SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.20 AM IST

രണ്ട് യുവനേതാക്കൾ, രണ്ട് വഴിത്താരകളിലൂടെ വന്നവർ

riyas-shamseer

കൊല്ലം: മന്ത്രിയെന്ന നിലയിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന പി.എ മുഹമ്മദ് റിയാസിനു പുറമെ സംസ്ഥാന നിയമസഭ സ്പീക്കർ പദവിയിലേക്ക് എ.എൻ ഷംസീർ വരുമ്പോൾ, മലബാറിൽ നിന്നുള്ള രണ്ട് യുവനേതാക്കളുടെ പാർട്ടിയിലെ യാത്ര എങ്ങനെയെന്ന് നോക്കുന്നത് കൗതുകകരമാണ്. ഒരേ പാർട്ടിയിൽ രണ്ട് ജില്ലകളിൽ നിന്ന് വന്നവർ, എന്നാൽ രണ്ട് വഴിത്താരകളിലൂടെ വളർന്നവരാണ് കോഴിക്കോട്ടുകാരനായ റിയാസും കണ്ണൂരുകാരനായ ഷംസീറും. പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്നയാളാണ് റിയാസെങ്കിൽ ഉരുളയ്ക്കുപ്പേരി പോലെ പ്രതികരിക്കുന്ന പ്രകൃതമാണ് ഷംസീറിന്റേത്.

എം.വി ഗോവിന്ദൻമാസ്റ്റർ പാർട്ടി സെക്രട്ടറിയായ ഒഴിവിൽ, മന്ത്രിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്പീക്കർ പദവിയിലേക്കുള്ള ഷംസീറിന്റെ അപ്രതീക്ഷിത സ്ഥാനാരോഹണം. പൊതുവെ വാചാലനായ ഷംസീർ സ്പീക്കർ കസേരയിൽ എങ്ങനെയാകുമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഏൽപ്പിക്കുന്ന പദവികളോട് ഇഴുകിച്ചേർന്ന് പ്രവർത്തിക്കാനുള്ള പ്രാവീണ്യം ഷംസീറിന് കൈമുതലായുള്ളതിനാൽ സ്പീക്കർ പദവിയിലും ശോഭിക്കുമെന്ന് ഷംസീറിനെ അറിയുന്നവർ പറയുന്നുണ്ട്.

രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിസഭയിലേക്ക് ഷംസീറോ റിയാസോ എന്ന മട്ടിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും മികച്ച സംഘാടകനെന്ന നിലയിൽ ആർജ്ജിച്ച പാർട്ടി പ്രവർത്തന പാരമ്പര്യമാണ് റിയാസിന് മുൻതൂക്കം നൽകിയത്. എന്നാൽ വൈകാതെ തന്നെ ഒരു പ്രധാനപദവിയിലേക്ക് ഷംസീറും എത്തിച്ചേരുമെന്ന് പൊതുവെ കരുതിയിരുന്നു. അതാണിപ്പോൾ സുപ്രധാനമായ സ്പീക്കർ പദവിയിലൂടെ യാഥാർത്ഥ്യമായത്. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ എപ്പോഴും ഷംസീറിന് കരുത്തായിരുന്നു.

പ്രായത്തിൽ ഒരു വയസിന് മൂത്തതാണ് റിയാസ്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഷംസിറിനു മുൻപേയായിരുന്നു റിയാസിന്റെ യാത്ര. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇരുവരും ഒരുമിച്ചെത്തിയെങ്കിലും പാർട്ടി സെക്രട്ടേറിയറ്റിൽ ആദ്യമെത്താൻ റിയാസിന് സഹായകമായത് യുവജന സംഘടനാ നേതാവെന്ന നിലയിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതും മന്ത്രിയെന്ന നിലയിൽ മികച്ച തുടക്കം കുറിക്കാൻ കഴിഞ്ഞതിനാലുമാണ്.

സ്കൂളിൽ പഠിക്കുമ്പോഴെ എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹിയായ റിയാസ് എസ്.എഫ് ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും താഴെത്തട്ടുമുതൽക്കെ പ്രവർത്തിച്ചു കയറിവന്നയാളാണ്. പൊലീസിന്റെ മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഫറൂഖ് കോളേജിൽ പഠിക്കുമ്പോൾ എം.എസ്.എഫിന്റെ കോട്ട തകർത്താണ് റിയാസ് എസ്.എഫ്.ഐയുടെ വെന്നിക്കൊടി പാറിച്ചത്. അവിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ റിയാസ് കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭാരവാഹിയുമായി.

