SignIn
Kerala Kaumudi Online
Friday, 19 April 2024 8.28 PM IST

ഓണത്തിന്റെ ഈണങ്ങൾ

kk

''പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണതുമ്പീ...

ഈ ഗാനം ഇന്നും കേൾക്കുമ്പോൾ ഓണം വന്നുനിറയുന്ന അനുഭവമാണ്. ശ്രീകുമാരൻ തമ്പി സാറെഴുതിയ ഈ ഗാനമാണ് എന്റെ പ്രിയപ്പെട്ട ഓണപ്പാട്ട് ''

കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ വിലയിരുത്തലാണിത്. ''മറ്റേത് മലയാളിയേയും പോലെ മാവേലി നാടുവാണീടും കാലം... എന്ന പാട്ടായിരിക്കും സ്കൂളിലും നാട്ടിലുമൊക്കെ ഞാൻ കേട്ടുവളർന്നത്. '' അദ്ദേഹം ഫ്ലാഷ് ബാക്കിലേക്ക് കടന്നു.

''പഴയ സിനിമകളിലാണ് ഓണസമൃദ്ധിയുള്ളത്. 'കടത്തുകാരൻ' എന്ന സിനിമയിൽ വയലാർ രാമവർമ്മ എഴുതി എം.എസ്.ബാബുരാജ് ഈണമിട്ട

''മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി തങ്കതേരിറങ്ങീ ''

എന്ന പാട്ട് റേഡിയോയിൽ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ''ഓണപ്പൂവേ പൂവേ പൂവേ
ഓമൽപൂവേ പൂവേ പൂവേ... '' എന്ന പാട്ട് കേൾക്കുന്നത്. ഒ.എൻ.വി സാറിന്റെ വരികളിൽ

ഓണത്തിന്റെ എല്ലാ ബിംബങ്ങളുമുണ്ട്. ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോഴും എനിക്ക് ആ കൗമാരകാലത്തിലേക്ക് പോകാൻ കഴിയും.

ശ്രീകുമാരൻ തമ്പിസാറിന്റെ ഓണപ്പാട്ടുകളുടെ ഒരു സവിശേഷത ഉത്സവ തിമിർപ്പാണ്. സംഗീതവും വരികളും കൂടി ചേർന്ന് ഓണം വന്നുനിറയുന്ന പ്രതീതിയാണ്. ഈണം ചേർക്കുന്നത് മലയാളിയല്ലാത്ത സലിൽ ചൗധരിയെപോലെയുള്ളവരാണെങ്കിലും മലയാളിത്തം നിറഞ്ഞുതന്നെ നിൽക്കും. തമ്പിസാറിന്റെ കവിതയിലും ഗാനങ്ങളിലും ഓണത്തിന്റെ ബിംബങ്ങൾ കടന്നുവരാറുണ്ട്. ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയിട്ടുള്ള കവിയും അദ്ദേഹമാണ്.

നാട്ടിൻപുറങ്ങളിൽ ഓണം കുറെക്കൂടി ഊഷ്മളമായി കൊണ്ടാടിയിരുന്ന കാലത്ത് ഈ പാട്ടുകളൊക്കെ ആഘോഷിച്ചിരുന്നു. നാട്ടിൻപുറങ്ങളിൽ ആളുകൾ പരസ്പരം സഹകരിച്ചാണ് ഓണം ആഘോഷിക്കുന്നത്.

ഇന്ന് നാട്ടിൻപുറങ്ങളിലും എല്ലാവരും മൊബൈൽ ഫോണിലേക്ക് തലയും കുത്തിയിരിക്കുകയല്ലേ. അതുകൊണ്ട് പഴയകാലത്തെ പോലെയുള്ള മനുഷ്യബന്ധങ്ങളില്ല. ഓണം എല്ലാക്കാലത്തും ഗൃഹാതുരത ഉണ്ടാക്കുന്നതാണ്. ഒരുപക്ഷേ, പത്തുകൊല്ലം കഴിഞ്ഞാൽ ഈ കാലമായിരിക്കും ഗൃഹാതുരതയോടെ ഓർക്കുന്നത്.

ഓണപ്പാട്ടുകൾ മാത്രമല്ല, എല്ലാപാട്ടുകളും എഴുതാൻ എനിക്കിഷ്ടമാണ്.

പക്ഷേ, പഴയ കാലത്തെ സിനിമകളിൽ ഓണം, വിഷു, റംസാൻ, ക്രിസ്മസ് ഇങ്ങനെയൊക്കെയുള്ള വിശേഷാവസരങ്ങളെക്കുറിച്ചുള്ള പാട്ടുകളുണ്ടാകുന്നത് അത്തരത്തിലുള്ള സന്ദർഭങ്ങൾ സിനിമയിലുള്ളതുകൊണ്ടാണ്. ബോംബെ മാർച്ച് 12 എന്ന സിനിമയിൽ ഓണക്കാലം കടന്നുവന്നതു കൊണ്ടാണ്

ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം.... എന്ന ഗാനമെഴുതാൻ എനിക്കു കഴിഞ്ഞത്.

