SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.33 AM IST

നടപ്പാക്കുന്നത് ഗുരുദേവന്റെ ആശയങ്ങൾ,​ ഗുരുവിനെ വാഴ്‌ത്തുമ്പോൾ ചിലർക്ക് അസ്വസ്ഥത : മുഖ്യമന്ത്രി

guru

ചെമ്പഴന്തി (തിരുവനന്തപുരം): എല്ലാവർക്കും വിദ്യാഭ്യാസം, വ്യാവസായിക മുന്നേറ്റത്തിലൂടെ സമൂഹത്തിന്റെ വികസനം തുടങ്ങി ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ ആശയങ്ങളാണ് 1957 മുതൽ ഇടതുസർക്കാരുകൾ നടപ്പാക്കിയതെന്നും ഇപ്പോൾ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണ് കേരള സമൂഹത്തിനു വേണ്ടതെന്ന് അനാചാരങ്ങളെ എതിർത്ത ഗുരുതിരിച്ചറിഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 168ാം ജയന്തി മഹാസമ്മേളനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആചാരങ്ങൾ കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും മാത്രം സന്യാസിയായിത്തീർന്ന ആളല്ല ശ്രീനാരായണ ഗുരു. സാമൂഹിക മുന്നേറ്റത്തിന് പ്രായോഗികമായ ആശയങ്ങൾ സംഭാവന ചെയ്തു. അത് പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ശ്രമിച്ചു. സമൂഹത്തിന്റെ വികാസത്തിന് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം മാത്രം മതിയാകില്ലെന്നും വ്യാവസായിക മുന്നേറ്റം കൂടി അനിവാര്യമാണെന്നും ഗുരു തിരിച്ചറിഞ്ഞു. 1905ൽ കാർഷിക- വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചു കൊണ്ട് വ്യാവസായിക, കാർഷിക മുന്നേറ്റത്തിന്റെ ആവശ്യകത പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള ഉദ്യമം ഗുരു ഏറ്റെടുത്തു.

നവകേരള നിർമ്മിതിയിൽ നമുക്ക് ഏറെ ആവശ്യമുള്ളതും ഇതേതരത്തിലുള്ള വ്യാവസായിക മുന്നേറ്റമാണ്. അത്തരത്തിൽ മുന്നേറ്റം കൈവരിക്കാൻ ഉതകുംവിധം ചട്ടങ്ങളടക്കം പരിഷ്‌കരിച്ചും ഏകജാലക സംവിധാനം നടപ്പാക്കിയും സംരംഭക വർഷം ആചരിച്ചുമെല്ലാം വ്യാവസായിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഉന്നതവിദ്യാഭ്യാസ രംഗത്തെയും മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇവയെല്ലാം ഗുരുവിന്റെ ആശയങ്ങളോടു ചേർന്നുപോകുന്നവയാണ്.

ലോകചരിത്രത്തിൽ വലിയ രക്തച്ചൊരിച്ചിലാണ് മതസ്‌പർദ്ധയുടെയും വംശവിദ്വേഷത്തിന്റെയും പേരിലുണ്ടായത്. ഈ വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗുരുചിന്ത. മനുഷ്യത്വം പാടേ അസ്തമിച്ച ചരിത്ര ഘട്ടത്തിൽ ഉയർന്ന വിസ്‌മയ പ്രതിഭാസമാണ് ഗുരു. തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവർ എന്ന നിലയിൽ വലിയ വിഭാഗം ജനങ്ങളെ ഇരുട്ടിലാഴ്‌ത്തിയ കാലത്ത് സമൂഹത്തെയും ജീവിതത്തെയും മനുഷ്യത്വവത്കരിക്കുകയാണ് ഗുരു ചെയ്തത്. നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇ.എം.എസും വി.ടിയും ഇറങ്ങിപ്പുറപ്പെട്ടത് അതിൽ പ്രചോദിതരായാണ്.

ഗുരുവിന്റെ തത്വങ്ങൾ, ചിന്തകൾ, ആശയങ്ങൾ ഒക്കെ സദാ വെളിച്ചം പടർത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ ഏതുഭാഗത്തെ ഇരുളിലും അതു വെളിച്ചമായി കത്തിപ്പടർന്നു നിൽക്കുന്നു. ഗുരുവിനെയും ഗുരുവിന്റെ ആശയങ്ങളെയും ഇരുളിന്റെ സ്പർശമേൽക്കാത്ത സൂര്യവെളിച്ചം എന്നാണ് പറയേണ്ടത്. ആ സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ചെമ്പഴന്തിയിലേക്കും ശിവഗിരിയിലേക്കുമൊക്കെ കൂടുതൽപേരെ ആകർഷിക്കുന്നത്. ഇരുകേന്ദ്രങ്ങളിലും നടക്കുന്നത് മനുഷ്യത്വത്തിലേക്കുള്ള തീർത്ഥാടനമാണ്.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ.മുരളീധരൻ എം.പി, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,​ ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ,​ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ,​ കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ.ഇന്ദ്രബാബു,​ കൗൺസിലർ ചെമ്പഴന്തി ഉദയൻ,​ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവിനെ വാഴ്ത്തുമ്പോൾ

ചിലർക്ക് അസ്വസ്ഥത

കേരള ചരിത്രത്തിന്റെ പതാകവാഹകനായി ഗുരുവിനെ ഉയർത്തിക്കാട്ടുമ്പോൾ ചിലർക്ക് അസ്വസ്ഥതയുണ്ടാകുന്നു. ഗുരുവിന്റെ നിശ്ചലദൃശ്യങ്ങൾ ദേശീയ പരിപാടികളിൽ അവതരിപ്പിക്കുമ്പോൾ അവർക്ക് ഭയമുണ്ടാകുന്നുണ്ട്. അത്തരക്കാർ ചരിത്രത്തിൽ അപ്രസക്തരായിപ്പോകുമെന്ന് മറ്റാരെക്കാളും അറിയാവുന്ന ഒരാളായിരുന്നു ഗുരു. ജാതിമത വിദ്വേഷങ്ങൾ പടർത്തി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ അപ്രസക്തരായി മാറുമെന്നും മനുഷ്യത്വം പുലരുമെന്നും നമുക്ക് വിശ്വസിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.