SignIn
Kerala Kaumudi Online
Saturday, 20 April 2024 3.35 AM IST

ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണികളേറെ

photo

ഓണം അടുത്തതോടെ, ഭക്ഷ്യോത്‌പന്നങ്ങളുടെ വർദ്ധിച്ച ആവശ്യകത വിലയിരുത്തി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിൽ വൻ വർദ്ധനവ് ദൃശ്യമാണ്. പഴം, പച്ചക്കറികൾ, പാൽ, ഇറച്ചി, മുട്ട, മത്സ്യം, തുടങ്ങിയ എളുപ്പത്തിൽ പാഴായിപ്പോകുന്ന കാർഷികോല്പന്നങ്ങൾ വേഗത്തിൽ കേരള വിപണിയിലിറക്കാനാണ് അയൽ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണ്ണാടക സംസ്ഥാനങ്ങളിലെ വ്യാപാര ലോബികൾ ശ്രമിക്കുന്നത്. ഇവയ്ക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് മലയാളികളാണ്.
കേരളത്തിൽ പാലുത്‌പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്ന പ്രസ്താവന നിലനില്ക്കുമ്പോൾ തന്നെ അയൽസംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ പാൽ കേരളത്തിലെത്തുന്നു. അടുത്തയിടെയാണ് പാലക്കാട് ചെക്ക് പോസ്റ്റിൽ യൂറിയ ചേർത്ത പാലുള്ള ടാങ്കർ ലോറി പിടിച്ചെടുത്തത്.

കേരളത്തിലെ ഉത്‌പാദനം, ലഭ്യത എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ല. കേരളത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന പാൽ 72 ശതമാനത്തിലേറെ അസംഘടിത മേഖലയിലൂടെയാണ് വിൽപ്പന നടത്തുന്നത്. പാലിന്റെ ഉപഭോഗത്തിലും വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. സൂക്ഷിപ്പ് കാലയളവ് കൂട്ടാൻ ആന്റിബയോട്ടിക്കുകളും, മറ്റു രാസവസ്തുക്കളും ചേർക്കുന്ന പ്രവണതയും അയൽ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. പാലിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിൽ സജീവ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ഇത് വഴിയൊരുക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ!
അടുത്തയിടെ കേരള കാർഷിക സർവകലാശാല നടത്തിയ പഠനങ്ങളിൽ പച്ചക്കറികളിലും, പഴവർഗങ്ങളിലും മാരകമായ കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും തോത് തുലോം കൂടുതലാണ്. ഇലക്കറികൾ, പഴവർഗങ്ങൾ, കാബേജ്, കോളിഫ്ളവർ, പയർ, വെണ്ടയ്‌ക്ക എന്നിവയിൽ ഇവയുടെ തോത് മാരകമായ അളവിലാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് 65 ശതമാനത്തിലേറെയാണ്. ദേശീയതലത്തിൽ മത്സ്യ ഉപഭോഗത്തിൽ മലയാളികളാണ് മുന്നിൽ. ജനസംഖ്യയിൽ 85 ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്.

