SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.49 PM IST

യുക്രെയിനിൽ നിന്നെത്തിയവരുടെ ആശങ്ക ഞങ്ങൾ എവിടെ പഠിക്കും ?

protest
ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുക്രെയിനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിയ സമരം (ഫയൽ ചിത്രം)

യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് ജീവനോടെ സ്വന്തം നാട്ടിൽ തിരിച്ചെത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹം.

സുരക്ഷയ്ക്കായി ബങ്കറിൽ അഭയം തേടിയപ്പോഴും മെഡിക്കൽ പഠനത്തെക്കുറിച്ച് മനസിൽ വല്ലാത്ത ആധിയായിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്ത് നാട്ടിലെത്തിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയതിൽ ആശ്വസിച്ചു. എങ്കിലും

യുക്രെയിനിലെ മെഡിക്കൽ തുടർപഠനത്തെ കുറിച്ചായിരുന്നു ചിന്ത. യുക്രെയിനിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർ‌ത്ഥിനി കേരളകൗമുദിയുമായി പങ്കുവച്ചതാണിത്. ഇന്ത്യയിൽ തിരിച്ചെത്തിയവരിൽ 22,000 പേർ മെഡിക്കൽ വിദ്യാർത്ഥിനികളാണ്. ഇതിൽ 2736 പേർ മലയാളികളുമാണ്. യുദ്ധം അവസാനിക്കുന്ന മുറയ്ക്ക് തിരികെ യുക്രെയിനിൽ പോവാമെന്നാണ് ആദ്യമൊക്കെ വലിയ ആത്മവിശ്വാസത്തോടെ വിദ്യാ‌ർത്ഥികൾ പറഞ്ഞിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും യുക്രെയിനിൽ ഒാഫ് ലൈൻ പഠനം പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള സൂചനകളില്ല. യുക്രെയിൻ- റഷ്യ യുദ്ധവും അവസാനിച്ചിട്ടില്ല.

ഒരു സെമസ്റ്റർ ഒാൺലൈനിലാണ് വിദ്യാർത്ഥികൾ പഠിച്ചത്. ഇൗ മാസം അടുത്ത സെമസ്റ്ററും ഒാൺലൈനിൽ തന്നെ ആരംഭിക്കും. ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) നിയമങ്ങളാണ് ഇപ്പോൾ വിദ്യാർത്ഥികളെ വല്ലാതെ കുഴപ്പിക്കുന്നത്. ഒാൺലൈനായി പഠിച്ചാൽ ഇന്ത്യയിൽ എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ) എഴുതാനോ ജോലി ചെയ്യാനോ എൻ.എം.സി അനുമതി നൽകുന്നില്ല. ഇതോടെ വിദ്യാർ‌ത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് ട്രാൻസ്ഫറിനായി ശ്രമിച്ചപ്പോഴും നിയമക്കുരുക്കിൽ പെട്ടു. 2021 നവംബറിന് ശേഷം വിദേശരാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് പോയവർക്ക് ട്രാൻസ്ഫർ ചെയ്യാൻ എൻ.എം.സിയുടെ അനുവാദമില്ല. അഥവാ ട്രാൻസ്ഫർ ചെയ്താൽ ഇന്ത്യയിൽ പരീക്ഷ എഴുതാനോ ജോലി ചെയ്യാനോ സാധിക്കില്ല. ഇതോടെ തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽത്തന്നെ പഠനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രക്ഷിതാക്കളും വിദ്യാ‌ർത്ഥികളും ചേർന്ന് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ആൾ കേരള യുക്രെയിൻ പാരന്റ്സ് ആൻഡ് സ്റ്റുഡന്റ്സ് അസോസിയേഷനും ആവശ്യമറിയിച്ച് ഹർജി നൽകിയിരുന്നു.

