SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

മഗ്‌സസെ അവാർഡും പാർട്ടി നിലപാടും

k-k-shylaja

എൺപതുകളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറിന് വൃക്കരോഗം വന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ഇന്ദിരാഗാന്ധി എം.ജി.ആറിനെ തമിഴ്‌നാട്ടിലെ ആശുപത്രിയിലെത്തി സന്ദർശിച്ചു. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. തുടർന്ന് ആശുപത്രിയിലെ ഡോക്‌ടർമാരുമായി സംസാരിച്ചപ്പോൾ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോയാൽ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമാവുമെന്നും ആവശ്യമായ എല്ലാ ചികിത്സയും ഇവിടെ നൽകാമെന്നും ഉത്‌പതിഷ്ണുക്കളായ ഒരു വിഭാഗം ഡോക്ടർമാർ പ്രധാനമന്ത്രിയോട് പറഞ്ഞു. എം.ജി.ആറിന്റെ ജീവനാണ് രാജ്യത്തിന് ഏറ്റവും വിലപ്പെട്ടതെന്നും രാജ്യത്തിന്റെ അഭിമാനവുമായി അതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഇന്ദിരാഗാന്ധി ഖണ്ഡിതമായി പറഞ്ഞു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയ അദ്ദേഹത്തിന് ആദ്യഘട്ട ചികിത്സ കഴിഞ്ഞ് ഏതാനും വർഷങ്ങളോളം തുടർന്നും മുഖ്യമന്ത്രിയായി സേവനം നടത്താനായി. ലോകത്തിലെ ഏറ്റവും മികച്ചതിനെ സ്വീകരിക്കുന്നതിൽ ഭൂതകാലം തിരയേണ്ടതില്ലെന്ന പ്രായോഗിക തത്വമാണ് ഈ തീരുമാനത്തിൽ നിന്നും പഠിക്കേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇതിനോട് യോജിക്കുന്ന നിലപാട് പല ഘട്ടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അവരുടെ വലിയ നേതാക്കന്മാരെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുമ്പോൾ മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്കല്ല റഷ്യയിലേക്കോ ചൈനയിലേക്കോ ആണ് കൊണ്ടുപോകേണ്ടതെന്ന രീതിയിൽ ആരും ബലംപിടിക്കാറില്ല. വി.എസ് ചികിത്സയ്ക്കായി ഇംഗ്ളണ്ടിലേക്ക് പോയപ്പോൾ ഇരുനൂറിലേറെ വർഷം ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ആ രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ഒരു കമ്മ്യൂണിസ്റ്റ് തത്വചിന്തകനും പറഞ്ഞില്ല. കോടിയേരിയെയും പിണറായിയെയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് ആ രാജ്യത്തിന്റെ മുതലാളിത്ത പശ്ചാത്തലം തടസമായില്ല. അതങ്ങനെ തന്നെ ആവണം. കാരണം അവരുടെ ജീവനാണ് സിദ്ധാന്തങ്ങളേക്കാൾ വലുത്.

വോട്ട് പെട്ടിയിലൂടെ ലോകത്ത് ആദ്യമായി അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമരക്കാരനായി വരുന്നതിന് ഇ.എം.എസിന് താൻ ജനിച്ച ജന്മിപാരമ്പര്യമുള്ള കുടുംബം തടസമായില്ല. തൊഴിലാളി കുടുംബത്തിൽ ജനിച്ച വ്യക്തി മുഖ്യമന്ത്രി ആയാൽ മതിയെന്ന നിലപാട് പാർട്ടി അന്നോ അതിന് ശേഷമോ എടുത്തിട്ടില്ല. ഭൂതകാലം കൂടുതൽ തിരഞ്ഞാൽ ആരുടെ അലമാരയിലാണ് അസ്ഥിപഞ്ജരങ്ങൾ ഇല്ലാത്തതെന്ന് കണ്ടെത്തുക പ്രയാസമാവും. നോബൽ സമ്മാനം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അംഗീകാരമുള്ള അവാർഡുകളിൽ ഒന്നാണ് മഗ്‌‌സസെ. അമ്പതുകളിൽ കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളെ അടിച്ചമർത്തിയ പിന്തിരിപ്പനായ മഗ്‌സസെയുടെ പേരിലുള്ള ഈ അവാർഡ് മുൻമന്ത്രി കെ.കെ. ശൈലജ സ്വീകരിക്കാൻ പാടില്ലെന്നാണ് സി.പി.എം നേതൃത്വം തീരുമാനമെടുത്തത്. ഈ അവാർഡ് ലഭിക്കുന്നതിലൂടെ ശൈലജടീച്ചർ എന്ന വ്യക്തിയല്ല മറിച്ച് സി.പി.എം മന്ത്രിസഭയുടെ ആരോഗ്യരംഗത്തെ അത്യുജ്ജ്വലമായ പ്രവർത്തനമാണ് ലോകമൊട്ടാകെ ആദരിക്കപ്പെടുന്നതെന്നും അതിന്റെ പ്രശസ്തിയും അഭിമാനവും പാർട്ടിക്കാണ് ലഭിക്കുന്നതെന്നും കാണാൻ ആ പാർട്ടിയുടെ അമരത്തുള്ള അമേരിക്കയിൽ പഠിച്ച് ഡിഗ്രിയെടുത്ത നേതാക്കന്മാർക്ക് പോലും കഴിഞ്ഞില്ല.

1996-ൽ ജ്യോതിബാസുവിന് പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്ന അവസരം കളഞ്ഞുകുളിച്ച പാർട്ടിയാണിത്. ഇന്ത്യയിലെ അവസ്ഥയിൽ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ചെയ്യണമെങ്കിൽ അധികാരത്തിൽ വരണം. കേരളത്തിലും മാറിയും തിരിഞ്ഞും അധികാരത്തിൽ വരുന്നതു കൊണ്ടുമാത്രമാണ് പാർട്ടിയുടെ പ്രസക്തി കുറയാതെ നിൽക്കുന്നത്. അധികാരത്തിലിരുന്ന സമയത്ത് കെ.കെ. ശൈലജ നടത്തിയ മാതൃകാപരമായ പ്രവർത്തനമാണ് അവരെ ഈ അവാർഡിന് പരിഗണിക്കാൻ ഇടയാക്കിയത്. ഭൂതകാല സിദ്ധാന്തത്തിന്റെ പേരിൽ അത് വേണ്ടെന്ന് വച്ചതിലൂടെ ശൈലജടീച്ചറല്ല പാർട്ടിയാണ് കൊച്ചായത്. വ്യക്തിയുടെ മുഖം നോക്കിയാവരുത് സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K K SHYLAJA REJECTS MAGSAYSAY AWARD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.