ഞാൻ ഇനി

ഓണപ്പാട്ട് എഴുതില്ല

ശ്രീകുമാരൻ തമ്പി ഉറച്ച തീരുമാനത്തിലാണ്. അതിനദ്ദേഹത്തിന് കാരണമുണ്ട്.

''ഇനി എഴുതാൻ പറ്റില്ല? ആര് പാടും ?​'' അദ്ദേഹം ചോദിക്കുന്നു

ഞാനെഴുതിയ ഓണപ്പാട്ടുകൾ ആസ്വാദകർ ഇന്നും ഇഷ്ടപ്പെടുന്നത് അതൊക്കെ യേശുദാസ് പാടിയതുകൊണ്ടാണ്. എന്റെ മാത്രം മിടുക്കുകൊണ്ടല്ല. ഇനിയും അത് സംഭവിക്കണമെങ്കിൽ അന്നത്തെ യേശുദാസ് പാടണം. അത് പറ്റില്ലല്ലോ. യേശുദാസിനെപ്പോലുള്ള ഗായകൻ ഇനി വരാൻ പോകുന്നില്ല. ആ കാലഘട്ടം ക്ലാസിക് കാലമായി ചരിത്രത്തിലുണ്ടാകും.

ഞാനും രവീന്ദ്രനും യേശുദാസും ചേർന്നൊരുക്കിയ പാട്ടുകൾ എക്കാലത്തേയും ക്ലാസിക്കുകളായി അവശേഷിക്കും. ഇനി പുതിയത് ഉണ്ടാക്കാൻ പറ്റില്ല.

ഞാൻ എഴുതിയാലും സംഗീതം ചാർത്താൻ രവീന്ദ്രൻ ഇല്ല. ഇനി വേറൊരാൾ സംഗീതമിട്ടാലും പാടാൻ ആരുണ്ട്?​ മുമ്പൊക്കെ ഞാൻ ശ്രമിച്ചതാണ്. പക്ഷേ,​ ജനത്തിന് പഴയ കോമ്പിനേഷൻ വേണം'' ശ്രീകുമാരൻ തമ്പി പറഞ്ഞു.

തമ്പിസാ‍ർ ഓണപ്പാട്ടെഴുത്ത് അവസാനിപ്പിച്ചാലും സിനിമയിലും ആൽബങ്ങളിലുമായി മലയാളത്തിൽ ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയ റെക്കാഡ് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീതസംവിധായകനുമൊക്കെയായ അദ്ദേഹത്തിന്റെ പേരിലുണ്ടാകും.

ഓണപ്പാട്ടുകളെ ഇത്രയേറെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? അദ്ദേഹം പറയുന്നു, ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുറച്ച് ഓണപ്പാട്ടുകളും...

പൂവിളി പൂവിളി പൊന്നോണമായി... , തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ...,​ ഉത്രാടപ്പൂനിലാവേ വാ.... എന്നീ പാട്ടുകളില്ലാതെ ഒരുവർഷം പോലും ഓണം കടന്നുപോകാറില്ല. ആദ്യത്തേത് സലിൽ ചൗധരിയും രണ്ടാമത്തേത് എം.കെ. അർജ്ജുനനും അവസാനത്തേത് രവീന്ദ്രനുമാണ് ഈണം ചേർത്തത്.

യേശുദാസിന്റെ മ്യൂസിക് കമ്പനിയായ തരംഗിണിയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ ഓണപ്പാട്ടുകളിൽ മിക്കതും ഹിറ്റ്. ഉത്രാടപ്പൂനിലാവ് എഴുതിയത് പാവപ്പെട്ടവനെ ഓർത്തുകൊണ്ടാണെന്ന് ശ്രീകുമാരൻ തമ്പി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തിരുവോണത്തിൻ കോടിയുടുക്കാൻ

കൊതിക്കുന്നൂ തെരുവിൻ മക്കൾ

അവർക്കില്ലാ പൂമുറ്റങ്ങൾ പൂനിരത്തുവാൻ

വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്മാർ

അവർക്കോണക്കോടിയായ് നീ വാ, വാ, വാ...

ഈ വരികൾതന്നെ അതിനു തെളിവ്.

മധുരഗീതങ്ങൾ എന്ന ആൽബത്തിനു വേണ്ടി 1970ൽ ദക്ഷിണാമൂർത്തി സ്വാമിയും ശ്രീകുമാരൻ തമ്പിയും ചേർന്നൊരുക്കിയ

തുയിലുണരൂ തുയിലുണരൂ തുമ്പികളേ...

തുമ്പപ്പൂങ്കാട്ടിലെ വീണകളേ...

പാട്ടിൽ നിറയുന്നത് നൊസ്റ്റാൾജിയ. ഓണം തിരിച്ചു കിട്ടാനാകാത്ത സൗഭാഗ്യങ്ങളുടെ ഓർമ്മപുതുക്കൽ കൂടിയാണല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM SONGS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.