SignIn
Kerala Kaumudi Online
Friday, 19 April 2024 2.25 PM IST

കേരളം- കർണാടക മുഖ്യമന്ത്രിതല ചർച്ച ഒക്ടോബറിൽ: പാളം കയറുമോ തലശേരി- മൈസൂരു റെയിൽപാത?

rail

കണ്ണൂർ : കേരളം, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ ഒക്ടോബറിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് മലബാർ. ഒരു നൂറ്റാണ്ടായി അനിശ്ചിതത്വം തുടരുന്ന തലശേരി- മൈസൂരു റെയിൽപാത പാളം കയറുമോ എന്നാണ് മലബാർ മുഖ്യമായും കാത്തിരിക്കുന്നത്. നിലമ്പൂർ- നഞ്ചൻകോട് പാതയും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.

തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ കൗൺസിൽ യോഗത്തിലാണ് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ധാരണയായത്.

വരും റെയിൽവെ ഇടനാഴിയും
കർണാടകത്തെയും കേരളത്തെയും കോർത്തിണക്കി റെയിൽവേ ഇടനാഴി വരുന്നത് ഇരുസംസ്ഥാനത്തിനും നേട്ടമാകും. കുറഞ്ഞ ചെലവിലുള്ള ചരക്കുനീക്കവും ചുരുങ്ങിയ സമയത്തിൽ മംഗളുരുവിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും സാദ്ധ്യമാകും. തമിഴ്‌നാടിനെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ചർച്ചയിലുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്‌കാരിക ബന്ധത്തിന് കുതിപ്പാകും.

മംഗളൂരു–തിരുവനന്തപുരം യാത്രാസമയം കുറയുന്നത് ഏറ്റവുമധികം പ്രയോജനപ്പെടുക ചരക്ക് നീക്കത്തിനാകും. നിലവിൽ ട്രെയിൻ, റോഡ് മാർഗം മണിക്കൂറുകളെടുത്ത് ചരക്ക് കൊണ്ടുവരുന്നതിൽ സാമ്പത്തിക ബാധ്യതയേറെയാണ്. പദ്ധതിവഴി ഇരുസംസ്ഥാനത്തും വ്യാപാര മേഖലയ്ക്ക് പുത്തനുണർവാകും. നിലവിൽ റെയിൽപ്പാതയുള്ളതിനാൽ പുതിയ ട്രാക്ക് നിർമാണമടക്കം പ്രയാസമില്ലാതെ പൂർത്തീകരിക്കാനാകും. മംഗളൂരു ആശുപത്രികളെ ആശ്രയിക്കുന്ന നിരവധിപേർ വടക്കൻ കേരളത്തിലുണ്ട്. റോഡ് മാർഗത്തേക്കാൾ എളുപ്പത്തിൽ എത്തിച്ചേരാനായാൽ ചികിത്സാരംഗത്തും മുന്നേറ്റമാകും. തലശേരി – മൈസുരു, നഞ്ചൻകോട് – നിലമ്പൂർ റെയിൽപ്പാത വികസനത്തിൽ ഇരുസംസ്ഥാനവും കൈകോർത്താൽ വടക്കൻ കേരളത്തിൽ വികസനത്തിന്റെ പുതിയ ചൂളംവിളി ഉയരും. റെയിൽപ്പാത വേണമെന്ന വയനാടിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനും ചിറക് മുളക്കും.

ഹെലിബോൺ സർവ്വേക്ക് ശേഷം

തലശേരി- മൈസൂരു റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള പ്രാഥമിക നടപടിയായ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ഹെലിബോ‍ൺ സർവ്വേ വിജയകരമായി പൂർത്തിയായെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിരുന്നില്ല.

1910ലായിരുന്നു ആദ്യ സാദ്ധ്യതാ പഠനം. പിന്നീട് സർക്കാർ തലത്തിലും ആക്‌ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലും മറ്റും പഠനങ്ങൾ നടന്നു. നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങൾ ഒഴിവാക്കി 2017 നവംബറിൽ കേരളം സമർപ്പിച്ച രൂപരേഖ കർണാടക അംഗീകരിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾക്ക് പച്ചക്കൊടി കാട്ടിയില്ല. 206 കിലോമീറ്റർ പാത 8000 കോടി രൂപയ്ക്ക് പൂർത്തിയാക്കുന്നതാണ് പദ്ധതി.

കൊങ്കൺ റൂട്ടിൽ ഒറ്റപ്പാതയായതിനാൽ മഴക്കാലങ്ങളിൽ സമയ ക്രമീകരണമുണ്ടാവാറുണ്ട്. മണ്ണിടിച്ചിലും സാധാരണയാണ്. പാത വന്നാൽ കൊങ്കൺ വഴി പോകുന്ന ദീർഘദൂര ട്രെയിനുകൾ ഇതുവഴി തിരിച്ച് വിടാം.

കബനിക്ക് അടിയിലൂടെ 11.500 കി.മി

കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനി നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ കർണാടക സർക്കാറിന് സമർപ്പിച്ചിരുന്നു. 11.5 കിലോമീറ്റർ ദൂരത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്. ഇതിന്1200 കോടി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

തലശ്ശേരി-മൈസൂരു പാത

ദൂരം- 206 കി.മി

സമയം -4 മണിക്കൂർ

 ചെലവ്- 8000 കോടി

 കേന്ദ്ര സർക്കാർ- 51%

 ഇരു സംസ്ഥാനവും- 49%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.