ങളുണ്ട്. ക്രിമിനൽ നിയമം, കരുതൽ തടങ്കൽ നിയമം, വസ്തു കൈമാറ്റം, കരാറുകൾ, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ, ട്രേഡ് യൂണിയൻ, വ്യവസായ തൊഴിൽ തർക്കങ്ങൾ, ധർമ്മസ്ഥാപനങ്ങൾ, തുറമുഖങ്ങൾ, പാപ്പരത്വ-നിർധനത്വ നിയമങ്ങൾ എന്നിവയാണ് ഇതിലുള്ളത്. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മിൽ യോജിപ്പില്ലാതെ വന്നാൽ കേന്ദ്രനിയമത്തിനാണ് പ്രാബല്യമുണ്ടാവുക. സംസ്ഥാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ നിയമത്തിനു പ്രാബല്യമുണ്ടെങ്കിലും അത് അസാധുവാക്കാനും രാഷ്ട്രപതിക്ക് കഴിയും. സംസ്ഥാനങ്ങൾക്കു ലഭിച്ചിട്ടുള്ള നിയമനിർമ്മാണാധികാരം ഇതുകാരണം ശാശ്വതമല്ല.

പരിശോധനകളും

സന്തുലിതാവസ്ഥയും

അധികാരങ്ങളുടെ കർശനമായ വിഭജനം ഇപ്പോൾ പ്രായോഗികമല്ല. എന്നാൽ ഫെഡറൽ സിദ്ധാന്തത്തിന് പിന്നിലെ യുക്തി ഇപ്പോഴും സാധുവാണ്. ചെക്കുകളും ബാലൻസുകളും അഥവാ പരിശോധനകളും സന്തുലിതാവസ്ഥയുമാണ് ഫെഡറലിസത്തെ അന്തസുറ്റതാക്കുന്നത്. രാഷ്‌ട്രീയത്തിലെ പ്രശ്‌നങ്ങളിലേക്ക് കോടതികൾ കടക്കരുതെന്നതുപോലെ, കോടതികളുടെ സംരക്ഷണത്തെയും പാർലമെന്റ് മാനിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണമുണ്ട്. ഒരു ഭരണഘടനയ്ക്കും അതിന്റെ സൂക്ഷ്മമായ പരിശോധനകളും സന്തുലിതാവസ്ഥയും ബോധപൂർവം പാലിക്കാതെ നിലനിൽക്കാനാവില്ല. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ജനങ്ങളുടെ ഉത്തമ താത്പര്യത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്.

(സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സെക്ഷൻ ഓഫീസറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.