കണ്ണൂരിൽ എസ്.എഫ്.ഐയുടെ കോട്ടയായ ബ്രണ്ണൻ കോളേജിലാണ് ഷംസീറിന്റെഅരങ്ങേറ്റം. കണ്ണൂർ സർവകലാശാല യൂണിയന്റെ പ്രഥമ ചെയർമാനായിരുന്നു. എസ്.എഫ്.ഐയിൽ തീപ്പൊരി നേതാവായി ഷംസീർ വളരുമ്പോൾ ഡിവൈ.എഫ്.ഐയുടെ പ്രവർത്തനത്തിൽ റിയാസ് മുന്നേറുകയായിരുന്നു. ഡിവൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണ് 2009 ൽ ലോക്സഭയിലേക്ക് റിയാസ് മത്സരിച്ചത്. അപ്പോൾ ഷംസീർ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. അന്ന് വെറും 838 വോട്ടുകൾക്കാണ് എം.കെ രാഘവനോട് റിയാസ് പരാജയപ്പെട്ടത്. കോൺഗ്രസിന്റെ ശക്തിദുർഗ്ഗത്തിൽ പാർടി പോലും പ്രതീക്ഷിക്കാത്ത വോട്ടാണ് റിയാസിനെ തേടിയെത്തിയത്. യുവാക്കളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന വ്യക്തിപ്രഭാവം തനിക്കുണ്ടെന്ന് റിയാസ് ആ തിരഞ്ഞെടുപ്പിൽ തെളിയിച്ചു. ശരിക്കും റിയാസിന്റെ വളർച്ചയുടെ വലിയൊരു ഘട്ടം അവിടെ തുടങ്ങി. 2016 ൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ റിയാസിനെ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ് അധിക്ഷേപിച്ച ഒരു ബി.ജെ.പി നേതാവിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പ്രസംഗിക്കവെ വി.എസ് അച്യുതാനന്ദൻ ആഞ്ഞടിച്ചത് അന്ന് ഏറെ ചർച്ചയായിരുന്നു.

2010 ൽ ഡിവൈ.എഫ്.ഐയുടെ തിരുവനന്തപുരം സമ്മേളനത്തിൽ റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുമ്പോൾ ഷംസീർ സംസ്ഥാന കമ്മിറ്റിയിൽ വന്നു. തുടർന്ന് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2012 ലെ ബംഗളൂരു സമ്മേളനത്തിൽ റിയാസ് കേന്ദ്രക്കമ്മിറ്റി അംഗമായി. 2015 ൽ അഖിലേന്ത്യ നേതൃത്വത്തിലേക്ക് പാർട്ടി റിയാസിനെ ചുമതലപ്പെടുത്തിയപ്പോൾ 2016 ലെ തിരൂർ സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി ഷംസീറെത്തി. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പദത്തിൽ നിന്ന് റിയാസ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. വടകര ലോക്സഭാ മണ്ഡലത്തിൽ 2014 ൽ മത്സരിച്ച ഷംസീർ മുല്ലപ്പള്ളിയോട് പരാജയപ്പെടുകയായിരുന്നു. 2016 ലും 2021 ലും തലശേരിയിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. കാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്ന നേതാവാണ് ഷംസീർ.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളെ ജനപ്രിയമാക്കുന്നതിൽ റിയാസ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിപക്ഷം പോലും പ്രശംസിക്കുന്നുണ്ടെങ്കിലും ഈ നേട്ടങ്ങളെയെല്ലാം മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ വലിച്ചിഴയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകാറുണ്ട്. ഇപ്പോൾ ഷംസീറിനെ സ്പീക്കറായി പാർട്ടി നിയോഗിക്കുമ്പോൾ കോടിയേരിയുടെ വ്യക്തി താത്പ്പര്യം എന്നൊക്കെ അതിനെ ചെറുതാക്കി കാണിക്കാനും ശ്രമം ഉണ്ട്. എന്നാൽ പ്രവർത്തന മികവിനുള്ള അംഗീകാരമായിട്ടാണ് പാർട്ടി നേതൃത്വം ഇതിനെയെല്ലാം വിലയിരുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUHAMMED RIYAS, RIYAS, AN SHAMSEER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.