എൻ.എം.സി നോട്ടിഫിക്കേഷനും ആശങ്കങ്കളും

കൊവിഡും യുദ്ധവും കാരണം മടങ്ങിയെത്തി ജൂൺ 30നുള്ളിൽ വിദേശത്തെ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പിന് അവസരം നൽകാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒരു വർഷത്തെ ഇന്റേൺഷിപ്പിന് പകരം രണ്ട് വർ‌ഷത്തെ ഇന്റേൺഷിപ്പ് എന്ന നിബന്ധനയും വച്ചു. എന്നാൽ യുക്രെയിനിൽ പഠിച്ചിരുന്ന അവസാന വർഷത്തിലെ ചില വിദ്യാ‌ർത്ഥികൾക്ക് മാത്രമാണ് ഇൗ നിയമം ഉപകാരപ്പെട്ടത്. കേരളത്തിൽ തിരിച്ചെത്തിയവരിൽ ഏറ്റവും കൂടുതലുള്ളത് ഒന്നാം വർഷക്കാരാണ്. ഒന്ന് മുതൽ അഞ്ചാം വർഷം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.എം.സിയുടെ ഇൗ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ഒന്നാം വർഷക്കാർ 2021 നവംബർ 18ന് ശേഷം അഡ്മിഷൻ എടുത്തവരായതിനാൽ ട്രാൻസ്ഫർ ചെയ്യാനും സാധിക്കില്ല. മറ്റു വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള രാജ്യങ്ങളിലേക്ക് ട്രാൻസ്ഫർ ആവാമെങ്കിലും അതത്ര എളുപ്പവുമല്ല. ട്രാൻസ്ഫർ ചെയ്ത് പഠിക്കുമ്പോൾ യുക്രെയിനിലേതിന് സമാനമായ സിലബസ് മറ്റു രാജ്യങ്ങളിലെ മെഡിക്കൽ സർവകലാശാകളിൽ കണ്ടെത്തണം. യുക്രെയിനിൽ മൂന്നാംവർഷം മുതലാണ് പ്രാക്ടിക്കൽ ആരംഭിക്കുന്നത്. ക്രോക്ക് 1 ക്രോക്ക് 2 എക്സാമുകളും യുക്രെയിനിലുണ്ട്. ട്രാൻസ്ഫറിന് കണ്ടെത്തുന്ന സർവകലാശാലകളിലെ പ്രാക്ടിക്കൽ പഠനം എങ്ങനെയെന്നതും എത്രവർ‌ഷമാണ് എം.ബി.ബി.എസ് പഠനമെന്നതും വലിയ ആശങ്കയാണ്. വീണ്ടും നീറ്റ് പരീക്ഷയെഴുതി തുടക്കം മുതൽ പഠനം ആരംഭിക്കേണ്ടി വരുമോ എന്നതാണ് ഒന്നാം വർഷക്കാരുടെ ആശങ്ക. യുക്രെയിൻ സർവകലാശാലകളിൽ ഒന്നാം വർഷത്തിന് മാത്രമായി 10 ലക്ഷം രൂപയാണ് മിക്കവരും നൽകിയിട്ടുള്ളത്. വീണ്ടും നീറ്റ് പരീക്ഷയെഴുതി അഡ്മിഷൻ നേടേണ്ടി വന്നാൽ സാമ്പത്തിക നഷ്ടത്തോടൊപ്പം ഒരു അക്കാഡമിക് വർഷവും നഷ്ടപ്പെടും.

