SignIn
Kerala Kaumudi Online
Friday, 19 April 2024 6.01 AM IST

പേവിഷ വാക്‌സിനും മരണങ്ങളും, അവ്യക്തതയിൽ പകച്ച് കേരളം

rabies

പേവിഷ ബാധക്കെതിരായ വാക്സിനെടുത്ത, പത്തനംതിട്ടയിലെ 12 വയസുകാരി അഭിരാമി മരിച്ചതോടെ പേവിഷ വാക്സിൻ സംബന്ധിച്ച സംശയങ്ങൾ ബലപ്പെട്ടത്. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിനും ഇമ്യൂണോഗ്ലോബുലീനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണിത്. ഇതുവരെ 20 പേവിഷ മരണങ്ങൾ ഉണ്ടായിട്ടും കൃത്യമായ ഡെത്ത് ഓഡിറ്റിംഗ് നടന്നിട്ടില്ല. ഈ ഘട്ടത്തിലാണ് വാക്‌സിന്റെ ഗുണനിലവാര പരിശോധനയും സർക്കാർ നിയോഗിച്ച വിദഗ്ധസമതി അന്വേഷണവും പ്രാധാന്യമർഹിക്കുന്നത്.

പേവിഷബാധ മരണങ്ങൾ പരിശോധിക്കുന്ന വിദഗ്ധസമിതിക്ക് മുന്നിൽ ഒമ്പത് പരിഗണന വിഷയങ്ങളുണ്ട്.

അതിനൊപ്പം വാക്സിന്റെ ഫലശേഷിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന്റെ ഒരു ബാച്ചിന്റെ വിതരണം സംസ്ഥാനത്ത് പിൻവലിച്ചിട്ടുണ്ട്. വാക്‌സിൻ സാമ്പിൾ,കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്‌സിന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്. കെബി 210002 എന്ന ബാച്ച് വാക്‌സിനാണ് അടിയന്തരമായി പിൻവലിച്ചത്. ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്‌സിന്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ നിർദ്ദേശം നൽകി. വാക്‌സിൻ പിൻവലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വെയർഹൗസുകൾക്ക് കെ.എം.എസ്.സി.എൽ നിർദ്ദേശം നൽകി. വാക്സിൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കസൗളിയിലെ കേന്ദ്ര ലാബാണ് ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതേ ലാബിൽ വീണ്ടും സാമ്പിളുകൾ പരിശോധിക്കണമെന്നാണ്‌ കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. പിൻവലിച്ച വാക്സിന്റെ ആയിരത്തോളം വയലുകൾ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നാലായിരത്തോളം വയലുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം വാക്‌സിൻ പിൻവലിച്ചതിൽ ആശങ്ക വേണ്ടെന്നാണ് കെ.എം.എസ്.സി.എൽ അറിയിക്കുന്നത്. ഗുണനിലവാരത്തിന് പുറമേ വാക്‌സിൻ സൂക്ഷിച്ചതിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവ വാക്സിൻ ഫലപ്രാപ്തി നഷ്ടപ്പെടാൻ ഇടയാക്കിയോ എന്നതും പരിശോധിക്കും. വാക്‌സിൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, പേവിഷം പരത്തുന്ന വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്. അതേസമയം കേന്ദ്ര മരുന്ന് ലാബ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാക്‌സിൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്നു നേരത്തെ കെ.എം.എസ്.സിഎൽ സമ്മതിച്ച രേഖകൾ പുറത്തു വന്നിരുന്നു. അടിയന്തര ആവശ്യത്തിന്റെ പേരിലായിരുന്നു ഇത്തരത്തിൽ വാക്സിൻ എത്തിച്ചത് പരിശോധനാ ഫലം എത്രയും വേഗം വന്നാൽ മാത്രമേ പൊതുസമൂഹത്തിലുള്ള ആശങ്ക അകറ്റാനാകൂ.

ഇതോടൊപ്പം സംസ്ഥാനത്ത് ഈവർഷമുണ്ടായ പേവിഷ മരണങ്ങളിൽ അന്വേഷണം നടത്തുന്ന വിദഗ്ദ്ധ സമിതി അന്വേഷണ റിപ്പോർട്ടും പൊതുസമൂഹത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. പേവിഷബാധയേറ്റ് 21 പേർ മരിക്കുകയും ആശുപത്രികൾ അനാസ്ഥ കാട്ടിയെന്ന ആക്ഷേപം ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തിൽ ചികിത്സയിലെ വീഴ്ചകളും പോരായ്മകളും അടക്കം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദധ സമിതി മരിച്ചവരുടെ വീടുകളും ചികിത്സ നടത്തിയ ആശുപത്രികളും നേരിട്ട് സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

2025ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് വിദഗ്ദ്ധ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാദ്ധ്യമായിരുന്നു എന്നതും അന്വേഷണ വിഷയത്തിലുണ്ട്.

ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു അദ്ധ്യക്ഷനായ ഏഴംഗ സമിതി

മരണവും ചികിത്സയും സംബന്ധിച്ച രേഖകൾ അടിയന്തരമായി വിളിച്ചുവരുത്തും. ഇതിനുശേഷമാണ് വീടുകളും ആശുപത്രികളും സന്ദർശിക്കുന്നത്.വെർബൽ ഓട്ടോപ്സിയാണ് (വാക്കാലുള്ള മൃതദേഹ പരിശോധന) ഈ സന്ദർശനത്തിലൂടെ നടത്തുന്നത്. നായകടിയേൽക്കാനുള്ള സാഹചര്യം, എത്ര സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. എന്തൊക്കെ നടപടികൾ സ്വീകരിച്ചു, ചികിത്സ തുടങ്ങിയ കാര്യങ്ങളാണ് ഇങ്ങനെ വിലയിരുത്തുന്നത്.

വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ചവരിൽ എങ്ങനെ മരണം സംഭവിച്ചു,മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാദ്ധ്യമായിരുന്നു, വാക്‌സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവയിൽ പരിശീലനം ആവശ്യമുണ്ടോ, വാക്‌സിൻ നയത്തിൽ പാളിച്ചകളുണ്ടോ, മാറ്റം ആവശ്യമാണോ, വാക്‌സിൻ വഴി ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ പ്രവർത്തനശേഷി, പേവിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നു സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ആശുപത്രികളിൽ ഉണ്ടോ, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ വീഴ്ചവരുത്തിയോ തുടങ്ങിയ വിഷയങ്ങളാണ് സമിതി പരിശോധിക്കുന്നത്. ഈ രണ്ട് റിപ്പോർട്ടുകളും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു പോലെ നിർണായകമാണ്. പേവിഷ ബാധ പോലെ അപകടകരമായ സാഹചര്യത്തെ നേരിടാൻ ബോധവത്കരണവും വാക്‌സിനുമല്ലാതെ മറ്റുമാർഗങ്ങളില്ല അതിനാൽ കൃത്യമായ അവബോധത്തോടെ ജനങ്ങളും ആരോഗ്യവിഭാഗവും മുന്നോട്ടു നീങ്ങിയേ മതിയാകൂ. ഈ ഘട്ടത്തിലാണ് ഉറ്റവരെ കാക്കാം പേവിഷ ബാധക്കെതിരെ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത്.

പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പെയിന്റെ ലക്ഷ്യം.

മറക്കരുത് ആറ് കാര്യങ്ങൾ


 മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
 കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
 എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
 മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കേണ്ടത്.
 കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിൻ എടുക്കണം
 വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.