മലയാളിയുടെ പ്രതിശീർഷ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ നാലുമടങ്ങ് കൂടുതലാണ്.
അയൽസംസ്ഥാനങ്ങളിലെ വ്യവസായമേഖലയിൽ നിന്നു പുറന്തള്ളപ്പെടുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളിൽ കൂടുതലായി ആഴ്സനിക്ക്, ലെഡ്, മോളിബ്ഡിനം, മറ്റു ലോഹാംശങ്ങൾ എന്നിവ കണ്ടുവരുന്നു. കൂടാതെ ഫോർമാലിൻ കൂടുതലായി മത്സ്യത്തിന്റെ സൂക്ഷിപ്പു കാലയളവ് ഉയർത്താനായി ഉപയോഗിച്ചു വരുന്നു. രാസവസ്തുക്കളും, അമോണിയം ക്ലോറൈഡും കൂടുതലായി ചേർക്കുന്ന പതിവുമുണ്ട്. ഇതെല്ലാം വർദ്ധിച്ച തോതിലുള്ള കരൾ, ആമാശയ, കുടൽ കാൻസറിന് കാരണമാകും.
കേരളത്തിലെ ഇറച്ചി സംസ്‌‌കരണം തീർത്തും അശാസ്ത്രീയ രീതിയിലാണ്. വിരലിലെണ്ണാവുന്ന ശാസ്ത്രീയ അറവുശാലകൾ മാത്രമേ കേരളത്തിലുള്ളൂ. വഴിയോരത്തും റോഡരികിലും ഇറച്ചി വിൽപനയും കശാപ്പും നടക്കുന്നു. ഇവയിൽ എത്രയോ അധികം രോഗം മൂലം ചത്തതോ, രോഗം ബാധിച്ചതോ ആയ കന്നുകാലികളുടെ ഇറച്ചിയാണെന്ന് ഉപഭോക്താവ് അറിയുന്നില്ല. മനുഷ്യരിൽ ഇതിലൂടെ നിരവധി ജന്തുജന്യരോഗങ്ങളാണ് പകരുന്നത്. പകർച്ചവ്യാധികളിൽ 65 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. കോഴിയിറച്ചി കഴിഞ്ഞാൽ ബീഫിന്റെ ഉപഭോഗത്തിൽ കേരളമാണ് മുന്നിൽ. തൊട്ടാൽ വഴുവഴു
പ്പുള്ളതോ, ദുർഗന്ധമുള്ളതോ ആയ ഇറച്ചി വാങ്ങരുത്. അറവിന് മുമ്പും പിമ്പും പരിശോധന നടത്തിയ ഇറച്ചി മാത്രമേ വാങ്ങാവൂ. ഇറച്ചി മാർദ്ദവമുള്ളതും വലിയുന്നതും ഇളം ചുവപ്പുനിറത്തിലുമായിരിക്കണം. പഴകിയ ഇറച്ചിയുടെ മേൽ രക്തം ഒഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്തിവരുന്നു.

കോഴിയിറച്ചി വിശ്വാസ്യതയുള്ള ഫാമുകളിൽ നിന്ന് വാങ്ങണം. ഇറച്ചി ഡ്രസ്സിംഗ് കേന്ദ്രങ്ങളിലെ ശുചിത്വവും വിലയിരുത്തേണ്ടതുമാണ്.
കോഴിമുട്ട, താറാവു മുട്ട എന്നിവയിലൂടെ ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയു
ള്ളതിനാൽ മുട്ടകൾ പഴകിയതല്ലെന്ന് ഉറപ്പാക്കി വാങ്ങുക. മുട്ടകൾ ശുചിത്വത്തോടെ സംഭരിക്കണം.
നേരിട്ട് കഴിയ്ക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ റെഡി ടു ഈറ്റ്,
റെഡി ടു കുക്ക് ഭക്ഷ്യോൽപന്നങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവയിൽ സൂക്ഷിപ്പു കാലയളവ് ഉയർത്തുന്ന പ്രിസർവേറ്റീവുകൾ ചേർക്കാറുണ്ട്. റെഡി ടു ഈറ്റ് ഓണസദ്യ വരെ പ്രത്യേക ലേബലിൽ വിപണിയിലിറങ്ങി കഴിഞ്ഞു.
ഓണസീസണിൽ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ വാങ്ങുന്നതോ കഴിയ്ക്കുന്നതോ ആയ ഭക്ഷണത്തിന്റെ ഉത്‌പാദനം മുതൽ ഉപഭോഗം വരെയുള്ള ശുചിത്വം ഉറപ്പാക്കുകയും പരിശോധനാ സംവിധാനം വിപുലപ്പെടുത്തേണ്ടതുമാണ്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാൻ ഉത്‌പാദകരും, ഉപഭോക്തൃ ബോധവത്‌ക്കരണത്തെക്കുറിച്ച് ഉപഭോക്താക്കളും അറിഞ്ഞിരിക്കണം.
ഭക്ഷ്യപരിശോധന സ്ഥിരം സംവിധാനമാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ, കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ കൂട്ടായ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ഉപകരിക്കും.

(ലേഖകൻ ബംഗ്ലൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.