SignIn
Kerala Kaumudi Online
Thursday, 25 April 2024 2.59 PM IST

ആവേശം പകർന്ന് ബേപ്പൂർ വള്ളംകളി: പാലിച്ചോൻ ബോട്ട്ക്ലബ് ജേതാക്കൾ

s
ജലമേള കാണാനെത്തിയവരുടെ തിരക്ക്

ഫറോക്ക്: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ചാലിയാറിൽ സംഘടിപ്പിച്ച ബേപ്പൂർ വള്ളംകളി ആവേശം പകർന്നു. ജലോത്സവത്തിൽ പാലിച്ചോൻ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. ആദ്യവസാനം ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫോട്ടോ ഫിനിഷിംഗി ലൂടെയാണ് പാലിച്ചോൻ ഒന്നാമതെത്തിയത്. എ.കെ.ജി പൊടിത്തുരുത്തി രണ്ടാംസ്ഥാനത്തെത്തി. വയൽക്കര ബോട്ട് ക്ലബിനാണ് മൂന്നാംസ്ഥാനം. 10 ചുരുളൻ വള്ളങ്ങളാണ് ജലമാമാങ്കത്തിൽ മത്സരിച്ചത്. ഒന്നും രണ്ടും ഹീറ്റ്സിൽ മൂന്നു വള്ളങ്ങൾ വീതവും മൂന്നാം ഹീറ്റ്സിൽ നാലു വള്ളങ്ങളും പങ്കെടുത്തു. ഹീറ്റ്സ് മത്സരങ്ങളിൽ വിജയിച്ച മൂന്നു വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

ചാലിയാറിൽ ഫറോക്ക് പുതിയ പാലം മുതൽ പഴയ പാലം വരെയായിരുന്നു മത്സരം. ചാലിയാറിന്റെ തീരങ്ങളിലും പഴയ പാലത്തിലും പുതിയ പാലത്തിലുമായി ആയിരക്കണക്കിനാളുകൾ ജലോത്സവം കാണാനെത്തിയിരുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി. ചടങ്ങിൽ ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനായി. ബേപ്പൂർ ഡവലപ്മെന്റ് മിഷൻ

ചെയർമാൻ എം ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളും വിവിധ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. ചാലിയാറിലൂടെ വാദ്യഘോഷയാത്ര, തിരുവാതിരകളി , ചെറുവള്ളങ്ങളുടെ പ്രദർശന മത്സരം എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി നടന്നു.

മനംനിറച്ച് സുധ രഘുനാഥും സംഘവും

കോഴിക്കോട്: സംഗീതത്തിന്റെ ഭാവ തീവ്രതയിൽ ആസ്വാദകമനം നിറച്ച് സുധ രഘുനാഥും സംഘവും. ജനകീയ കീർത്തനങ്ങൾ വശ്യമനോഹരമായി അവതരിപ്പിച്ച് നിറസദസിലെ സംഗീതാസ്വാദകരെ സംഘം ആനന്ദത്തിലാറാടിച്ചു. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് തളി ഓപ്പൺ സ്റ്റേജ് വേദിയിലാണ് കർണാടക ഗായികയും സംഗീത സംവിധായികയുമായ സുധ രഘുനാഥിന്റെ കച്ചേരി അരങ്ങേറിയത്. സംഗീത വേദിയിൽ തിരുവിഴ വിജു എസ്.ആനന്ദ് വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും ആദ്യച്ചനെല്ലൂർ അനിൽകുമാർ ഘടത്തിലും അകമ്പടിയൊരുക്കി.

നൃത്തവിസ്മയമൊരുക്കി ശ്രീകാന്തും അശ്വതിയും

കോഴിക്കോട്: ബീച്ചിനെ സാക്ഷിയാക്കി മനോഹര നൃത്തചുവടുകൾ തീർത്ത് നർത്തകരായ ശ്രീകാന്തും അശ്വതിയും. ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ബീച്ചിലെ പ്രധാന വേദിയിൽ ഇരുവരും ചേർന്ന് ചടുലമായ ചുവടുകൾ വച്ചത്. മൂന്ന് വ്യത്യസ്ത നൃത്തങ്ങളാണ് വേദിയിലെത്തിയത്.

കേരളത്തിന്റെ മുഴുവൻ സൗന്ദര്യവും സംസ്‌കാരവും ഒത്തുചേർന്ന എന്റെ കേരളം എന്ന ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് ശ്രീകാന്തും അശ്വതിയും സംഘവും വേദിയിലെത്തിയത്. ഇരുവരും ചേർന്ന് നടത്തുന്ന നൃത്താലയ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിലെ വിദ്യാർത്ഥികളും കൂടെ ചേർന്നതോടെ കാഴ്ചക്കാർക്കത് നൃത്തവിരുന്നായി.

കൃഷ്ണലീലകളിലെ കുസൃതിയും നൈർമല്യവും ഉൾക്കൊള്ളുന്ന നൃത്തവുമായി ഉമ ഭട്ടതിരിപ്പാട്, കാവ്യ ചന്ദ്രൻ, ഐശ്വര്യ സന്തോഷ്, ആരതി കൃഷ്ണ, ആഞ്ജലീന, ആർദ്ര, സാനിക ദീപക് എന്നിവർ വേദിയിലെത്തി. ശിവ പാർവതി ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്ന നൃത്തചുവടുകളും കാഴ്ചക്കാർക്ക് മികച്ച അനുഭവമായി.

പൊലിപ്പിച്ച് കായികമേളയും

കോഴിക്കോട്: വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കായികമേള അരങ്ങേറി. മാനാഞ്ചിറ മൈതാനത്ത് അമ്പെയ്ത്ത്, ഏറോബിക്‌സ്, കസേരകളി എന്നിവ നടന്നു.

പുതിയതും പഴയതുമായ അമ്പെയ്ത്ത് കായികമേളയുടെ പുത്തൻ അനുഭവമായി. കാഴ്ചക്കാരെ ആവേശംകൊള്ളിച്ച് ഏറോബിക് ഡാൻസും അരങ്ങേറി. വയോജനങ്ങൾക്കായുള്ള കസേരകളി മേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് ഘട്ടമായാണ് കസേരകളി സംഘടിപ്പിച്ചത്. കസേരകളിയുടെ വിജയികൾക്ക് 2000,1000 എന്നിങ്ങനെ സമ്മാനത്തുകകൾ നൽകി. ജില്ലാ ഓണാഘോഷം കായികമേള കൺവീനർ പ്രമോദ് സമ്മാനദാനം നിർവഹിച്ചു. കായികമേളയുടെ ഭാഗമായി കരാട്ടെ, കളരിപ്പയറ്റ്, വുഷു, കൂട്ടയോട്ടം എന്നീ കായികയിനങ്ങൾ അരങ്ങേറിയിരുന്നു. കളരിപ്പയറ്റിനായി വാൾ നൽകിക്കൊണ്ടായിരുന്നു ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് കായികമേള കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.