SignIn
Kerala Kaumudi Online
Thursday, 18 April 2024 2.43 PM IST

ഇന്ത്യ ഗവേഷണങ്ങളുടെ ആഗോള കേന്ദ്രമാകണം: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രാദേശികതലത്തിലേക്ക് കൊണ്ടുപോകണം. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ ദ്വിദിന കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാന മന്ത്രി.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സർവ്വതോന്മുഖമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകം ദുരന്തത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്. അതേ കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറും ശാസ്ത്രജ്ഞർ മഹത്തായ കണ്ടെത്തലുകളിൽ ഏർപ്പെട്ടിരുന്നു. പടിഞ്ഞാറ് ഐൻസ്റ്റീൻ, ഫെർമി, മാക്സ് പ്ലാങ്ക്, നീൽസ് ബോർ, ടെസ്‌ല തുടങ്ങിയ ശാസ്ത്രജ്ഞർ ലോകത്തെ വിസ്മയിപ്പിച്ചു.

അതേകാലത്ത് ഇന്ത്യയിൽ സി.വി രാമൻ, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാഥ് സാഹ, എസ്. ചന്ദ്രശേഖർ തുടങ്ങിയ ശാസ്ത്രജ്ഞർ പുതിയ കണ്ട് പിടുത്തങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചു. പക്ഷേ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസം ഇവിടെ പ്രകടമായി. പാശ്ചാത്യ ശാസ്ത്രജ്ഞർക്ക് അംഗീകാരം ലഭിച്ചപ്പോൾ നമ്മുടെ ശാസ്ത്രജ്ഞർക്ക് അർഹമായ അംഗീകാരം നൽകിയില്ല. അതിനാൽ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ നാം ആഘോഷിക്കേതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രമാണ് പരിണാമത്തിന്റെയും പരിഹാരത്തിന്റെയും അടിസ്ഥാനം. ഇന്ത്യൻ ശാസ്ത്രജ്ഞർ അത്ഭുതങ്ങളാണ് കാണിക്കുന്നത്. നമുക്ക് എല്ലായ്പ്പോഴും അഭിമാനിക്കാനുള്ള അവസരങ്ങളാണ് അവർ നൽകുന്നത്. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേട്ടങ്ങളെ നാം ആഘോഷിക്കണം. അത് നമ്മുടെ യുവാക്കൾക്ക് പ്രചോദനമാകും. ശാസ്ത്രം സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാകുകയും ചെയ്യും.

ശാസ്ത്ര - സാങ്കേതിക മേഖലയിലെ നിക്ഷേപത്തിൽ 2014 മുതൽ ഗണ്യമായ വർദ്ധനയാണുണ്ടായത്. കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യയുടെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 46-ആയി ഉയർന്നു. 2015ൽ ഇത് 81 ആയിരുന്നു.

നാലാം വ്യവസായ വിപ്ലവത്തിന് നേതൃത്വം നൽകുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഇതിൽ ശാസ്ത്ര മേഖലയിലെ രാജ്യത്തിന്റെ സംഭാവനകൾക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പ്രധാനപ്പെട്ട പങ്കുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

വിട്ടുനിന്ന് ബീഹാറും ജാർഖണ്ഡും

ശാസ്ത്ര-പരിസ്ഥിതി നവീകരണത്തിന് കേന്ദ്ര-സംസ്ഥാന തലത്തിൽ കരുത്തുറ്റ സഹകരണവും ഏകോപനവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ സംഘടിപ്പിച്ച കോൺക്ളേവ് ജാർഖണ്ഡും ബീഹാറും ബഹിഷ്കരിച്ചു. ആദ്യമായാണ് ഇത്തരമൊരു കോൺക്ളേവ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ദ്വദിന കോൺക്ളേവിൽ മറ്റെല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്നുണ്ട്. വിട്ടുനിന്നതിന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. കോൺക്ളേവിൽ കേന്ദ്ര-സംസ്ഥാന പ്രതിനിധികളെ കൂടാതെ വ്യവസായ പ്രമുഖരും യുവ ശാസ്ത്രജഞരും പങ്കെടുക്കുന്നുണ്ട്. ഡിജിറ്റൽ ഹെൽത്ത് കെയർ, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള സാങ്കേതിക ഇടപെടൽ, ക്ളീൻ എനർജി,കുടിവെള്ള ഉത്പാദനം തുടങ്ങി നിരവധി വിഷയങ്ങൾ സെഷനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറൺ കഴിഞ്ഞ ദിവസം നിയമസഭയിൽ വിശ്വാസവോട്ട് നേടിയെങ്കിലും അനധികൃത ഖനി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്ത അയോഗ്യതയുടെ ഭീഷണിയിലാണ്. ബി.ജെ.പിയാണ് സോറനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. മഹാരാഷ്‌ട്രയിലെയും മദ്ധ്യപ്രദേശിലെയും പോലെ ജാർഖണ്ഡിൽ സർക്കാരിനെ അട്ടിമറിക്കാനായി ജെ.എം.എം-കോൺഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബീഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം വിട്ട് മുഖ്യമന്ത്രി നിതീഷ്കുമാർ ആർ.ജെ.ഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി ചേർന്ന് പുതിയ മുന്നണിയുണ്ടാക്കി ഭരണത്തിൽ തുടരുകയാണ്. കൂടാതെ, കഴിഞ്ഞ ദിവസം കർത്തവ്യപഥിൽ ഇന്ത്യ ഗേറ്റിനടുത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രധാനമന്ത്രി അനാവരണം ചെയ്ത ചടങ്ങിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി വിട്ട് നിന്നതും ശ്രദ്ധിക്കപ്പെട്ടു. വ്യാഴാഴ്ച 7 മണിക്ക് പ്രധാനമന്ത്രി പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ 6 മണിക്ക് ഹാജരാകണമെന്ന് അവരുടെ വേലക്കാരനോ കൂലിപ്പണിക്കാരനോ എഴുതുന്ന പോലെ ഏതോ ഒരു അണ്ടർ സെക്രട്ടറി എഴുതിയ കത്ത് ലഭിച്ചതായി മമത പറഞ്ഞു. അതിനാൽ പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.