സിലബസും ഫീസും

പ്രശ്നമാണ്

യുക്രെയിനിലെ മാതൃസർവകലാശാലയെ നിലനിറുത്തി മറ്റു രാജ്യങ്ങളിൽ തുടർപഠനം നടത്താമെന്ന് എൻ.എം.സി ഇൗ മാസം ആറിന് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം മറ്റു രാജ്യങ്ങളിൽ പോയി തുടർപഠനം നടത്തുകയും ബിരുദ സർട്ടിഫിക്കറ്റ് യുക്രെയിനിലെ മാതൃ സർവകലാശാലയിൽ നിന്ന് കരസ്ഥമാക്കുകയും ചെയ്യാം. ജോർജിയ, ഉസ്ബക്കിസ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ഇത്തരത്തിൽ പഠിക്കാമെന്ന് യുക്രെയിൻ സർവകലാശാലകൾ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. യുക്രെയിൻ സർവകലാശാലകളിൽ 35 ലക്ഷം വരെയാണ് ഫീസ്. എന്നാൽ പഠനം പോളണ്ടിലേക്കാവുമ്പോൾ മൂന്നിരട്ടിയോളം ഫീസ് നൽകണം. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെയാണ് യുക്രെയിനിൽ ഒരുവർഷത്തേക്ക് ഫീസ് ഇൗടാക്കുന്നത്. പോളണ്ടിൽ ഒൻപത് മുതൽ 11 ലക്ഷം വരെ ഒരു വർഷത്തേക്ക് നൽകണം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് വേണമെന്നതിനാലാണ് വിദ്യാർ‌ത്ഥികൾ യുക്രെയിനിലേക്ക് പഠനത്തിനായി പോയിരുന്നത്. മാതൃ സർവകലാശാലയിലെ സമാനമായ സിലബസ് കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. ചില രാജ്യങ്ങളിൽ അഞ്ചും, നാലും അക്കാഡമിക് വർഷങ്ങളാണുള്ളത്. യുക്രെയിനിലേത് ആറ് വർഷമാണ്. തിരഞ്ഞെടുക്കുന്ന സർവകലാശാലകൾ നിശ്ചിത കാലത്തേക്കാണ് മൊബിലിറ്റി പ്രോഗ്രാമിന് അനുവദിക്കുന്നതെങ്കിൽ കാലാവധി കഴിഞ്ഞിട്ടും യുക്രെയിൻ-റഷ്യ യുദ്ധം അവസാനിച്ചില്ലെങ്കിൽ വിദ്യാർത്ഥികളുടെ പഠനം വീണ്ടും മുടങ്ങും. ഇതുസംബന്ധിച്ച് അവരുടെ സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥികൾക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്.

ഇവർ മാർക്ക്

കുറഞ്ഞവരല്ല

ഏതെങ്കിലും രാജ്യത്ത് യുദ്ധമോ ആഭ്യന്തര കലഹമോ ഉണ്ടായാൽ അവിടെ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്താൻ എൻ.എം.സിയ്ക്ക് അധികാരമുണ്ടെന്നാണ് 2016ലെ ഇന്ത്യൻ ഗസറ്റഡ് നോട്ടിഫിക്കേഷനിലുള്ളത്. ഇത് പ്രകാരം ഇന്ത്യയിൽ തിരിച്ചെത്തിയ 22,000 വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തന്നെ തുടർപഠനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ആൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ എന്ന സംഘടന ജൂലായ് 31ന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ സെപ്തംബർ‌ 15ന് എൻ.എം.സി സുപ്രീംകോടതിയെ നിലപാട് അറിയിക്കും. യുക്രെയിനിൽ ആറ് വർഷവും ഇന്ത്യയിൽ അഞ്ച് വർഷവുമാണ് മെഡിക്കൽ പഠനം. ഇന്ത്യയിലും യുക്രെയിനിലും പ്രാക്ടിക്കൽ പഠനം ആരംഭിക്കുന്നതും വ്യത്യസ്ത അക്കാഡമിക് വർഷങ്ങളിലാണ്. ഇങ്ങനെ നോക്കുമ്പോൾ യുക്രെയിനിലേതിന് സമാനമായി ഇന്ത്യയിൽ എങ്ങനെ ഇവരെ പഠിപ്പിക്കുമെന്നതും ആശങ്കയാണ്. യുദ്ധം തീരുന്നത് വരെ, യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയവർക്ക് മാത്രമായി ഇന്ത്യയിൽ പഠനസൗകര്യം ഒരുക്കണമെന്നും യുദ്ധം തീരുന്ന മുറയ്ക്ക് തിരിച്ച് യുക്രെയിനിലേക്ക് പോവാമെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. സെപ്തംബർ 15ലെ എൻ.എം.സിയുടെ അറിയിപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക. യുക്രെയിനിൽ മെഡിക്കൽ പഠനത്തിന് പോയവർ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞവരല്ല. ഇന്ത്യയിലെ സ്വകാര്യമെഡിക്കൽ കോളേജിൽ ഉയർന്ന ഫീസ് നൽകണം. യുക്രെയിനിൽ 35 ലക്ഷം കൊണ്ട് പഠനം പൂർത്തിയാക്കാം. അവർക്ക് ബുദ്ധിമുട്ടുകൾ വരുമ്പോൾ ചേർത്തുപിടിക്കേണ്ടത് സർക്കാരാണ്. അവരും ഇന്ത്യയിലെ വിദ്യാർത്ഥികൾ തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, UKRANE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.